ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി മാഹി. വി. രാഘവ് സംവിധാനം ചെയ്ത യാത്രയുടെ രണ്ടാം ഭാഗമായ യാത്ര 2 ഒ.ടി.ടി സ്ട്രീമിങ്ങിന് ഒരുങ്ങുന്നു. മമ്മൂട്ടി അതിഥി വേഷത്തിലെത്തിയ ചിത്രത്തിൽ ജീവയാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകൻ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ രാഷ്ട്രീയ യാത്രയാണ് യാത്ര 2 ന്റെ പ്രമേയം. ജഗൻ മോഹനായിട്ടാണ് ജീവ ചിത്രത്തിലെത്തിയത്. മാർച്ച് എട്ടിന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക.
2024 ഫെബ്രുവരി എട്ടിന് തിയറ്ററിലെത്തിയ യാത്ര 2 ആദ്യ ഭാഗംപോലെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടില്ല.സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം, 50 കോടി ബജറ്റിലൊരുങ്ങിയ ചിത്രം 12. 3 കോടിയാണ് ആഗോളതലത്തിൽ നേടിയത്. 10 കോടി മാത്രമാണ് ഇന്ത്യയിലെ കളക്ഷൻ. 12 കോടി ബജറ്റിലൊരുങ്ങിയ മമ്മൂട്ടിയുടെ യാത്ര അന്ന് 28 കോടി ബോക്സോഫീസിൽ നിന്ന് സമാഹരിച്ചിരുന്നു.
26 വര്‍ഷത്തിന് ശേഷം മമ്മൂട്ടി തെലുങ്കിൽ അഭിനയിച്ച ചിത്രമാണ് 'യാത്ര'. ഏകദേശം നാല് വർഷങ്ങൾക്ക് ശേഷമാണ് യാത്രയുടെ രണ്ടാം ഭാഗം ഒരുക്കിയത്. ത്രീ ആറ്റം ലീവ്‌സ്, വി സെല്ലുലോയിഡ്, ശിവ മേക്ക എന്നിവർ സംയുക്തമായാണ് 'യാത്ര 2' നിർമ്മിച്ചത്.
ഇതിന് മുമ്പ് പുറത്തിറങ്ങിയ മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഏജന്റും വിജയിച്ചിരുന്നില്ല. എന്നാൽ മലയാളത്തിൽ അടുത്തിടെ പുറത്തിറങ്ങിയ മെഗാസ്റ്റാർ ചിത്രങ്ങളെല്ലാം വൻ വിജയമാണ്. കണ്ണൂർ സ്ക്വാഡ്, കാതൽ തിയറ്ററിൽ പ്രദർശനം തുടരുന്ന ഭ്രമയുഗം തുടങ്ങിയ ചിത്രങ്ങൾ മറ്റുള്ള ഭാഷകളിലും ശ്രദ്ധിക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.