ചന്തുവും പട്ടേലരും ബെല്ലാരി രാജയുമായി മഞ്ജുവാര്യർ, തൊമ്മിയും ചാമിയാരുമായി സൗബിൻ -മമ്മൂട്ടിക്ക് വേറിട്ട പിറന്നാള്‍ സമ്മാനം

മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിയുടെ പിറന്നാളിന്​ പലതരം ആശംസകൾ പുറത്തുവന്നെങ്കിലും വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമാകുകയാണ്​ 'വെള്ളരിക്കാപട്ടണം' സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയ മോഷന്‍ പോസ്റ്റര്‍. സിനിമയിലെ പ്രധാന താരങ്ങളായ മഞ്ജുവാര്യരും സൗബിന്‍ ഷാഹിറും മമ്മൂട്ടി സിനിമകളില്‍ നിന്നുള്ള കഥാപാത്രങ്ങളായെത്തുന്ന മോഷന്‍ പോസ്റ്ററാണ് ഇവര്‍ ഒരുക്കിയത്. ചൊവ്വാഴ്ച വൈകീട്ട് പുറത്തിറങ്ങിയ മോഷന്‍ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കഴിഞ്ഞു.


ഒരു വടക്കന്‍വീരഗാഥ, വിധേയന്‍, അമരം, രാജമാണിക്യം എന്നീ ചിത്രങ്ങളിലെ രംഗങ്ങളാണ് മോഷന്‍ പോസ്റ്ററിലുള്ളത്. ചന്തുവായും ഭാസ്​കര പട്ടേലരായും അച്ചൂട്ടിയായും ബെല്ലാരി രാജയായും മഞ്ജു വാര്യര്‍ എത്തുമ്പോള്‍ ആരോമലുണ്ണി, തൊമ്മി, രാഘവന്‍, ചാമിയാര്‍ എന്നീ കഥാപാത്രങ്ങളായാണ് സൗബിന്‍ പോസ്റ്ററിലുള്ളത്. അവസാനം ചിത്രത്തിന്‍റെ സസ്‌പെന്‍സ് ഒളിപ്പിച്ചുവച്ചിരിക്കുന്നതുപോലെ 'പ്രെയ്‌സ് ദി ലോഡ്' എന്ന സിനിമയില്‍ നിന്നുള്ള മമ്മൂട്ടിയുടെ ഡയലോഗുമുണ്ട്.


'കേരളം ലോകസിനിമയ്ക്ക് നൽകിയ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് മമ്മൂക്ക. അഭിനയത്തില്‍ അദ്ദേഹം അരനൂറ്റാണ്ട് പിന്നിടുന്ന ഈ സമയത്തുവരുന്ന പിറന്നാളിന് പ്രത്യേകതയുണ്ട്. മമ്മൂക്കയോടുള്ള ആദരവ് എങ്ങനെ പ്രേക്ഷകരിലേക്കെത്തിക്കും എന്ന ആലോചനയില്‍ പിറന്നതാണിത്'- 'വെള്ളരിക്കാപട്ടണ'ത്തിന്‍റെ സംവിധായകന്‍ മഹേഷ് വെട്ടിയാര്‍ പറയുന്നു. 'മമ്മൂക്കയുടെ സിനിമകളില്‍ നിന്ന് നാലെണ്ണം തിരഞ്ഞെടുക്കുക എന്നത് അസാധ്യമായ കാര്യമാണ്. എങ്കിലും പ്രേക്ഷകപ്രീതി നേടിയതും ഞങ്ങളുടെ സിനിമയുടെ ആശയത്തോട് ചേര്‍ന്നുനിൽക്കുന്നതുമായവയില്‍ നിന്ന് നാലെണ്ണം മാത്രം ഉപയോഗിക്കുകയായിരുന്നു. ഡ്യുവല്‍ എന്ന ആശയമായിരുന്നു മാനദണ്ഡം' -മഹേഷ് പറഞ്ഞു.


കോവിഡ് നിയന്ത്രണങ്ങള്‍ കാരണം നീണ്ടുപോയ 'വെള്ളരിക്കാപട്ടണ'ത്തിന്‍റെ ചിത്രീകരണം മഞ്ജുവാര്യരും സൗബിനും ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയായാലുടന്‍ തുടങ്ങും. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ രചന മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ്. ഗൗതംശങ്കര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിങ്: അപ്പുഭട്ടതിരി, അര്‍ജുന്‍ ബെൻ, ഗാനരചന: മധുവാസുദേവൻ, വിനായക് ശശികുമാർ, സംഗീതം: സച്ചിന്‍ ശങ്കര്‍ മന്നത്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ജ്യോതിഷ് ശങ്കർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബെന്നി കട്ടപ്പന, വാർത്ത പ്രചരണം-എ.എസ്. ദിനേശ്.



 


Tags:    
News Summary - Manju Warrier as Mammootty Characters in motion poster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.