80കളിൽ മലയാള സിനിമയിൽ സജീവമായിരുന്ന സിനിമാപ്രവർത്തകർ ഒത്തുചേർന്നു. '80 മദ്രാസ് മെയിൽ, സിനിമാ നിറക്കൂട്ട്'എന്നപേരിലായിരുന്നു തിരുവനന്തപുരത്ത് ഒത്തുചേരൽ സംഘടിപ്പിച്ചത്. ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലായിരുന്നു പുതിയ കൂട്ടായ്മ രൂപീകരിച്ചത്.

മലയാളികളുടെ സിനിമ സ്വപ്നനഗരമായ മദിരാശിയിലേക്ക് പോവുന്ന മദ്രാസ് മെയിൽ തീവണ്ടിയുടെ ഓർമക്കായാണ് കൂട്ടായ്മക്ക് ഇങ്ങിനൊരു പേരിട്ടതെന്ന് സംഘാടകർ പറയുന്നു. '1985ലാണ് ഞാൻ മദ്രാസ് വിട്ട് കേരളത്തിലേക്ക് വരുന്നത്. പക്ഷേ ഓർമകളിൽ എന്നും നിറഞ്ഞു നിൽക്കുന്ന ഒന്നാണ് കോടമ്പാക്കത്തെ ആ ജീവിതം. ഉറങ്ങാൻ കിടക്കുമ്പോൾ പലപ്പോഴും എല്ലാവരും ഒരു കുടുംബം പോലെ കഴിഞ്ഞ ആ കാലത്തെ കുറിച്ചുള്ള ഓർമ്മകൾ മനസ്സിൽ നിറയും. വീണ്ടും അവരെയൊക്കെ ഒന്നു കാണാനും സംസാരിക്കാനുമൊക്കെ പലപ്പോഴും തോന്നിയിരുന്നു. ഒന്നു കൂടി എല്ലാവരെയും ഒന്നിച്ചൊരു കുടക്കീഴിൽ കൊണ്ടു വരാനായാൽ അതൊരു സന്തോഷമാവില്ലേ എന്നു തോന്നി'-കൂട്ടായ്മയെപറ്റി ഭാഗ്യലക്ഷ്മി പറഞ്ഞു.


'തന്റെ കോൺടാക്റ്റ് ലിസ്റ്റിൽ ഉള്ളവരോടൊക്കെ സംസാരിച്ചു, അവരെ ചേർത്ത് വാട്സ് ആപ്പ് ഗ്രൂപ്പ് തുടങ്ങി. പിന്നീട് ഓരോരുത്തരായി ബാക്കിയുള്ളവരെ അന്വേഷിച്ചു കണ്ടെത്തി ഗ്രൂപ്പിലേക്ക് ചേർത്തു കൊണ്ടിരുന്നു. ഇപ്പോൾ ഏതാണ്ട് 90 ഓളം അംഗങ്ങളുണ്ട് ആ ഗ്രൂപ്പിൽ'-ഭാഗ്യലക്ഷ്മി പറയുന്നു.

കവിയും ഗാനരചയിതാവും പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന ജയകുമാർ ആണ് ചടങ്ങിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നിർവ്വഹിച്ചത്. 'സിനിമയെന്നത് അനിശ്ചിതത്വങ്ങളുടെ ലോകമാണ്. 'ഒരു നിശ്ചയവുമില്ല ഒന്നിനും' എന്ന് മുൻപ് കുമാരനാശാൻ പറഞ്ഞത് സിനിമാ ലോകത്തെ കുറിച്ച് സത്യമായ കാര്യമാണ്. ഈ പുഴ മുന്നോട്ട് ഒഴുകുമോ, അതോ വരണ്ടു പോവുമോ എന്നൊന്നുമറിയാതെയാണ് ഓരോരുത്തരും സിനിമയെന്ന സ്വപ്നത്തിനു പിറകെ ഇറങ്ങിപ്പുറപ്പെടുന്നത്. നിങ്ങളിൽ പലരും സമാനമായ അവസ്ഥകളിലൂടെ കടന്നു പോയിട്ടുള്ളവരാണ്. സിനിമയിൽ ഇടയ്ക്ക് പണം വരും, ബാക്കി സമയത്തെല്ലാം ബ്ലാങ്ക് ചെക്കിലാണ് ജീവിതം ഓടികൊണ്ടിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട നിങ്ങളെല്ലാവരും വളരെ സാഹസികരും നിങ്ങൾക്കിഷ്ടപ്പെട്ട കലയ്ക്കായി ജീവിതം ഉഴിഞ്ഞു വച്ചവരുമാണ്. അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും അനുഭവിച്ചവർ. ഒരുപാട് കാലം ഇൻഡസ്ട്രിയിൽ നിൽക്കാൻ സാധിച്ചിട്ടുണ്ടാവില്ല. പക്ഷേ മലയാള സിനിമയുടെ ചരിത്രം നിങ്ങളുടേത് കൂടിയാണ്'-അദ്ദേഹം പറഞ്ഞു.


നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റും ഗായികയുമായ ലത, സംഗീത സംവിധായകനും പിന്നണി ഗായകനുമായ രാജു, മണിയൻപിള്ള രാജു, കൃഷ്ണചന്ദ്രൻ, വനിത കൃഷ്ണചന്ദ്രൻ, നടൻ മോഹൻ ശർമ്മ, ജോസ്, മേനക സുരേഷ് കുമാർ, ഗായിക ലതിക, സംവിധായകൻ തുളസി ദാസ്, ഡബ്ബിംഗ് ആർട്ടിസ്റ്റ് ലിസ്സി, നടി അംബിക, ഛായാഗ്രാഹകൻ വിപിൻ മോഹൻ, സംവിധായകൻ ഷാജി കൈലാസ്, വേണു ബി നായർ, ജി എസ് വിജയൻ, ജി. മുരളി, ടി എസ് സുരേഷ് ബാബു, സോമൻ അമ്പാട്ട്, കലാസംവിധായകൻ രാധാകൃഷ്ണൻ, സംവിധായകൻ അനിൽ കുമാർ, കെ എസ് ഗോപാലകൃഷ്ണൻ, പി ചന്ദ്രകുമാർ, കലിയൂർ ശശി, സെവൻ ആർട്സ് മോഹൻ, കുടമാളൂർ രാജാജി, മേക്കപ്പ്മാൻ ജയമോഹൻ, ജോസ് മഞ്ഞിലാസ്, നിർമ്മാതാവും സംവിധായകനുമായ കൃഷ്ണകുമാർ, പി വി ശങ്കർ, എസ് ഷാജി തുടങ്ങി നാൽപ്പതോളം പേരാണ് സൗത്ത് പാർക്ക് ഹോട്ടലിൽ വച്ചു നടന്ന സൗഹൃദ കൂട്ടായ്മയ്ക്കായി എത്തിച്ചേർന്നത്.



Tags:    
News Summary - Malayalam cinema 80s get together in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.