'കൊന്നപ്പൂക്കളും മാമ്പഴവും' ആഗസ്​റ്റ്​ എട്ടിന് ഓൺലൈൻ റിലീസിന്

കൊച്ചി: അധ്യാപകനായ എസ്​. അഭിലാഷ് സംവിധാനം ചെയ്ത 'കൊന്നപ്പൂക്കളും മാമ്പഴവും' ആഗസ്​റ്റ്​ എട്ടിന് മെയിന്‍ സ്​ട്രീം ആപ്പ് വഴി ഓൺലൈൻ റിലീസ് ചെയ്യുന്നു. 'സൂഫിയും സുജാതയും' എന്ന സിനിമയ്ക്ക് ശേഷം ഓൺലൈൻ ഒ.ടി.ടി റിലീസിന് തയാറെടുക്കുന്ന മലയാളചിത്രമാണ് 'കൊന്നപ്പൂക്കളും മാമ്പഴവും'.

കറുകച്ചാല്‍ എസ്.എം.യു.പി സ്കൂള്‍ അധ്യാപകനാണ് എലിക്കുളം സ്വദേശിയായ സംവിധായകന്‍ അഭിലാഷ്. എലിക്കുളം, ഇളമ്പള്ളി, പനമറ്റം, പാഞ്ചാലിമേട് എന്നീ പ്രദേശങ്ങളില്‍ ചിത്രീകരിച്ച 'കൊന്നപ്പൂക്കളും മാമ്പഴവും' അഭിലാഷി​െൻറ ആദ്യ സിനിമയാണ്. 12ലധികം ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്ത ഇദ്ദേഹം 2015ൽ പുറത്തിറങ്ങിയ 'ഒന്നും ഒന്നും മൂന്ന്' എന്ന സിനിമയിലെ മൂന്ന് കഥകളിൽ ഒന്ന് സംവിധാനം ചെയ്തിരുന്നു.

വേനലവധിക്കാലത്തെ ഗ്രാമജീവിതവും കളികളും ഉത്സവങ്ങളും ഒന്നും ആസ്വദിക്കാനാവാതെ പഠനത്തി​െൻറ കുരുക്കിൽ അകപ്പെട്ടുപോകുന്ന കുട്ടികളുടെ മനസികാവസ്ഥയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. മാതാപിതാക്കൾ അവരിൽ അടിച്ചേൽപ്പിക്കുന്ന വിദ്യാഭ്യാസ പ്ലാനുകളും ആഗ്രഹങ്ങളും മറ്റും കുട്ടികളുടെ സ്വന്തന്ത്ര ജീവിതത്തിന് തടസ്സമാകുന്നു. അതവരിൽ അസ്വസ്ഥതകൾ സൃഷ്​ടിക്കുന്നു. കുട്ടികളുടെ മാനസികാവസ്ഥയെക്കുറിച്ചോ വളർത്തേണ്ട രീതിയെ കുറിച്ചോ വ്യക്തമായ അറിവില്ലാത്ത മാതാപിതാക്കൾ അവരിൽ സൃഷ്​ടിക്കുന്ന പ്രശ്നങ്ങളെയാണ് ചിത്രം ദൃശ്യവത്​കരിക്കുന്നത്.

'അമിതമായ ആഗ്രഹങ്ങൾ മാതാപിതാക്കൾ അടിച്ചേൽപ്പിക്കുമ്പോൾ സ്വന്തം കഴിവുകൾ കണ്ടെത്താനാകാതെ പോകുന്ന, സ്വതന്ത്ര ജീവിതം നഷ്​ടമാകുന്ന കുട്ടികളുടെ സംഘർഷങ്ങളുടെ ദൃശ്യാവിഷ്കാരമാണ് ഇൗ സിനിമ'- സംവിധായകന്‍ അഭിലാഷ് പറയുന്നു. ദേശീയ-അന്തര്‍ ദേശീയ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ഈ കുട്ടികളുടെ ചിത്രത്തില്‍ ഫ്ലവേഴ്സ് ടോപ് സിംഗര്‍ ഫെയിം ജെയ്ഡന്‍ ഫിലിപ്പ്, ശ്രീദര്‍ശ്, സഞ്ജയ്, ജേക്കബ്, അഹരോന്‍ സനില്‍, അനഘ, ഹരിലാല്‍, സതീഷ് കല്ലകുളം, സൂര്യലാല്‍, ശ്യാമ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വില്ലേജ് ടാക്കീസി​െൻറ ബാനറില്‍ നീന നിർമിക്കുന്ന സിനിമയുടെ ഛായാഗ്രഹണവും എഡിറ്റിങും ആദര്‍ശ് കുര്യന്‍ നിർവഹിക്കുന്നു. അഡ്വ. സനില്‍ മാവേലില്‍ എഴുതിയ വരികള്‍ക്ക് ഷാരൂണ്‍ സലീം ഇൗണം പകര്‍ന്ന ഗാനം സരിഗമപ ഫെയിം ഭരത് സജികുമാര്‍ ആലപിക്കുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രാജേഷ് കുര്യനാട്,മേക്കപ്പ്-ജോണ്‍ രാജ്,അസോസിയേറ്റ് ഡയറക്ടര്‍-അച്ചു ബാബു,അസിസ്​റ്റൻറ്​ ഡയറക്ടര്‍-ജിബിന്‍ എസ്. ജോബ്,സൗണ്ട്-ഗണേശ് മാരാര്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-വിഷ്ണു സുകുമാരന്‍, പി.ആർ.ഒ-എ.എസ്. ദിനേശ് എന്നിവരാണ്​ അണിയറയിൽ.

ഇൻറർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്​റ്റിവൽ 2019, ലണ്ടൻ ഇൻററർനാഷണൽ മോഷൻ പിക്ചേഴ്സ് അവാർഡ്സ്, ഇംഗ്ലണ്ടിലെ ലിഫ്റ്റ്-ഓഫ്-ഫസ്റ്റ് ടൈം ഫിലിം മേക്കേഴ്സ് സെഷൻ ഉൾപ്പെടെയുള്ളവയിൽ ചിത്രം ഒഫീഷ്യൽ സെലക്ഷൻ നേടി. റഷ്യയിലെ വിഷ്വൽസ് ഇന്റർനാഷണൽ ഫിലിം ഫെസ്​റ്റിവൽ (2019) സെമി ഫൈനലിസ്​റ്റ്​ കൂടിയാണ് 'കൊന്നപൂക്കളും മാമ്പഴവും'.


Full View


Tags:    
News Summary - Malayalam movie 'Konnapookkalum Mampazhavum' for OTT release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.