നാട് ഇത്രയും വലിയ ദുരന്തം നേരിടുമ്പോൾ റീല്‍ ഇട്ട് രസിക്കാൻ മനസാക്ഷിയില്ലാത്ത ആളല്ല ഞാന്‍; വിമർശകർക്ക് മറുപടിയുമായി ലിന്റു റോണി

റീൽ വിഡിയോക്ക് ലഭിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായി ലിന്റു റോണി. നാട് ഇത്രയും വലിയ ദുരന്തം നേരിടുമ്പോൾ റീല്‍ ഇട്ട് രസിക്കുന്ന മനസാക്ഷിയില്ലാത്ത ആളല്ല താനെന്നും ജോലിയുടെ ഭാഗമായിട്ടാണ് വിഡിയോ പങ്കുവെച്ചതെന്നും ലിന്റു പറഞ്ഞു.വയനാട്ടില്‍ സംഭവിച്ച ദുഃഖത്തിൽ വിഷമമുണ്ട്.2018 ലെ വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ടുപോയ ആളാണ് ഞാൻ. എല്ലാം നഷ്ടപ്പെട്ട് പത്തിരുപത്തിയൊന്ന് ദിവസം ഒരുപരിചയവുമില്ലാത്തൊരു വീട്ടിൽ കഴിഞ്ഞതാണ്. ആ സാഹചര്യവും വേദനയും വിഷമവുമൊക്കെ എനിക്ക് മനസിലാകും- ലിന്റു കൂട്ടിച്ചേർത്തു.

'ഞാന്‍ ഇപ്പോള്‍ യുകെയില്‍ സ്ഥിര താമസമാക്കിയിരിക്കുകയാണ്. ഇവിടെ നിന്ന് ഞാനെരു റീല്‍ പോസ്റ്റ് ചെയ്താല്‍ ഫോട്ടോ പങ്കുവച്ചാൽ, ഞാന്‍ മാത്രമല്ല ആര് ചെയ്താലും, ആദ്യം കുറേ ആളുകള്‍ മെസേജ് അയക്കുന്നത് 'നാണക്കേട് തോന്നുന്നു, നിങ്ങൾക്കൊരു മര്യാദ ഇല്ലേ'എന്നൊക്കെയാകും.വളരെ കഷ്ടപ്പെട്ടാണ് ഇവിടെയുള്ള ആളുകള്‍ വര്‍ക്ക് പ്രമോട്ട് ചെയ്യാനായി നമ്മളെ ബന്ധപ്പെടുന്നതും പൈസ തരുന്നതും. ഞാന്‍ ഇന്‍ഫ്ളുവന്‍സറാണ്. ഓരോരുത്തവര്‍ക്കും അവരവരുടേതായ ചുമതലയുണ്ട്.ഏറെ കഷ്ടപ്പെട്ടാണ് അവര്‍ ബിസിനസ് തുടരുന്നതും അത് പ്രമോട്ട് ചെയ്യാന്‍ ഞങ്ങളെ ബന്ധപ്പെടുന്നതും. ആ വിഡിയോയിൽ നിന്നും റീച്ച് കിട്ടിയിട്ടൊക്കെയാകും അവര്‍ക്കൊരു കച്ചവടം നടക്കുന്നത്.

വളരെയധികം വിഷമമുണ്ട്. വളരെയധികം വേദനയോടെയാണ് ഈ വിഡിയോ ഇടുന്നത്. നിങ്ങള്‍ ഈ റീൽസ് കണ്ട് ഇങ്ങനെ സ്‌ക്രോള്‍ ചെയ്ത് കമന്റിടുന്ന സമയം മതിയല്ലോ മുട്ടുകുത്തിയിരുന്ന് പ്രാർഥിക്കാന്‍. ഇവിടെ നിന്ന് അങ്ങോട്ടേക്ക് വരാൻ പറ്റില്ല.നമുക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യുക, പ്രാര്‍ഥിക്കുക, പറ്റുന്ന രീതിയിൽ സഹായിക്കുക ഇതുമാത്രമാണ് ചെയ്യാൻ കഴിയുന്നത്.

2018ല്‍ വെള്ളപ്പൊക്കത്തില്‍പെട്ടു പോയ ആളാണ് ഞാന്‍. എല്ലാം നഷ്ടപ്പെട്ട് തിരികെ യുകെയിലേക്ക് വരാന്‍ പറ്റുമോ എന്നു പോലും അറിയില്ലായിരുന്നു. പത്തിരുപത്തിയൊന്ന് ദിവസം ഒരു പരിചയവുമില്ലാത്തൊരു വീട്ടില്‍ കുടുങ്ങിപ്പോയ ആളാണ് ഞാന്‍. ആ സാഹചര്യവും വേദനയും എനിക്ക് മനസിലാകും. ഞാനൊരു അമ്മയാണ്. വളരെ കഷ്ടപ്പെട്ടാണ് എന്റെ ജോലി ചെയ്യുന്നത്. അതിനിടയിൽ കിട്ടുന്ന സമയത്താണ് അതൊന്ന് എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യാൻ പറ്റുന്നത്. ആ സമയത്ത് അവിടെ വന്ന് നിങ്ങളെപ്പോലുള്ള ആളുകൾ ഇങ്ങനെ മോശപ്പെട്ട കമന്റിടുന്നതിലൂടെ എന്താണ് കിട്ടുന്നത്?

കേരളത്തിന് പുറത്തെങ്കിലും സംഭവിച്ചാല്‍ കേരളത്തിലുള്ളവരാരും സോഷ്യൽ മീഡിയയിൽ ഒന്നും പോസ്റ്റ് ചെയ്യരുതെന്ന് പറയാറില്ലല്ലോ. നമ്മള്‍ ആ ദുഃഖത്തില്‍ പങ്കുചേരുന്നുണ്ട്. ഈ ഇന്‍സ്റ്റഗ്രാമില്‍ സ്‌ക്രോള്‍ ചെയ്ത്, കമന്റ് ചെയ്യുന്ന സമയത്ത് നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്തിരുന്നുവെങ്കില്‍ ഇങ്ങനെ കമന്റ് ചെയ്യില്ലായിരുന്നു. എല്ലാവരും ജോലി ചെയ്ത് ജീവിക്കുന്നവരാണ്. മീഡിയയിൽ ഉള്ള ആളുകൾ മാത്രമല്ല ജോലി ചെയ്യുന്നത്.

വയനാടിന് വേണ്ടി അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തുവെന്ന് പറഞ്ഞ് ലൈക്ക് കൂട്ടേണ്ട ആവശ്യം എനിക്കില്ല. പലതരം ജോലി ചെയ്യുന്ന ആളുകളുണ്ട്. അവരോടൊക്കെ ഇങ്ങനെ പറയാന്‍ നിങ്ങള്‍ക്ക് സമയമുണ്ടോ? സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നവരോട് മാത്രമേ നിങ്ങൾക്കു പറയുവാനുള്ളൂ. എല്ലാവരും ജോലി ചെയ്യുന്നത് അവരുടെ കുടുംബം പോറ്റാനാണ്.എന്റെ ജോലിയാണിത്. പറഞ്ഞ സമയത്ത് ആ റീൽ പോസ്റ്റ് ചെയ്യണം എന്നത് എന്റെ ചുമതലയാണ്. മനസാക്ഷിയില്ലാത്ത ആളല്ല ഞാന്‍. വയനാട്ടില്‍ സംഭവിച്ച ദുഃഖത്തിൽ എനിക്കും വിഷമമുണ്ട്. ആ അവസ്ഥ എനിക്കറിയാം. നിങ്ങളുടെ കമന്റുകള്‍ കാണുമ്പോള്‍ പുച്ഛമാണ് തോന്നുന്നത്. ഞാന്‍ പറഞ്ഞത് മനസിലാക്കാന്‍ സാധിക്കാത്തവര്‍ക്ക് എന്നെ ബ്ലോക്ക് ചെയ്യാം'–ലിന്റു റോണിയുടെ പറഞ്ഞു.

നാട്ടില്‍ ഇത്രയും വലിയ ദുരന്തം നടക്കുമ്പോള്‍ സോഷ്യൽ മീഡിയയിൽ റീൽസിട്ട് രസിക്കാൻ എങ്ങനെ കഴിയുന്നു വളരെ മോശമാണ് എന്നിങ്ങനെയായിരുന്നു ലിന്റുവിന്റെ വിഡിയോക്ക് ലഭിച്ചകമന്റുകൾ. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു നടിയുടെ പ്രതികരണം.


Tags:    
News Summary - Lintu Rony Gives Reply About critisisam about Her Posting Reel In Wayanad landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.