കോഴിക്കോട്: മഹേഷ് നാരായണൻ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രമായ 'മാലിക്' സത്യസന്ധമല്ലെന്ന വിമർശനവുമായി എഴുത്തുകാരൻ എൻ.എസ്. മാധവൻ. സിനിമയിലെ രാഷ്ട്രീയം ചർച്ചയാവുന്ന സാഹചര്യത്തിലാണ് വിമർശനവുമായി എൻ.എസ്. മാധവൻ രംഗത്തെത്തിയത്. സിനിമയെ മുൻനിർത്തി അഞ്ച് ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.
സത്യസന്ധമല്ലാത്തതും അന്യായവുമായ ചിത്രമാണ് മാലിക് -എൻ.എസ്. മാധവൻ ട്വീറ്റ് ചെയ്തു. അറബിയിലും മലയാളത്തിലും ഇംഗ്ലീഷിലുമായി ഒരുക്കിയ സിനിമയുടെ ടൈറ്റിൽ കാർഡിനെയും അദ്ദേഹം വിമർശിച്ചു. മലയാള ചിത്രത്തിന് മുമ്പൊരിക്കലും അറബിയിൽ പേരെഴുതി കാണിച്ചിരുന്നില്ല. അറബിക് മുസ്ലിംങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന ചിന്തയിൽ നിങ്ങളെന്തെങ്കിലും മറച്ചുവെക്കുന്നുണ്ടോ ?- അദ്ദേഹം ചോദിച്ചു.
അഞ്ച് ചോദ്യങ്ങളും ഇതുസംബന്ധിച്ച് എൻ.എസ്. മാധവൻ ഉയർത്തി.
1. മാലിക് ഒരു സാങ്കൽപ്പിക കഥയാണെങ്കിൽ, ചിത്രത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയെ മാത്രമേ കാണിക്കുന്നുള്ളൂ. അതും, പച്ചക്കൊടിയുള്ളത്. എന്തുകൊണ്ട്?
2. ലക്ഷദ്വീപിനെ കുറ്റവാളികളുടെ ഒളികേന്ദ്രമായി ചിത്രീകരിക്കുന്നത് എന്തുകൊണ്ട്?
3. എന്തുകൊണ്ട് മഹല്ല് കമ്മിറ്റി പ്രകൃതിദുരന്ത സമയത്ത് ക്രിസ്ത്യാനികളെ അകത്ത് കടക്കാൻ അനുവദിക്കുന്നില്ല? ഇത് കേരളത്തിലെ രീതികൾക്ക് തീർത്തും എതിരാണ്.
4. രണ്ട് വിഭാഗങ്ങൾ ഏറ്റുമുട്ടുമ്പോൾ ഒന്നിനെ മാത്രം തീവ്രവാദവുമായി ബന്ധിപ്പിക്കുന്നതെന്തുകൊണ്ട്.
5. കേരളത്തിലെ ഏറ്റവും വലിയ പൊലീസ് വെടിവെപ്പാണ് ചിത്രം കാണിക്കുന്നത്. സർക്കാറിന്‍റെ പങ്കാളിത്തമില്ലാതെ അങ്ങനെ സംഭവിക്കുമോ? മറ്റേത് സിനിമയേയും പോലെ മാലിക്കിലും ഇസ്ലാമോഫോബിയയുടെ അംശം കാണാം. ഭരണകക്ഷിയെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു.
കഥയും കഥാപത്രങ്ങളും സാങ്കൽപ്പികമാണ് എന്ന വാദം ഉന്നയിക്കാമെങ്കിലും സിനിമയുടെ ഉള്ളടക്കത്തെയാണ് എൻ.എസ്. മാധവൻ ചോദ്യം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.