ജിദ്ദയിൽ ‘ആയിഷ’ സിനിമയുടെ ലോഞ്ചിങ് പരിപാടിയിൽ മഞ്ജു വാര്യർ നർത്തകരോടൊപ്പം

'ആയിഷ' ലോഞ്ചിങ് സൗദിയിൽ; അഭിമാനിക്കാമെന്ന് മഞ്ജു വാര്യർ

ജിദ്ദ: വിവിധ ഗൾഫ് രാജ്യങ്ങൾ പലപ്പോഴായി സന്ദർശിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് സൗദിയിലെത്തുന്നതെന്നും ഇവിടെ എത്താൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും പ്രശസ്ത ചലച്ചിത്രതരാം മഞ്ജു വാര്യർ. പുതിയ സിനിമ 'ആയിഷ'യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ജിദ്ദയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ഇതാദ്യമായാണ് സൗദിയിൽ ഒരു ഇന്ത്യൻ സിനിമയുടെ ലോഞ്ചിങ് നടക്കുന്നതെന്നും അത് മലയാള സിനിമയായി എന്നതിൽ മുഴുവൻ മലയാളികൾക്കും അഭിമാനിക്കാമെന്നും അവർ പറഞ്ഞു.

അത്തരമൊരു സിനിമയുടെ ഭാഗമാവാൻ സാധിച്ചത് തന്റെ ജീവിതത്തിൽ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നു. ടൂറിസം രംഗത്ത് സൗദി ഒരുപാട് മുന്നേറിയതായാണ് മനസിലാവുന്നത്. അതോടൊപ്പം സ്ത്രീകളുടെ ഉന്നമനത്തിനും സ്വാതന്ത്ര്യത്തിനും ശാക്തീകരണത്തിനുമൊക്കെയായി ഒരുപാട് അവസരങ്ങൾ നൽകിയിരിക്കുന്ന സൗദി ഭരണാധികാരികൾക്ക് തന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനം അറിയിക്കുന്നതായും മഞ്ജു വാര്യർ പറഞ്ഞു.

'ആയിഷ' സിനിമ കേവലം ഒരു മലയാള സിനിമ മാത്രമല്ല, മറിച്ച് ഒരു അന്താരാഷ്‌ട്ര സിനിമയാണ്. സിനിമയിൽ നിരവധി മറ്റു രാജ്യക്കാർ അഭിനേതാക്കളായുണ്ട്. കഥാപാത്രങ്ങളിൽ വലിയൊരു ഭാഗം അറബി സംസാരിക്കുന്നവരാണ്. മാത്രമല്ല, അറബി, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ കൂടി സിനിമ പുറത്തിറങ്ങാനിരിക്കുകയാണ്. അതിനാൽ 'ആയിഷ' സിനിമയെ 'പാൻ വേൾഡ് സിനിമ' എന്ന് തന്നെ വിശേഷിപ്പിക്കാം. സിനിമക്ക് മുഴുവൻ പ്രേക്ഷകരിൽനിന്നും പൂർണ പിന്തുണ ഉണ്ടാവണമെന്നും മഞ്ജു വാര്യർ പറഞ്ഞു.


സാധാരണ ഒരു മലയാള സിനിമക്കപ്പുറം മലയാളത്തിൽ നിന്നുകൊണ്ട് തന്നെ ഒരു അന്തരാരാഷ്ട്ര സിനിമ കാണിക്കാൻ നമുക്ക് കഴിയും എന്ന് തെളിയിക്കാനുള്ള ശ്രമമാണ് 'ആയിഷ' സിനിമയിലൂടെ യാത്രാർഥ്യമാക്കുന്നതെന്ന് സിനിമയുടെ സംവിധായകൻ ആമിർ പള്ളിക്കൽ പറഞ്ഞു. സിനിമയെക്കുറിച്ചു ആലോചിച്ചപ്പോൾ തന്നെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കാൻ മലയാള സിനിമയിൽ ആര് എന്ന ചോദ്യത്തിനുത്തരം മഞ്ജു വാര്യർ മാത്രമായിരുന്നെന്നും തന്റെ പ്രതീക്ഷക്കപ്പുറത്തേക്ക് അവർ ആ കഥാപാത്രത്തെ ഏറെ മികവുറ്റതാക്കിയെന്നും അദ്ദേഹം വിശദീകരിച്ചു.

സൗദി അറേബ്യയാണ് സിനിമയുടെ കഥാ പശ്ചാത്തലം എന്നത് കൂടിയാണ് സിനിമയുടെ ലോഞ്ചിങ്ങിന് സൗദി തന്നെ തെരഞ്ഞെടുത്തത്. കോവിഡിനും മുമ്പേ ആരംഭിച്ച പരിശ്രമമാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നതെന്നും പ്രേക്ഷകർ 'ആയിഷ'യെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ആമിർ പള്ളിക്കൽ പറഞ്ഞു.

ചെറിയ ഒരു ആശയമാണ് 'ആയിഷ' എന്ന വലിയൊരു കഥയിലേക്കെത്തുന്നതെന്നും സിനിമ യാഥാർഥ്യമായത് കേന്ദ്ര കഥാപാത്രമായ മഞ്ജു വാര്യരുടെ ആത്മാർഥമായ സഹകരണം കൊണ്ട് മാത്രമാണെന്നും സിനിമയുടെ കഥ എഴുതിയ ആസിഫ് കക്കോടി പറഞ്ഞു. തെന്നിന്ത്യൻ നൃത്ത സംവിധായകൻ പ്രഭുദേവ, ഗായിക ശ്രേയ ഘോഷൽ, സംഗീത സംവിധായകൻ എം. ജയചന്ദ്രൻ തുടങ്ങിയ പ്രമുഖരെല്ലാം ഒരുമിക്കുന്ന 'ആയിഷ' സിനിമ പുതിയൊരു അനുഭവമായിരിക്കും പ്രേക്ഷകർക്ക് നൽകുക എന്ന് സിനിമയുടെ സഹ നിർമാതാവ് സക്കരിയ വാവാട് അഭിപ്രായപ്പെട്ടു.

മഞ്ജു വാര്യരു​ടെ സിനിമയിലെ വസ്ത്രധാരണത്തോടെ സോഫിയ സുനിൽ അണിയിച്ചൊരുക്കിയ കുട്ടികളുടെ നൃത്തം വേദിയിൽ അരങ്ങേറി. സിനിമയിലെ 'പെണ്ണൊരുത്തി ഓൾ' എന്ന ഗാനത്തിന് നർത്തകികളോടൊപ്പം മഞ്ജു വാര്യരും ചുവടുകൾ വെച്ചത് സദസ്ർ കൈയ്യടിയോടെ സ്വീകരിച്ചു.

നൃത്തസംഘത്തോടൊപ്പം മഞ്ചു വാര്യർ.

 സിനിമയിലെ രണ്ട് അറബി ഗാനങ്ങൾ, ഒരു മലയാളം ഗാനം, സിനിമയുടെ വിവിധ ഭാഷകളിലുള്ള പോസ്റ്ററുകൾ എന്നിവയുടെ പ്രകാശനവും ചടങ്ങിൽ നടന്നു. മാത്തുക്കുട്ടിയുടെ ചടുലമായ അവതരണം പരിപാടിക്ക് കൊഴുപ്പേകി.

പരിപാടിയിൽ അണിയറ പ്രവർത്തകർ വേദിയിൽ.

 മീഫ്രണ്ട് മൊബൈൽ ആപ്പ് സംഘടിപ്പിച്ച പരിപാടി ലുലു ഗ്രൂപ്പ്, മൈജി, എഡ്‌റൂട്ട്സ്, അജിനോറ എന്നിവരാണ് സ്പോൺസർ ചെയ്തത്. മൈജിയുടെ പുതിയ ഉൽപ്പന്നങ്ങളുടെ പരസ്യ വീഡിയോ, ലുലു ജിദ്ദ മദീന റോഡിൽ ഉടൻ തുറക്കാനിരിക്കുന്ന ഹൈപർ മാർക്കറ്റിന്റെ ലോഞ്ചിങ് എന്നിവ ചടങ്ങിൽ മഞ്ജു വാര്യർ നിർവഹിച്ചു. ലുലു വെസ്റ്റേൺ റീജനൽ ഡയറക്ടർ റഫീഖ് മുഹമ്മദലി, റീജനൽ മാനേജർ റിൽസ് മുസ്തഫ, വെസ്റ്റേൺ കൊമേർഷ്യൽ മാനേജർ അബ്ദുൽ റഹീം എന്നിവർ സംബന്ധിച്ചു. സിനിമയുടെ ലോഞ്ചിങ് പരിപാടികൾ ഇന്ന് റിയാദ് ലുലുവിലും ശനിയാഴ്ച ദമ്മാം ലുലുവിലും നടക്കും.

പരിപാടി വീക്ഷിക്കാൻ തടിച്ചുകൂടിയ ജനക്കൂട്ടം  


 


Tags:    
News Summary - Malayalam movie launching in Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.