ഹൈദരാബാദ്: അമൽ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ഭീഷ്മപർവ്വം' വൻ വിജയത്തിലേക്ക് കുതിക്കുന്ന സന്തോഷത്തിലാണ് മെഗാസ്റ്റാർ ആരാധകർ. ഇപ്പോൾ ഇരട്ടി മധുരമായി മമ്മൂട്ടിയുടെ ഏറ്റവും പുതിയ ടോളിവുഡ് ചിത്രമായ ഏജന്റിലെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. തെലുങ്ക് സൂപ്പർതാരം നാഗാർജുനയുടെയും നടി അമലയുടെയും മകനായ അഖിൽ അക്കിനേനി നായകനാകുന്ന 'ഏജൻറ്' എന്ന ബിഗ് ബജറ്റ് ചിത്രത്തിൽ തുല്യപ്രാധാന്യമുള്ള വേഷത്തിലാണ് താരമെത്തുന്നത്.
'പിശാച്: ദയയില്ലാത്ത രക്ഷകൻ' എന്ന ടാഗ് ലൈനോടെയാണ് മമ്മൂട്ടിയുടെ ചിത്രം അണിയപ്രവർത്തകർ പുറത്തുവിട്ടത്.
സ്പൈ ത്രില്ലർ ചിത്രമായ ഏജന്റിന്റെ ചിത്രീകരണത്തിനായി കഴിഞ്ഞ വർഷം മമ്മൂട്ടി ഹംഗേറിയൻ നഗരമായ ബുഡാപെസ്റ്റിലേക്ക് പറന്നിരുന്നു. വലിയ ഇടവേളക്ക് ശേഷം ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചിരിക്കുകയാണ്. അഖിൽ അക്കിനേനിയുടെ മെന്ററുടെ റോളിലാണ് മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.
ആന്ധ്രപ്രദേശ് മുൻമുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിതം പറഞ്ഞ 'യാത്ര'യിലാണ് മമ്മൂട്ടി അവസാനമായി തെലുങ്ക് സംസാരിച്ചത്.
ഏജൻറിൽ ഒരു പട്ടാള ഉദ്യോഗസ്ഥെൻറ വേഷത്തിലാണ് മമ്മൂട്ടിയെത്തുക. നേരത്തെ മോഹൻലാൽ, കന്നട സൂപ്പർതാരം ഉപേന്ദ്ര എന്നിവരെ ഇതേ റോളിലേക്ക് പരിഗണിച്ചിരുന്നു. ഹോളിവുഡ് ആക്ഷൻ ത്രില്ലർ ബോൺ സീരിസിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ചിത്രത്തിൽ സ്പൈ ഏജൻറായാണ് അഖിൽ അഭിനയിക്കുന്നത്. മമ്മൂട്ടി ഈ സിനിമയ്ക്ക് റെക്കോർഡ് പ്രതിഫലമാണ് വാങ്ങുകയെന്നും റിപ്പോർട്ടുകളുണ്ട്.
നിരവധി ഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത സുരേന്ദർ റെഡ്ഡിയാണ് ഏജൻറ് സംവിധാനം ചെയ്യുന്നത്. വക്കാന്തം വംശി രചന നിർവഹിച്ചിരിക്കുന്നു. ഹിപ്ഹോപ് തമിഴയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ആദ്യഘട്ടചിത്രീകരണം ഹൈദരാബാദിലായിരുന്നു. കശ്മീർ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലാകും ഇന്ത്യയിലെ ചിത്രീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.