ഏറ്റവും മനോഹരമായ രംഗം! ഇതിലും മികച്ചതായി ചിത്രീകരിക്കാനാവില്ല; 'കാതലി'നെ പ്രശംസിച്ച് കെ.എസ് ശബരീനാഥൻ

മ്മൂട്ടി,ജ്യോതിക എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതൽ. ഇന്ത്യക്ക് പുറത്ത് നിന്നും മികച്ച അഭിപ്രായമാണ് കാതലിന് ലഭിക്കുന്നത്. തിയറ്ററിൽ മികച്ച അഭിപ്രായം നേടിയ കാതൽ ഒ.ടി.ടിയിൽ എത്തിയിട്ടുണ്ട്. ആമസോൺ പ്രൈമിലാണ് സ്ട്രീം ചെയ്യുന്നത്.

ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് ശബരീനാഥ് രംഗത്തെത്തിയിരിക്കുകയാണ്. കുടുംബകോടതിയിലെ രംഗമാണ് ചിത്രത്തിൽ ഏറ്റവും മനോഹരമായ രംഗമായി തോന്നിയതെന്നും തണുത്തുവിറങ്ങലിച്ച അവരുടെ ദാമ്പത്യത്തിലെ പരസ്പരമുള്ള ബഹുമാനവും കരുതലും ഇതിലും മികച്ചതായി ചിത്രീകരിക്കുവാൻ കഴിയില്ലെന്നും ശബരീനാഥ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

'ജിയോ ബേബിയുടെ കാതൽ എന്ന ചിത്രത്തിലെ ഏറ്റവും മനോഹരമായ രംഗമായി എനിക്ക് തോന്നിയത് കുടുംബകോടതിയിലെ ഒരു സീൻ ആണ്. ഡിവോഴ്സ് കേസ് നടക്കുന്ന സമയം മാത്യുവും (മമ്മൂട്ടി) ഭാര്യ ഓമനയും (ജ്യോതിക) അടുത്തടുത്ത് നിൽക്കുകയാണ്. ഓമനയെ വിസ്തരിക്കാൻ വിളിക്കുമ്പോൾ അവർ ഹാൻഡ്ബാഗ് ഏൽപ്പിക്കുന്നത് മാത്യുവിനാണ്. വിസ്താരം കഴിയുമ്പോൾ മാത്യു ബാഗ് ഓമനയെ ഏൽപ്പിക്കുന്നു. തണുത്തുവിറങ്ങലിച്ച അവരുടെ ദാമ്പത്യത്തിലും അവർക്ക് പരസ്പരമുള്ള ബഹുമാനവും കരുതലും ഇതിലും നല്ലതായി ചിത്രീകരിക്കുവാൻ കഴിയില്ല. ചിത്രത്തിന്റെ അടിത്തറതന്നെ ദാമ്പത്യത്തിലെയും കുടുംബത്തിലെയും സമൂഹത്തിലെയും ഈ പരസ്പരബഹുമാനമാണ്, dignity ആണ്. അത് മാത്യുവും ഓമനയും ചാച്ചനും തങ്കനും മകളും വക്കിലും എല്ലാവരും പരസ്പരം പ്രകടിപ്പിക്കുന്നുണ്ട്. അതിശയോക്തിയില്ലാത്ത, ആർദ്രതയുള്ള ജിയോ ബേബിയുടെ ഈ കാതലിന് മഴവിൽ അഴകാണ്.

പിന്നെ മമ്മൂക്ക- ആത്മവിശ്വാസകുറവുള്ള മമ്മൂട്ടി കഥാപാത്രങ്ങൾ എനിക്ക് എന്നും ഒരു വിസ്മയയാണ് - തനിയാവർത്തനവും ഭൂതക്കണ്ണാടിയും ഉണ്ടയും ഇപ്പോൾ കാതലും. മറ്റുള്ള നടീനടന്മാരും സാങ്കേതിക രംഗത്തുള്ളവരും എല്ലാവരും മനോഹരം. ഒരുപാട് സ്നേഹം'.- ശബരീനാഥ് കുറിച്ചു.

നവംബർ 23 ന് തിയറ്ററുകളിലെത്തിയ കാതൽ മമ്മൂട്ടി കമ്പനിയാണ് നിർമിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷമാണ് ജ്യോതിക ഒരു മലയാള ചിത്രത്തിന്റെ ഭാഗമാകുന്നത്. ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്നാണ് കാതലിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Tags:    
News Summary - K.S Sabarinath Appreciate Mammootty Movie Kaathal – The Core

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.