തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ചലച്ചിത്ര മേഖലയും കേരളം വിടുന്നു. ഏഴ് സിനിമകളുടെ ഷൂട്ടിങ്ങാണ് തമിഴ്നാട്, തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങളിലേക്ക് മാറ്റിയത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി' അടക്കമുള്ള ചിത്രങ്ങളുടെ ഷൂട്ടിങ്ങാണ് ഇൻഡോർ ഷൂട്ടിങ്ങിന് പോലും അനുമതിയില്ലാത്തതിനെ തുടർന്ന് കേരളത്തിന് പുറത്തേക്ക് പോകുന്നത്. തെലങ്കാനയിലെ ഹൈദരാബാദിൽ വെച്ചാകും ബ്രോഡാഡി ചിത്രീകരിക്കുക.
ചിത്രീകരണത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് സിനിമ രംഗത്തുള്ള നിരവധിയാളുകളും ഫെഫ്കയടക്കമുള്ള സംഘടനകളും രംഗത്തു വന്നിരുന്നു. സീരിയൽ ഷൂട്ടിങ്ങിന് ആഴ്ചകൾക്ക് മുേമ്പ അനുവാദം നൽകിയിട്ടും സിനിമക്ക് മാത്രമാണ് അനുവാദമില്ലാത്തതെന്ന് ഫെഫ്ക കുറ്റപ്പെടുത്തി. ഭൂരിപക്ഷം ചലച്ചിത്ര പ്രവർത്തകരും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്നും അവർ സൂചിപ്പിച്ചു.
സംസ്ഥാനത്ത് തന്നെ ഷൂട്ടിങ് നടത്താൻ പരമാവധി ശ്രമിച്ചെന്നും എന്നാൽ ഒരു വഴിയുമില്ലാതെയാണ് അവസാനം ഹൈദരാബാദിലേക്ക് ഷൂട്ടിങ് മാറ്റേണ്ടി വന്നതെന്നും നിർമാതാവ് ആൻ്റണി പെരുമ്പാവൂർ പ്രതികരിച്ചു. ചുരുങ്ങിയത് 50 അണിയറക്കാരെ ഉപയോഗിച്ച് കൊണ്ട് ചിത്രീകരണം തുടങ്ങാൻ പറ്റുന്ന തരത്തിൽ സിനിമാ മേഖല തുറക്കുന്ന കാര്യം സർക്കാർ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് സംവിധായിക വിധു വിന്‍സെന്‍റ് ആവശ്യപ്പെട്ടു.
സിനിമക്കാര്‍ പട്ടിണിയിലാണെന്നും തിയറ്ററുകള്‍ തുറക്കണമെന്നും ഷൂട്ടിങ് പുനരാരംഭിക്കണമെന്നും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍.എം ബാദുഷ ആവശ്യപ്പെട്ടു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രവും കേരളത്തിൽ ചിത്രീകരിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇടുക്കിയിൽ ഇതിനായി വലിയ സെറ്റും ഇട്ടെങ്കിലും ചിത്രത്തിന്റെ ഷൂട്ടിങ്ങും അയൽസംസ്ഥാനങ്ങളിലേക്ക് മാറ്റേണ്ട സാഹചര്യമാണെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.