'ആർ.ഡി.എക്സ്' ചിത്രം കണ്ട് വിജയിപ്പിച്ചാൽ..അതിലൊരു നന്മയുണ്ട്! കാരണം'; സംവിധായകനെക്കുറിച്ച്‌ മാലാ പാർവതി

 നീരജ് മാധവ് , ഷെയ്ൻ നിഗം, ആന്റണി പെപ്പ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രമാണ് ആർ.ഡി. എക്സ്. സോഫിയ പോൾ നിർമിച്ച ചിത്രം ആഗസ്റ്റ് 25 ന് തിയറ്ററുകളിൽ എത്തിയിട്ടുണ്ട്. ബേസിൽ ജോസഫ് ചിത്രമായ ഗോദയിൽ സംവിധാന സഹായിയായിട്ടാണ് നഹാസിന്റെ തുടക്കം. ആദ്യ ചിത്രം പ്രദർശനത്തിനെത്തുമ്പോൾ സംവിധായകന്റെ സിനിമാ ജീവിതത്തെ കുറിച്ച് അഭിനേത്രി മാലാ പാർവതി പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്.

ആ ചെറുപ്പക്കാരന്റ കഷ്ടപ്പാട് ആരും അറിയാതെ പോകരുതെന്നാണ് മാലാ പാർവതി പറ‍യുന്നത്. 'ഗോദ ' എന്ന ചിത്രത്തിൽ ആറാമത്തെ സംവിധാന സഹായി ആയിട്ടാണ് നഹാസ് എത്തിയതെന്നും ടീമൊക്കെ സെറ്റായതിന് ശേഷം, നഹാസിന്റെ താൽപര്യം കണ്ടാണ് ബേസിൽ ഗോദയിൽ അവസരം നൽകിയതെന്നും നഹാസിന്റെ സിനിമ കരിയറിനെ കുറിച്ച് പങ്കുവെച്ചുകൊണ്ട് മാലാ പാർവതി ഫേസ്ബുക്കിൽ കുറിച്ചു.ഒരാൾക്ക് ചിത്രത്തിന് വേണ്ടി എത്രമാത്രം കഷ്ടപ്പെടാൻ പറ്റുമെന്ന് നഹാസിനെ കണ്ട് മനസ്സിലാക്കാമെന്നും താരം കൂട്ടിച്ചേർത്തു.

'നഹാസ് ഹിദായത്ത് നെ ആദ്യം കാണുന്നത് 'ഗോദ ' എന്ന ചിത്രത്തിലെ ആറാമത്തെ സംവിധാന സഹായിയായാണ്. നഹാസിന്റെ ശ്രദ്ധയെയും കഴിവിനെയും കുറിച്ച് ഞാൻ ബേസിൽ ജോസഫിനോട് സൂചിപ്പിച്ചപ്പോൾ, നഹാസ് അസിസ്റ്റൻറായ കഥ പറഞ്ഞു. നഹാസ് ബേസിലിനെ കാണാൻ വന്നപ്പോൾ, ഡിറക്ഷൻ ടീം ഒക്കെ സെറ്റായി കഴിഞ്ഞിരുന്നു.എന്നാൽ, നഹാസിന്റെ താൽപര്യം കണ്ടപ്പോൾ, ബേസിൽ ഒരു കാര്യം പറഞ്ഞു. ഒരാഴ്‌ച‌ക്കുള്ളിൽ ഒരു ഷോർട്ട് ഫിലിം ചെയ്‌ത് കൊണ്ട് വന്നാൽ,നോക്കാമെന്ന്!.

അന്ന് നഹാസ് ജോലി ചെയ്‌തിരുന്ന സ്ഥാപനത്തിൻ്റെ ഉടമ നഹാസിന് കുറച്ച് പൈസ കൊടുത്ത് സഹായിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ആ ചിത്രം ബേസിലിനെ കാണിച്ചു.അങ്ങനെയാണ് നഹാസ് ആ ചിത്രത്തിൽ എത്തിയത്. രഞ്ജി പണിക്കർ ചേട്ടൻ അവതരിപ്പിക്കുന്ന കഥാപാത്രത്തോട്, എന്റെ കഥാപാത്രം ചോദിക്കുന്നുണ്ട്.. "എവിടെ?, നിങ്ങടെ ശിഷ്യൻ എവിടെ..?" എന്ന്. ആ ശിഷ്യനായിരുന്നു നഹാസ്.ആ സീനുകൾ ചിത്രത്തിൽ ഉൾപ്പെട്ടില്ല. എങ്കിലും അഭിനയത്തിനിടയിലെ ഗുസ്‌തി മത്സരത്തിൽ ചെവിക്ക്പരിക്കേറ്റ്, ഒരു പ്ലാസ്റ്ററും ചെവിയിൽ വച്ചായിരുന്നു ആ പയ്യൻ സെറ്റിൽ ഓടി നടന്നിരുന്നത്. ചെവിയിൽ നിന്ന് " കൂ" എന്നൊരു ശബ്‌ദം വരുമെന്നും, ഭയങ്കര വേദനയാണെന്നും, എന്തോ ഒന്ന് ഒലിച്ച് വരുമെന്നും, നിർവികാരമായി പറഞ്ഞ്, സീനിൽ തന്നെ ശ്രദ്ധിക്കുന്ന നഹാസിനോട്.. ഞാനന്ന് ചോദിച്ചു.. " നീ എടുക്കുന്ന സിനിമയിൽ എന്നെ വിളിക്കണേ എന്ന്.

നഹാസ് വാക്ക് പാലിച്ചു. ആദ്യ സിനിമ 'ആരവം''! എനിക്ക് അന്ന് ഡേറ്റ് കൊടുക്കാൻ ആയില്ല. അന്ന് എനിക്ക് വലിയ സങ്കടം തോന്നി. വലിയ പ്രതീക്ഷയോടെ നഹാസ് ആ ചിത്രത്തിൻ്റെ കാര്യങ്ങൾ ചെയ്‌തു. ഷൂട്ടിംഗ് തുടങ്ങി .ചിത്രം മുടങ്ങി പോയി.

അതിന് ശേഷം നഹാസ് സംവിധായകന്റെ കുപ്പായം അണിഞ്ഞ ചിത്രം ആർ.ഡി. എക്സ് നാളെ റിലീസാണ്. ആർ.ഡി. എക്സ് ടീം മുഴുവൻ പ്രതീക്ഷയിലാണ്. ഞാനും. ഇന്ന്, ആ ചിത്രം നെറ്റ്ഫ്ലിക്സ്..ഒ.ടി.ടി അവകാശം കരസ്ഥമാക്കി.. മുന്നേറുകയാണ്.ഈ സമയത്ത്, ഞാൻ ആലോചിക്കുന്നത് നഹാസിന്റെ യാത്രയെ പറ്റിയാണ്.

ഒരാൾക്ക് ചിത്രത്തിന് വേണ്ടി എത്ര മാത്രം കഷ്ടപ്പെടാൻ പറ്റും, എന്ന് നഹാസിനെ കണ്ട് മനസ്സിലാക്കാം. ചിരിച്ച മുഖത്തോടെ, നിറഞ്ഞ പ്രതീക്ഷയോടെ പ്രശ്നങ്ങളെ അതിജീവിച്ച് പോകുന്ന പ്രകൃതം.30-ൽ താഴെ പ്രായം ! നാളെ.. ചിത്രം തിയറ്ററിലെത്തും. ചിത്രത്തിന് ഹൈപ്പുണ്ടോ, ചിത്രത്തിനെ കുറിച്ച് സംസാരമുണ്ടോ എന്നൊന്നും എനിക്കറിയില്ല.

പക്ഷേ ഈ ചിത്രം നിങ്ങൾ കണ്ട് വിജയിപ്പിച്ചാൽ.. അതിലൊരു നന്മയുണ്ട്! കാരണം "ഉദയനാണ് താരം" എന്ന ചിത്രത്തിൽ അവസാനം ,ഉദയഭാനുവിന്റെ ചിത്രം വിജയിച്ചില്ലെങ്കിൽ, അതൊരു നീതി കേടായാനെ. അത് പോലെയാണ് ഇതും. ആർ.ഡി. എക്സിലെ ഉദയൻ നഹാസ് ആണ്. "നഹാസ് ആണ് താരം" എന്ന് എല്ലാവരും പറയട്ടെ എന്ന്, ഞാൻ പ്രാർത്ഥിക്കുകയാണ്. സോഫിയ പോൾ ,@Weekend blockbuster കട്ടക്ക് കൂടെ നിന്നു. ഫൈറ്റൊക്കെ ഒരു രക്ഷയുമില്ല. ഷെയിനും,ആൻറണിയും, നീരജും... തിമിർത്തിട്ടുണ്ട്. @Adash Sukumaran, ചിത്രത്തിൻ്റെ റൈറ്റർ, എഴുതുന്നതും, കാണികളുടെ പൾസ് അറിഞ്ഞ് കൊണ്ടാണ്. നാളെ പുലരുമ്പോൾ നിങ്ങൾ വിധി പറയും. ആ വിധിക്കായി കാതോർക്കുന്നു'- മാലാ പർവതി കുറിച്ചു

Tags:    
News Summary - Maala Parvathy pens director Nahas Hidayath Movie career

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.