വരുംതലമുറക്കും പാഠപുസ്തമായ പ്രിയപ്പെട്ട ഗുരുനാഥന്റെ വിയോഗം ഇന്ത്യൻ സിനിമക്ക് തന്നെ തീരാനഷ്ടമാണ്. പുതുതലമുറയിലെ സംവിധായകർ വരെ ആരാധിക്കുന്ന പ്രിയ ഗുരുനാഥൻ കെ.ജി ജോർജിന്റെ വിയോഗം ഇന്ത്യൻ സിനിമക്ക് തന്നെ തീരാനഷ്ടം- കെ.ബി. ഗണേഷ് കുമാർനൊപ്പം സിനിമ കരിയർ തുടങ്ങാൻ കഴിഞ്ഞത് തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം.
1982-83 കാലഘട്ടത്തിൽ തിരുവനന്തപുരത്ത് ഞാൻ ആർട്സ് കോളജിൽ പഠിക്കുമ്പോൾ സമീപത്തുള്ള സിനിമ നിർമാതാവ് ഗാന്ധിമതി ബാലന്റെ ഓഫിസിൽ പോകുമായിരുന്നു. അവിടെ വെച്ചാണ് കെ.ജി. ജോർജ് സാറിനെ പരിചയപ്പെട്ടത്. പിന്നീട് നടൻ സുകുമാരനും ഭാര്യ മല്ലികയും മൊപ്പം ചേർന്ന് ‘ഇരകൾ’ ഒരുക്കാനുള്ള ചർച്ചക്കിടെ നായകനാക്കാൻ പറ്റിയ പയ്യനെ നിർമാതാവ് ബാലന്റെ ഓഫിസിൽ കണ്ടതിനെ കുറിച്ച് അദ്ദേഹം പറഞ്ഞു.
സുകുമാരൻ ഗാന്ധിമതി ബാലനോട് തിരക്കിയപ്പോഴാണ് മന്ത്രി ബാലകൃഷ്ണ പിള്ളയുടെ മകനാണെന്നറിഞ്ഞത്. സുകുവേട്ടനും മല്ലിക ചേച്ചിയും ബാലൻ ചേട്ടനും അച്ഛനെ നിർബന്ധിച്ച് സമ്മതിപ്പിച്ചതോടെയാണ് ഞാൻ സിനിമയിലേക്കെത്തിയത്. വളരെ സ്നേഹത്തോടെയാണ് ജോർജ് സാർ പെരുമാറിയത്. പുതിയ ഒരു അഭിനേതാവ്, അത് ഒരു ചെറിയവേഷം ചെയ്യാൻ വരുന്നയാളായാലും വളരെ ക്ഷമയോടെയാണ് കാര്യങ്ങൾ പറഞ്ഞുകൊടുത്ത് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.
കാമറക്ക് മുന്നിൽ വേണ്ടതെന്താണെന്ന് രസകരമായി അദ്ദേഹം പറഞ്ഞുതരും. അത് കേട്ട്നിൽക്കുമ്പോൾ നമ്മൾ അറിയാതെ അഭിനയിച്ചുപോകും. അന്ന് വരെ നാടകത്തിലോ സ്റ്റേജിലൊന്നും കയറിയിട്ടില്ലാത്ത ഞാൻ അങ്ങനെയാണ് നടനായി മാറിയത്. തിരുവനന്തപുരത്ത് വെച്ച് കഥയുടെ സൂചന മാത്രമാണ് എനിക്ക് തന്നത്. അഭിനയിക്കാൻ മുണ്ടക്കയത്ത് എത്തിയപ്പോഴാണ് കഥ പൂർണമായും പറഞ്ഞുതന്നത്.
വലിയ വ്യക്തിത്വത്തിനുടമയായിരുന്ന അദ്ദേഹത്തിന്റെ സിനിമകളും വ്യത്യസ്തങ്ങളായിരുന്നു. ഇന്നും പൊളിറ്റിക്കൽ സറ്റയർ എന്ന് മലയാളികൾ മുന്നോട്ടുവെക്കുന്ന രണ്ടേരണ്ട് മലയാള സിനിമകളിലൊന്നാണ് പഞ്ചവടിപ്പാലം. യവനിക അന്നത്തെ നാടകങ്ങൾക്ക് പിന്നിലെ യഥാർഥ ജീവിതചിത്രം ഇന്നത്തെ തലമുറക്കും മനോഹരമായി കാണിച്ചുതരുന്നു. സിനിമാക്കാരനായിരിക്കെ സിനിമക്കുള്ളിലെ കാപട്യങ്ങൾ അദ്ദേഹം തുറന്നുകാട്ടിയതാണ് ‘ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്’. . ഇപ്പോഴും കേരളത്തിൽ പ്രസക്തമായ വിഷയമാണ് ‘ഇരകൾ’ പറഞ്ഞത്. സിനിമയിലെത്താൻ ആഗ്രഹിക്കുന്നവർ കെ.ജി. ജോർജിന്റെ തിരക്കഥകൾ എല്ലാം പഠിക്കേണ്ടതുണ്ട്. വ്യക്തിപരമായി എനിക്ക് വലിയ നഷ്ടമാണ് ഈ വിയോഗം.
(തയ്യാറാക്കിയത്: ബീന അനിത)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.