കൊച്ചി: മോഹൻലാൽ സംവിധായകനും നായകനുമായ ‘ബറോസ്’ സിനിമയുടെ അണിയറ പ്രവർത്തകർക്ക് പകർപ്പവകാശ ലംഘനത്തിന് വക്കീൽ നോട്ടീസ്. താനെഴുതിയ നോവൽ അനുമതിയില്ലാതെ സിനിമയാക്കിയതാണെന്ന് ആരോപിച്ച് ജർമനിയിൽ താമസിക്കുന്ന മലയാളി കഥാകൃത്ത് ടി.എ. ജോർജ് അഗസ്റ്റിൻ എന്ന ജോർജ് തുണ്ടിപ്പറമ്പിലാണ് അഡ്വ. വിസി ജോർജ് മുഖേന വക്കീൽ നോട്ടീസ് അയച്ചത്. മോഹൻലാൽ, തിരക്കഥാകൃത്ത് ജിജോ പുന്നൂസ്, സംവിധായകൻ ടി.കെ. രാജീവ് കുമാർ, നിർമാതാവ് ആന്‍റണി പെരുമ്പാവൂർ എന്നിവർക്കാണ് വക്കീൽ നോട്ടീസ്.
2008ൽ താനെഴുതി പുതുച്ചേരി ഗൗളി പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ‘മായ’ എന്ന നോവലാണ് സിനിമയാക്കുന്നതെന്നാണ് നോട്ടീസിലെ ആരോപണം. ഫോർട്ട്കൊച്ചിയിൽ പറഞ്ഞുകേൾക്കുന്ന കാപ്പിരി മുത്തപ്പൻ എന്ന ഐതിഹ്യ കഥാപാത്രവുമായി ബന്ധപ്പെട്ട കഥയായിരുന്നു. സുഹൃത്തായ അനിൽ ദയാനന്ദൻ ടി.കെ. രാജീവ് കുമാറിന് നൽകാനാണെന്ന പേരിൽ തന്നിൽ പക്കൽ നിന്ന് പുസ്തകം വാങ്ങിയിരുന്നു. ജിജോ പുന്നൂസ് എന്നയാൾക്ക് നൽകുമെന്ന് രാജീവ് കുമാർ അറിയിച്ചതായും പറഞ്ഞു. എന്നാൽ, പിന്നീട് വിവരമൊന്നും ലഭിച്ചില്ല.
ബറോസ് എന്ന പേരിൽ തയാറാവുന്ന സിനിമക്ക് തന്‍റെ നോവലിന്‍റെ ഉള്ളടക്കവുമായി സാമ്യമുണ്ടെന്നറിഞ്ഞ് പരിശോധിച്ചപ്പോൾ ജിജോയുടെ പേരിലുള്ള നോവലാണ് സിനിമയാക്കുന്നതെന്ന വിവരമാണ് വെബ്സൈറ്റിൽ നൽകിയിരിക്കുന്നത്. 2017ൽ എഴുതിയ കഥ പിന്നീട് തിരക്കഥയാക്കിയെന്നാണ് പറയുന്നത്. എന്നാൽ, സ്വന്തം നോവൽ ആണെന്ന് തെളിയിക്കാൻ ഓരോ അധ്യായവും ഓരോ പേജ് മാത്രമാക്കിയാണ് പുസ്തകം തയാറാക്കിയത്. നവോദയ സ്റ്റുഡിയോയാണ് പുസ്തകം പ്രകാശനം ചെയ്തിരിക്കുന്നത്. എന്നാൽ, ഇതിന്‍റെ പുസ്തക രൂപം എങ്ങും ലഭ്യമല്ല.
തന്‍റെ നോവലുമായി തിരക്കഥയിൽ കുറഞ്ഞത് പ്രധാനപ്പെട്ട 12 സമാനതകളുണ്ട്. ഈ സാഹചര്യത്തിൽ ‘ബറോസ്’ എന്ന പേരിൽ ചിത്രം പ്രദർശിപ്പിക്കുന്നതും പരസ്യം നൽകുന്നതും പ്രചരിപ്പിക്കുന്നതും നിർത്തിവെക്കണമെന്നാണ് ആവശ്യം. വിഷയം തീർപ്പാക്കിയില്ലെങ്കിൽ സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.