നടി നിമിഷ സജയനെതിരായ സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് സംവിധായകനും നടനുമായ മേജർ രവി. ഒരു വേദി കിട്ടിയപ്പോൾ സുരേഷ് ഗോപി എപ്പോഴോ പറഞ്ഞ കാര്യം നിമിഷ വിളിച്ചുപറഞ്ഞതായിരിക്കാം. അത് വ്യക്തി വൈരാഗ്യത്തോടെയാണെന്ന് തോന്നുന്നില്ലെന്നും അങ്ങനെ കണ്ടാൽ മതിയെന്നും മേജർ രവി പറഞ്ഞു. നിമിഷ രാഷ്ട്രീയക്കാരിയല്ല. ഇപ്പോൾ നടക്കുന്ന ആക്രമണങ്ങളെ നേരിടാൻ അവർക്ക് മനഃശക്തിയുണ്ടോ എന്നറിയില്ല. വളരെ സങ്കടകരമായ കാര്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നതെന്നും മേജർ രവി പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ നിമിഷയെ മാനസികമായി വിഷമിപ്പിക്കുന്ന ഒരുപാട് കമന്റുകൾ കണ്ടു. ഈ ആക്രമണം വിഷമിപ്പിക്കുന്നതാണെന്നും മേജർ രവി പറഞ്ഞു. ഈ വിഷയത്തിൽ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷിന്റെ പക്വതയോടെയുള്ള പ്രതികരണം കേട്ടില്ലേ? അവരെ മാനസികമായി വിഷമിപ്പിക്കുന്നതിലോ ട്രോൾ ചെയ്യുന്നതിലോ തനിക്ക് യാതൊരു സന്തോഷവും തോന്നുന്നില്ല എന്നാണ് ഗോകുൽപറഞ്ഞത്. അങ്ങനെ കണ്ടാൽ മതി ആ വിഷയം. അല്ലാതെ ആ പെൺകുട്ടിയുടെ പിന്നാലെ പോയി ആക്രമണം നടത്താൻ നിങ്ങൾക്ക് വേറെ പണിയില്ലേയെന്നും മേജർ രവി ചോദിച്ചു.
2019ലെ തൃശൂർ ലോക്സഭ മണ്ഡലവുമായി ബന്ധപ്പെട്ട് നിമിഷ പറഞ്ഞ വാക്കുകളാണ് സൈബർ ആക്രമണത്തിന് കാരണം. ''തൃശൂർ ചോദിച്ചിട്ട് നമ്മൾ കൊടുത്തിട്ടില്ല. പിന്നെ ഇന്ത്യ ചോദിച്ചാൽ നമ്മൾ കൊടുക്കുമോ?''-എന്നാണ് ഒരു പൊതുപരിപാടിയിൽ നിമിഷ പറഞ്ഞത്. ഇക്കഴിഞ്ഞ ലോക്സഭ തെരെഞ്ഞടുപ്പിൽ തൃശൂരിൽ വൻ ഭൂരിപക്ഷത്തോടെ സുരേഷ് ഗോപി വിജയിച്ചതോടെയാണ് നിമിഷക്കെതിരെ സൈബർ ആക്രമണം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.