ഫെയർനസ്‌ ക്രീമിന്റെ പരസ്യത്തിൽ അഭിനയിച്ചില്ല; വെളുപ്പിന് ഭംഗിയുണ്ടെങ്കിൽ കറുത്ത നിറത്തിനും ഭംഗിയുണ്ട്-ലക്ഷ്‌മി ഗോപാലസ്വാമി

കോടികൾ ഓഫർ ചെയ്‌തിട്ടും ഫെയർനസ്‌ ക്രീമിന്റെ പരസ്യത്തിൽ അഭിനയിക്കില്ലെന്ന തെന്നിന്ത്യൻ താരം സായ്‌ പല്ലവിയുടെ നിലപാടിന്‌ മികച്ച കൈയടിയാണ്‌ ആരാധകരിൽ നിന്ന്‌ ലഭിച്ചത്‌. പല വിഷയങ്ങളിലും തന്റേതായ നിലപാടുകൾ വ്യക്‌തമാക്കിയിട്ടുണ്ട്‌ സായ്‌ പല്ലവി. എന്നാൽ, അതിനും മുൻപ്‌ അത്തരമൊരു നിലപാടെടുത്ത മറ്റൊരു നടി കൂടിയുണ്ട്‌. ലക്ഷ്‌മി ഗോപാലസ്വാമി. താരം കോളജിൽ പഠിക്കുന്ന സമയത്ത് ഫെയർ നെസ് ക്രീമിന്റെ പരസ്യത്തിലേക്ക് ക്ഷണം വന്നെങ്കിലും അത്‌ സ്വീകരിക്കാൻ തയാറായില്ല. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ്‌ താരം ഇക്കാര്യം വ്യക്‌തമാക്കിയത്‌.

'കോളജിൽ പഠിക്കുന്ന സമയത്ത്‌ ഫെയർനെസ് ക്രീമിന്റെ പരസ്യത്തിലേക്ക് ക്ഷണം വന്നു. പക്ഷെ ഞാൻ അത് സ്വീകരിക്കാൻ തയാറായില്ല. അത് തെറ്റായ സന്ദേശമാണ്‌ പൊതുജനങ്ങൾക്ക്‌ നൽകുന്നതെന്ന്‌ മനസിലായതുകൊണ്ടാണ് അത്തരം പരസ്യത്തിൽ അഭിനയിക്കണ്ട എന്ന്‌ തീരുമാനിച്ചത്‌. ഇത്തരം കാര്യങ്ങൾ സമൂഹത്തിൽ ഉള്ളതുകൊണ്ട് തന്നെ കുട്ടികൾക്ക് കോംപ്ലക്സ് വരുന്നുണ്ട്. മാത്രമല്ല കറുപ്പിന്‌ ഭംഗിയില്ലെന്ന്‌ ആരുപറഞ്ഞു? വെളുത്ത നിറം ഭം​ഗിയുള്ളതാണെങ്കിൽ കറുപ്പും ഭം​ഗിയുള്ളതാണെന്ന് ഞാൻ വിശ്വസിക്കുന്നു'.

നർത്തകി സത്യഭാമ വിഷയത്തിലും നടി പ്രതികരിച്ചു. 'കറുത്തവർ ഡാൻസ് ചെയ്യാൻ പാടില്ലെന്ന് പറയുന്നത് വളരെ റെഡിക്കുലസായ കാര്യമാണ്. പല ഹീറോസിനേയും നമ്മൾ ഇഷ്ടപ്പെടുന്നത് അവരുടെ സൗന്ദര്യംകൊണ്ടല്ല പകരം അഭിനയംകൊണ്ടാണ്.അതുപോലെ ചിലരെ കാണാൻ ഭയങ്കര ഭം​ഗിയുണ്ടാകും പക്ഷെ അവരുടെ നൃത്തം നമ്മുടെ ഹൃദയം തൊടുന്നതാവണമെന്നില്ല. അതുകൊണ്ട് ലുക്ക് എന്നതിന് ഒട്ടും പ്രാധാന്യം കൊടുക്കേണ്ടതില്ല. കഥകളി കളിക്കുന്നവരെ കാണുമ്പോൾ അവരുടെ നിറം നമുക്ക് മനസിലാകില്ലല്ലോ'- ലക്ഷ്മി ഗോപാലസ്വാമി അടുത്തിടെ നൽകിയൊരു  അഭിമുഖത്തിൽ പറഞ്ഞു.

Tags:    
News Summary - Actress Lakshmi Gopalaswamy Opence Up she Rejected Fairness Cream Ad in Collage Time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.