തിരുവനന്തപുരം: അഭിനയത്തിലെ വിസ്മയകരമായ ഭാവാവിഷ്കാര മികവിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള 53ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം. വിൻസി അലോഷ്യസ് ആണ് മികച്ച നടി. ‘അറിയിപ്പ്’ എന്ന ചിത്രത്തിലൂടെ മഹേഷ് നാരായണൻ മികച്ച സംവിധായകനായി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം. ആറാം തവണയാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം മമ്മൂട്ടിയെ തേടിയെത്തുന്നത്. ജിതിന്‍ ഐസക് തോമസ് സംവിധാനം ചെയ്ത ‘രേഖ’ എന്ന ചിത്രത്തിലെ അഭിനയ മികവാണ് വിൻസിക്ക് ആദ്യ സംസ്ഥാന പുരസ്കാരത്തിന് വഴിതുറന്നത്.
മധ്യവർഗക്കാരായ മലയാളി ദമ്പതിമാർ ലോക്ഡൗൺ കാലത്ത് അനുഭവിക്കുന്ന അരക്ഷിതാവസ്ഥയും ജീവിത സംഘർഷങ്ങളും അതിവൈകാരികയിലേക്ക് വഴുതിപ്പോകാതെ അവിഷ്കരിച്ച സംവിധാന മികവിനാണ് മഹേഷ് നാരായണന് രണ്ടുലക്ഷവും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം. രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം ജിജോ ആന്‍റണി സംവിധാന ചെയ്ത്, ജെ. ഗോഡ്ജോ നിർമിച്ച ‘അടിത്തട്ട്’ നേടി. ‘നൻപകൽ നേരത്ത് മയക്കം’ ആണ് മികച്ച ചിത്രം. സംവിധായകനായ ലിജോക്കും ചിത്രത്തിന്‍റെ നിർമാതാവ് ജോർജ് സെബാസ്റ്റ്യനും രണ്ട് ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും പുരസ്കാരമായുണ്ട്. സെക്രട്ടേറിയറ്റിലെ പി.ആർ. ചേമ്പറിൽ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
‘ന്നാ, താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ കുഞ്ചോക്കോ ബോബനും ‘അപ്പൻ’ എന്ന ചിത്രത്തിലൂടെ അലൻസിയറും മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്കാരം സ്വന്തമാക്കി. സ്വഭാവ നടനായി പി.പി. കുഞ്ഞികൃഷ്ണനും (‘ന്നാ, താന്‍ കേസ് കൊട്’) സ്വഭാവ നടിയായി ദേവി വർമയും (സൗദി വെള്ളക്ക) തെരഞ്ഞെടുക്കപ്പെട്ടു. ജനപ്രീതിയും കലാമേന്മയുമുള്ള പുരസ്കാരമടക്കം എട്ട് അവാർഡുകളാണ് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ‘ന്നാ, താന്‍ കേസ് കൊട്’ വാരിക്കൂട്ടിയത്. എം. ജയചന്ദ്രനാണ് സംഗീത സംവിധായകൻ (പത്തൊമ്പതാം നൂറ്റാണ്ട്, ആയിഷ). വിഡ്ഢികളുടെ മാഷ് എന്ന ചിത്രത്തിലെ ‘തിരമാലയാണ് നീ’ എന്ന ഗാനത്തിലെ വരികൾക്ക് ഗാനരചയിതാവിനുള്ള പുരസ്കാരം റഫീഖ് അഹമ്മദ് സ്വന്തമാക്കി. പിന്നണി ഗായിക -മൃദുല വാര്യര്‍ (മയില്‍പ്പീലി ഇളകുന്നു കണ്ണാ-പത്തൊമ്പതാം നൂറ്റാണ്ട്), ഗായകന്‍ -കപില്‍ കപിലന്‍ (കനവേ..- പല്ലൊട്ടി 90'സ് കിഡ്സ്)
154 ചിത്രങ്ങളാണ് ഇത്തവണ ജൂറി പരിഗണിച്ചത്. 33 ദിവസത്തെ സ്ക്രീനിങ്ങിലൂടെ 49 സിനിമകളാണ് അന്തിമപട്ടികയിലെത്തിയത്. ഇതിൽ 19 സിനിമകൾ നവ സംവിധായകരുടേതായിരുന്നെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ജൂറി അധ്യക്ഷന്‍ ഗൗതം ഘോഷ്, സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, വൈസ് ചെയർമാൻ പ്രേംകുമാർ, സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്‍റണി, ജൂറി അംഗങ്ങളായ നേമം പുഷ്പരാജ്, കെ.എം. മധുസൂദനൻ, അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
മികച്ച നടൻ: മമ്മൂട്ടി (നൻപകൽ നേരത്ത് മയക്കം)
നടി: വിൻസി അലോഷ്യസ് (രേഖ)
മികച്ച ചിത്രം: നൻപകൽ നേരത്ത് മയക്കം
മികച്ച സംവിധായകൻ: മഹേഷ് നാരായണൻ (അറിയിപ്പ്)
പ്രത്യക ജൂറി പരാമർശം (നടൻ): കുഞ്ചാക്കോ ബോബൻ (ന്നാ താൻ കേസ് കൊട്), അലൻസിയർ (അപ്പൻ)
മികച്ച സ്വഭാവ നടൻ: പി.പി കുഞ്ഞികൃഷ്ണൻ (ന്നാ താൻ കേസ് കൊട്)
സ്വഭാവ നടി: ദേവി വർമ (സൗദി വെള്ളക്ക)
രണ്ടാമത്തെ ചിത്രം: അടിത്തട്ട് (ജിജോ ആന്റണി)
പ്രത്യേക ജൂറി പരാമര്‍ശം (സംവിധാനം): വിശ്വജിത്ത് എസ്. (ഇടവരമ്പ്), രാരീഷ് (വേട്ടപ്പട്ടികളും ഓട്ടക്കാരും)
കുട്ടികളുടെ ചിത്രം -പല്ലൊട്ടി 90സ് കിഡ്‌സ്
നവാഗത സംവിധായകന്‍ -ഷാഹി കബീര്‍ (ഇലവീഴാ പൂഞ്ചിറ)
ജനപ്രിയ ചിത്രം- ന്നാ താന്‍ കേസ് കൊട്
നൃത്തസംവിധാനം- ശോഭിപോള്‍ രാജ് (തല്ലുമാല)
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ്- പൗളി വില്‍സണ്‍ (സൗദി വെള്ളക്ക)
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍)- ഷോബി തിലകന്‍ (പത്തൊമ്പതാം നൂറ്റാണ്ട്)
മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ്- റോണക്‌സ് സേവ്യര്‍ (ഭീഷ്മ പര്‍വ്വം)
ട്രാന്‍സ്ജെന്‍ഡര്‍/വനിതാ വിഭാഗത്തിലെ പ്രത്യേക അവാര്‍ഡ്: ശ്രുതി ശരണ്യം (ബി 32 മുതല്‍ 44 വരെ).
മികച്ച പിന്നണി ഗായിക - മൃദുല വാര്യർ (മയിൽപ്പീലി ഇളകുന്നു കണ്ണാ...ചിത്രം: പത്തൊമ്പതാം നൂറ്റാണ്ട്)
മികച്ച പിന്നണി ഗായകൻ- കപിൽ കബിലൽ (കനവേ മിഴിയിലുണരെ... ചിത്രം- പല്ലൊട്ടി 90സ് കിഡ്സ്)
മികച്ച സംഗീത സംവിധായകൻ -എം. ജയ ചന്ദ്രൻ (അയിഷ, പത്തൊമ്പതാം നൂറ്റാണ്ട്)
ഗാനരചന: റഫീഖ് അഹമ്മദ് (തിരമാലയാണു നീ...ചിത്രം- വിഡ്ഡികളുടെ മാഷ്)
പശ്ചാത്തല സംഗീതം: ഡോൺ വിൻസന്റ് (ന്നാ താൻ കേസ് കൊട്)
ബാലതാരം (പെൺ): തന്മയ (വഴക്ക്)
ബാലതാരം (ആൺ): മാസ്റ്റർ ഡാവിഞ്ചി
ഛായാഗ്രഹണം: മനേഷ് നാരായണൻ, ചന്ദ്രു ശെൽവരാജ്
ചിത്ര സംയോജനം: നിഷാദ് യൂസഫ് (തല്ലുമാല)
കലാ സംവിധാനം: ജ്യോതിഷ് ശങ്കർ (ന്നാ താൻ കേസ് കൊട്)
സിങ്ക് സൗണ്ട്: പി.വി വൈശാഖ് (അറിയിപ്പ്)
ശബ്ദ മിശ്രണം: വിപിൻ നായർ (ന്നാ താൻ കേസ് കൊട്)
മികച്ച ചലച്ചിത്ര ഗ്രന്ഥം: സിനിമയുടെ ഭാവന ദേശങ്ങൾ (സി.എസ് വെങ്കിടേശ്വരൻ)
ചലച്ചിത്ര ലേഖനം: പുനഃസ്ഥാപനം എന്ന നവേന്ദ്രജാലം (സാബു പ്രവദാസ്)
ഇത്തവണ 154 ചിത്രങ്ങളാണ് മത്സരിക്കാനുണ്ടായിരുന്നത്. സിനിമകളുടെ എണ്ണം കൂടിയതോടെ മത്സരവും കടുത്തിരുന്നു. സിനിമകളുടെ എണ്ണം കൂടുതലായതിനാൽ ഇത്തവണയും ത്രിതല ജൂറിയുടെ വിധി നിർണയമായിരുന്നു. ബംഗാളി സംവിധായകനും തിരക്കഥാകൃത്തും നടനുമായ ഗൗതംഘോഷിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് വിധി നിർണയിച്ചത്.
മികച്ച നടൻ, നടി, സിനിമ അടക്കമുള്ള വിഭാഗങ്ങളിൽ കടുത്ത മത്സരമാണ് നടന്നത്. മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ടൊവിനോ തോമസ് എന്നിവരൊക്കെ മത്സരത്തിന്‍റെ മുന്‍ നിരയില്‍ ഉണ്ടായിരുന്നു. ദർശന രാജേന്ദ്രൻ, ദിവ്യ പ്രഭ, ബിന്ദു പണിക്കർ, പൗളി വത്സന്‍, വിൻസി എന്നിവർ മികച്ച നടിക്കുള്ള പുരസ്കാരത്തിനായി മത്സരിച്ചു. മികച്ച സിനിമക്കായുള്ള മത്സരത്തിൽ നൻപകൽ നേരത്ത് മയക്കം, അപ്പൻ, ഇലവീഴാപൂഞ്ചിറ, സൗദി വെള്ളക്ക, ഏകൻ അനേകൻ, അടിത്തട്ട്, ബി 32 മുതൽ 44 വരെ തുടങ്ങിയവ അവസാന റൗണ്ടിൽ എത്തിയിരുന്നു.
ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കാനിരുന്ന പുരസ്‌കാര പ്രഖ്യാപനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തിന്റെ ഭാഗമായുള്ള ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.