കോഴിക്കോട്: അന്താരാഷ്ട്ര വനിത ചലച്ചിത്ര മേളയില്‍ യുവ സംവിധായികയുടെ പ്രതിഷേധം. മേളയുടെ ഉദ്ഘാടന ചടങ്ങ് വേദിയിൽ മന്ത്രി മുഹമ്മദ് റിയാസിന്‍റെ കസേരയിൽ കയറിയിരുന്നായിരുന്നു സംവിധായിക കുഞ്ഞില മാസ്സിലാമണിയുടെ പ്രതിഷേധം. ചടങ്ങ് തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പ് വേദിയിൽ കയറി സംസാരിച്ചുതുടങ്ങിയ കുഞ്ഞില മന്ത്രി പി.എ. മുഹമ്മദ് റിയാസിനായി നീക്കിവെച്ച കസേരയിൽ ഇരിക്കുകയായിരുന്നു.
കെ.കെ. രമക്കെതിരായ സി.പി.എം വിമർശനത്തിൽ പ്രതിഷേധിച്ചായിരുന്നു കുഞ്ഞില മാസ്സിലാമണി ആദ്യം മുദ്രാവാക്യം വിളിച്ചത്. പിന്നീട് ചലച്ചിത്ര മേളയിൽ തന്‍റെ സിനിമ ഉൾപ്പെടുത്താത്തതിനെതിരെയും സംസാരിച്ചു. ഉടൻ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി.
നേരത്തെ കുഞ്ഞിലയുടെ 'അസംഘടിതര്‍' എന്ന സിനിമ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വസ്ത്ര വ്യാപാര സ്ഥാപനങ്ങളില്‍ മൂത്രപ്പുര അനുവദിക്കുന്നതിന് അസംഘടിതരായ സ്ത്രീജീവനക്കാർ നടത്തിയ സമരമാണ് ചിത്രത്തിനാധാരം.
'ഫ്രീഡം ഫൈറ്റ്' എന്ന ആന്തോളജി സിനിമയിലെ അഞ്ചു സിനിമകളിലൊന്നാണ് 'അസംഘടിതര്‍'. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനോട് വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും എന്നാല്‍, മറുപടി ലഭിച്ചില്ലെന്നും സംവിധായിക പറഞ്ഞിരുന്നു.
കോഴിക്കോട്: പ്രതിഷേധം നടത്തിയ പെൺകുട്ടിയോട് വിരോധമില്ലെന്ന് ഉദ്ഘാടന ചടങ്ങിന്‍റെ ആമുഖ പ്രഭാഷണത്തിൽ രഞ്ജിത് വ്യക്തമാക്കി. ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്ന സിനിമകളിൽ ഒരെണ്ണം പോലും ഒ.ടി.ടി വഴിയോ തിയറ്റർ വഴിയോ പുറത്തുവന്നവയല്ല. ഒരു ആന്തോളജി സിനിമയിൽനിന്ന് ഒരെണ്ണം മാത്രം അടർത്തി പ്രദർശിപ്പിക്കുകയെന്നത് പ്രായോഗികമല്ലെന്നും രഞ്ജിത് പറഞ്ഞു.
ഇതൊന്നും ഭൂഷണമല്ലെന്നു പറഞ്ഞ രഞ്ജിത്, പെൺകുട്ടിയെ മാന്യമായാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതെന്ന് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.