ഈശോ എന്ന സിനിമ വേദനിപ്പിക്കുന്നെങ്കിൽ കോടതിയിൽ പോകാം, ഞങ്ങളുമുണ്ടാകും കൂടെ- ജയസൂര്യ

കൊച്ചി: ഈശോ എന്നത് സിനിമയുടെയും തന്‍റെ കഥാപാത്രത്തിന്‍റെ പേര് മാത്രമാണെന്ന് നടന്‍ ജയസൂര്യ. നാദിർഷ സംവിധാനം ചെയ്യുന്ന സിനിമയുടെ പേരിനെതിരെ വിവാദം ഉയർന്ന സാഹചര്യത്തിൽ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്‍റെ വെളിപ്പെടുത്തൽ.

പേരില്‍ ആശയക്കുഴപ്പം ഉണ്ടാകരുതെന്ന് ഉദ്ദേശിച്ചുകൊണ്ടാണ് 'ഈശോ നോട്ട് ഫ്രം ബൈബിള്‍' എന്ന് കൊടുത്തതു പോലും. എന്നാല്‍ അതിനെയും തെറ്റിദ്ധരിച്ചതില്‍ ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. 'സിനിമയുടെ പേരും മറ്റും സംബന്ധിച്ച വിഷയങ്ങളില്‍ പുറത്തുനിന്നും നിയന്ത്രണങ്ങള്‍ വരുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഒന്നാണ്. ഞാന്‍ തന്നെ ഇതിന് മുമ്പ് 'പുണ്യാളന്‍' എന്ന സിനിമ ചെയ്തിട്ടുണ്ട്. അതിന് രണ്ട് ഭാഗങ്ങളും ഉണ്ടായിരുന്നു. അന്നൊന്നും ഒരു പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. ആരെയും വേദനിപ്പിക്കുന്നതിന് വേണ്ടിയല്ല നമ്മള്‍ സനിമ ചെയ്യുന്നത്. ഈശോ എന്ന സിനിമ മുന്നോട്ടുവെയ്ക്കുന്ന ഒരു സന്ദേശമുണ്ട്. ഇത് കണ്ടുകഴിയുമ്പോള്‍ തെറ്റിദ്ധരിക്കപ്പെട്ടവര്‍ പോലും സന്ദേശത്തെക്കുറിച്ച് ബോധവാന്മാരാകുമെന്നും ജയസൂര്യ പറഞ്ഞു.

സിനിമയ്ക്ക് 'ഈശോ' എന്ന് പേരിട്ടതുകൊണ്ട് അത് പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഇത്രയേറെ ആക്ഷേപങ്ങള്‍ നേരിടേണ്ടി വരുന്നതില്‍ ഏറെ വിഷമമുണ്ടെന്നും ജയസൂര്യ പറഞ്ഞു. സിനിമ പുറത്തിറങ്ങിയ ശേഷം അത് ആരെയെങ്കിലും വേദനിപ്പിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കോടതിയില്‍ വരെ പോകാം. അതിന് ഞങ്ങളും നിങ്ങള്‍ക്കൊപ്പം ഉണ്ടാകും. കലാകാരന്മാരുടെ കാണപ്പെട്ട ദൈവം പ്രേക്ഷകരാണ്. അതുകൊണ്ട് തന്നെ അവരെ വേദനിപ്പിക്കുന്ന ഒന്നും സിനിമാക്കാര്‍ക്ക് ചെയ്യാന്‍ കഴിയില്ല. അത് എല്ലാവരും മനസ്സിലാക്കേണ്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Let's go to court against the name Isow, we will be there too- Jayasurya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.