ന്യൂഡൽഹി: തിയറ്ററുകളിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഒ.ടി.ടിയിലൂടെ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘ലാപതാ ലേഡീസ്’ എന്ന ചിത്രം ഒാസ്‌കറിലേക്ക്. 97-ാമത് ഒാസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയാണ് കിരൺ റാവു സംവിധാനവും നടൻ ആമിർ ഖാൻ നിർമാണവും നിർവഹിച്ച ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. മികച്ച വിദേശ സിനിമ വിഭാഗത്തിലാണ് ചിത്രം പരിഗണിക്കുക.
ബിപ്ലബ് ഗോസ്വാമിയുടെ നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രം 2024 മാർച്ച് ഒന്നിനാണ് പ്രദർശനം ആരംഭിച്ചത്. പുതുമുഖങ്ങളായ പ്രതിഭ രത്ന, സ്പർഷ് ശ്രീവാസ്തവ്, നിതാൻഷി ഗോയൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഏപ്രിൽ 26ന് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചു.
ഉത്തരേന്ത്യൻ ഗ്രാമീണ പശ്ചാത്തലത്തിൽ കൃഷിയും സംസ്കാരവും വിദ്യാഭ്യാസവും സ്ത്രീ അവകാശങ്ങളും ചർച്ച ചെയ്യുന്ന മികച്ച നിലവാരം പുലർത്തുന്ന ഒരു കൊച്ചു ചിത്രമാണിത്. കല്യാണം കഴിഞ്ഞ് ബന്ധുക്കൾ മടങ്ങിയ ശേഷം രണ്ട്- മൂന്ന് ദിവസം വധുഗൃഹത്തിൽ താമസിച്ച ശേഷമാണ് നവവരനായ നായകൻ ഗ്രാമത്തിലെ സ്വന്തം വീട്ടിലേക്ക് മടങ്ങുന്നത്.
തന്റെ റെയിൽവേ സ്റ്റേഷൻ എത്തിയപ്പോൾ അർധരാത്രി വധുവിന്റെ കൈപിടിച്ച് അയാൾ ഇറങ്ങുന്നു. വീട്ടിലെത്തി വധുവിന്റെ മൂടുപടം ഉയർത്തിയപ്പോഴാണ് അയാളാ ഞെട്ടിക്കുന്ന സത്യം തിരിച്ചറിയുന്നത്. തന്റെ ഭാര്യ മാറിപ്പോയിരിക്കുന്നു. ഇതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ചിരിക്കാനും അതിലേറെ ചിന്തിക്കാനും ഏറെയുണ്ട് ചിത്രത്തിൽ.
‘ലാപത ലേഡീസി’ന്‍റെ പ്രത്യേക പ്രദർശനം സുപ്രീംകോടതിയിൽ നടന്നിരുന്നു. സുപ്രീംകോടതിയിലെ ജഡ്ജിമാർക്കും അവരുടെ കുടംബാംഗങ്ങൾക്കും മറ്റ് കോടതി ഉദ്യാഗസ്ഥർക്കും വേണ്ടിയാണ് പ്രത്യേക പ്രദർശനം സംഘടിപ്പിച്ചത്.
തിയറ്റർ റിലീസിന് മുമ്പ് 2023ൽ ടൊറന്‍റോ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (TIFF) പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ‘ധോബി ഘട്ടി’ന് ശേഷം കിരൺ റാവു സംവിധാനം ചെയ്ത ചിത്രമാണ് ‘ലാപതാ ലേഡീസ്’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.