കോഴിക്കോട്: രാജ്യാന്തര ചലച്ചിത്രമേള നാല് ജില്ലകളിൽ സംഘടിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ കെ.എസ്. ശബരിനാഥൻ എം.എൽ.എ. ഒരു തീർഥാടനം പോലെ ഡിസംബർ മാസത്തിൽ തിരുവനന്തപുരത്തേക്ക് വരുന്ന സിനിമാസ്വാദകാർക്ക് ഈ നഗരം ഒരു വികാരമാണ്. ഭാവിയിൽ ഐ.എഫ്.എഫ്.കെ അപ്രസക്തമാക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മുന്നോട്ടു പോകാൻ സർക്കാർ തീരുമാനം ഇടയാക്കും. സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും കെ.എസ്. ശബരിനാഥൻ ഫേസ്ബുക്കിൽ കുറിച്ചു.
ലോകത്തിലെ ഏറ്റവും വിഖ്യാതമായിട്ടുള്ള ഫിലിം ഫെസ്റ്റിവലുകളായി അറിയപ്പെടുന്നത് ബെർലിൻ ഫിലിം ഫെസ്റ്റിവൽ, വെനീസ് ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പിന്നെ കാൻസ് ഫിലിം ഫെസ്റ്റിവലാണ്. ഈ ഫെസ്റ്റിവലുകളുടെ ഐഡന്‍റിറ്റി ഈ മൂന്നു നഗരങ്ങളാണ്. മേളകളിലൂടെ ലക്ഷകണക്കിന് സിനിമാസ്വാദകർക്ക് ഈ നഗരങ്ങൾ സുപരിചിതമാണ്. 1996ൽ തുടങ്ങിയ ഐ.എഫ്.എഫ്.കെയിലൂടെ തിരുവനന്തപുരത്തിന് ലോക സിനിമാ ഭൂപടത്തിൽ ഒരു പ്രഥമസ്‌ഥാനമുണ്ട്. തിരുവനന്തപുരത്തെ മികച്ച തിയേറ്ററുകളും മികച്ച അടിസ്ഥാന സൗകര്യങ്ങളുമാണ് ഐ.എഫ്.എഫ്.കെയുടെ വിജയത്തിന്‍റെ പ്രധാന അടിത്തറ.
ഒരു തീർഥാടനം പോലെ ഡിസംബർ മാസത്തിൽ തിരുവനന്തപുരത്തേക്ക് വരുന്ന സിനിമാസ്വാദകാർക്ക് ഈ നഗരം ഒരു വികാരമാണ്. ഇതിനു സമാനമാണ് കൊച്ചി ബിനാലെക്ക് വരുന്നവർക്കുള്ള കൊച്ചിയുമായിട്ടുള്ള ആത്മബന്ധം. സർക്കാർ ഈ വർഷം മുതൽ ഐ.എഫ്.എഫ്.കെ പൂർണമായി തിരുവനന്തപുരത്ത് നടത്താതെ പകരം നാല് ജില്ലകളിൽ ഭാഗികമായി നടത്തുന്നത് നിർഭാഗ്യകരമാണ്.
25 വർഷമായി അന്താരാഷ്ട്ര ചലച്ചിത്ര രംഗത്ത് നമ്മൾ വളർത്തിയെടുത്ത "തിരുവനന്തപുരം" എന്ന ബ്രാൻഡിനെ ഈ തീരുമാനം തകർക്കും. ഭാവിയിൽ ഐ.എഫ്.എഫ്.കെ അപ്രസക്തമാക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മുന്നോട്ടു പോകും. സർക്കാർ ഈ തീരുമാനം പുനഃപരിശോധിക്കണം എന്ന് അഭ്യർഥിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.