കൊയിലാണ്ടി: കെ.ജി. ജോർജ് വിടവാങ്ങുമ്പോൾ പതിറ്റാണ്ടുമുമ്പ് സമ്മാനിച്ച സായാഹ്നത്തിന്റെ ഓർമയിലാണ് ഇവിടത്തെ സിനിമ ആസ്വാദകലോകം. 2014 മാർച്ച് ഏഴിനായിരുന്നു പ്രശസ്ത ചലച്ചിത്രകാരൻ കെ.ജി. ജോർജിനെ അവർക്കുകിട്ടിയത്. ആദി ഫൗണ്ടേഷന്റെ മലബാർ മൂവി ഫെസ്റ്റിൽ പുരസ്കാരം സ്വീകരിക്കാനെത്തിയതായിരുന്നു അദ്ദേഹം. മലയാളസിനിമക്ക് മറ്റൊരുമുഖം സമ്മാനിച്ച കെ.ജി. ജോർജുമായി സംവദിക്കുക ലക്ഷ്യവുമായി നിരവധി പേരെത്തി.
എല്ലാവരുമായും അദ്ദേഹം അഭിപ്രായങ്ങൾ പങ്കിട്ടു. സ്വപ്നാടനം മുതൽ ഇലവങ്കോട്ദേശം വരെയുള്ള സിനിമകൾ ചർച്ച ചെയ്യപ്പെട്ടു. യവനിക, ഉൾക്കടൽ, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, ആദാമിന്റെ വാരിയെല്ല് എന്നീ വൈവിധ്യചിത്രങ്ങളാൽ ആകർഷിക്കപ്പെട്ട് വന്നെത്തിയ തലമുറക്കുമുന്നിൽ അദ്ദേഹം മനസ്സ് തുറന്നു.
കലയും വാണിജ്യവും ഇഴചേർക്കുന്ന വൈഭവം തിരശ്ശീലയിലെന്നപോലെ തെളിഞ്ഞു. മലയാളസിനിമയിൽ തുടങ്ങി ലോക ക്ലാസിക്കുവരെ അതുചെന്നെത്തി. മറ്റൊരു ഇതിവൃത്തത്തിൽ സാക്ഷാത്കാരം നടത്തിയ ചലച്ചിത്രമായി സംവാദകർക്കു മുന്നിൽ അദ്ദേഹത്തിന്റെ വാമൊഴികൾ മാറി. സിനിമ - കല - സാഹിത്യ മേഖലയിൽനിന്നുള്ള ജോൺ പോൾ, ജോയ് മാത്യു, ചെലവൂർ വേണു, ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, എസ്. രാജേന്ദ്രൻ നായർ, സി.എസ്. വെങ്കിടേശ്വർ, കൽപറ്റ നാരായണൻ, കെ. ദാസൻ എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ കെ. ശാന്ത എന്നിവർ പുരസ്കാരദാന പരിപാടിയിൽ സംബന്ധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.