'എന്താണ് ക്രിക്കറ്റ് ഇത്രക്ക് ഇഷ്ടം? ഇഷ്ടമാണ്'; മനം കവർന്ന് 'ലബ്ബർ പന്ത്'

രണ്ട് പേർ തമ്മിലുള്ള ഈഗോ ക്ലാഷുകളെ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങൾക്ക് എന്നും പ്രേക്ഷകരുടെ പ്രീതി നേടിയെടുക്കാൻ സാധിക്കാറുണ്ട്. മലയാളത്തിലെ അയ്യപ്പനും കോശി, ഡ്രൈവിങ് ലൈസൻസ്, എന്നിവയെല്ലാം ഇതിന് മികച്ച ഉദാഹരണങ്ങളാണ്. തമിഴിൽ അത്തരത്തിലൊരു ചിത്രമാണ് നിലവിൽ ചർച്ചയായികൊണ്ടിരിക്കുന്നത്. തമിഴരശൻ ​​പച്ചമുത്തു രചനയും സംവിധാനവും നിർവഹിച്ച 'ലബ്ബർ പന്ത്' ആണ് ആ ചിത്രം.

തമിഴ്നാട്ടിൽ വമ്പൻ ഹിറ്റായ ചിത്രം ഒ.ടി.ടി.യിലെത്തിയപ്പോൾ കൂടുതൽ ശ്രദ്ധ നേടുകയാണ്. ഒരു സ്‌പോർട്‌സ് ഡ്രാമ ജോണ്രെയിലാണ്. ഹരീഷ് കല്യാൺ, ആട്ടക്കത്തി ദിനേഷ്, സ്വാസിക വിജയ്, സഞ്ജന കൃഷ്ണമൂർത്തി, പ്രദീപ് ദുരൈരാജ്, ജെൻസൻ ദിവാകർ, ഗീത കൈലാസം, ബാല ശരവണൻ, കാളി വെങ്കട്ട് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇഗോ ക്ലാഷുകൾ ഒരുപാട് നടക്കാൻ സാധ്യതയുള്ള മേഖലയാണ് സ്പോർട്സ്. അത്തരത്തിലുള്ള ഒരു ഈഗോ ക്ലാഷിനെ മികച്ച കഥാപരിസരവും അഭിനയവും ഹ്യൂമറുമെല്ലാം ചേരുമ്പോൾ ഒരു നല്ല ചലചിത്ര അനുഭവമായി ലബ്ബർ പന്ത് മാറുന്നുണ്ട്. ക്രിക്കറ്റിനെ ഹൃദയത്തോട് ചേർത്തുവെക്കുന്ന ഒരുപാട് ടൂർണമെന്‍റുകൾ അടിക്ക് അടി നടക്കുന്ന ഒരു ഗ്രാമത്തിലെ രണ്ട് ക്രിക്കറ്റ് കളിക്കാരുടെ കണ്ണിലൂടെയാണ് ലബ്ബർ പന്ത് മുന്നോട്ട് നീങ്ങുന്നത്. ഇരുവരുടെയും കുടുംബ പശ്ചാത്തലവും ബാക്കി ജീവിതവുമെല്ലാം കടന്നുപോകുന്നുണ്ട്.

മലയാള ചിത്രം അയ്യപ്പനും കോശിയിൽ നിന്നും പ്രചോദനം കൊണ്ടാണ് ഈ ചിത്രമുണ്ടായതെന്ന് സംവിധായകൻ പറഞ്ഞിരുന്നു. അയ്യപ്പനും കോശിയും പോലെ തന്നെ കഥാപാത്രങ്ങൾക്ക് ആഴം നൽകുവാൻ അഭിനയത്തിനും എഴുത്തിനും സാധിച്ചിട്ടുണ്ട്. ചിത്രം പ്രേക്ഷകനെ ഇമോഷണലി കണക്ടാകുന്നതിൽ വിജയം കണ്ടെത്തുന്നുണ്ട്. ആദ്യത്തെ അരമണിക്കൂർ പ്രേക്ഷകനെ സിനിമയുമായി കണക്ടാക്കുകയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയും ചെയ്ത സിനിമ പിന്നീട് സംഭവങ്ങളെയെല്ലാം അഴിച്ചുവിടുകയാണ്. അൻബ് എന്ന കഥാപാത്രത്തെ ഹരീഷ് കല്യാണും ഗെത്ത് എന്ന കഥാപാത്രത്തെ ആട്ടക്കത്തി ദിനേഷും മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു. മലയാളി നടി സ്വാസികയും മികച്ച രീതിയിലുള്ള പ്രകടനം തന്നെ കാഴ്ചവെക്കുന്നുണ്ട്.

ക്രിക്കറ്റ് സീനുകളെല്ലാം തന്നെ വളരെ ആവേശം നൽകുന്നതാക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. വേറിട്ട ഇമോഷൻസും മികച്ച മേക്കിങ്ങും കയ്യടക്കമുള്ള പ്രകടനവും കഥാപരിസരവുമെല്ലാം പ്രേക്ഷകരുടെ മനസിൽ ആഴത്തിലെത്തുന്നുണ്ട്.

Tags:    
News Summary - lubber pant movie winning people's hearts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.