ചെന്നൈ: വിവാദ പരാമർശത്തിൽ തമിഴ് സിനിമ താരം തൃഷയോട് പരസ്യമായി മാപ്പ് പറഞ്ഞ് മൻസൂർ അലിഖാൻ. തൃഷ നൽകിയ പരാതിയിൽ മൻസൂർ അലിഖാനെ ചെന്നൈ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് മാപ്പപേക്ഷ. പരാമർശങ്ങളിൽ ദേശീയ വനിത കമീഷൻ സ്വമേധയ കേസെടുത്തിരുന്നു.
വിജയ് നായകനായി പുറത്തിറങ്ങിയ ലിയോയിൽ തൃഷക്കൊപ്പം കിടപ്പറ രംഗങ്ങളൊന്നും തനിക്ക് ലഭിച്ചില്ലെന്നും പുതിയകാലത്ത് സിനിമയിൽ ബലാത്സംഗം കുറയുകയാണെന്നും മൻസൂർ അലിഖാൻ പറഞ്ഞിരുന്നു. പ്രസ്താവനയെ ശക്തമായി അപലപിച്ച തൃഷ ഇനി മൻസൂർ അലിഖാനൊപ്പം അഭിനയിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.
തൃഷയോട് മാപ്പ് പറഞ്ഞുള്ള ദീർഘമായ കുറിപ്പിൽ കഴിഞ്ഞ ഒരാഴ്ചയായി ഒരു യുദ്ധത്തിലൂടെയാണ് താൻ കടന്ന് പോകുന്നതെന്ന് മൻസൂർ അലിഖാൻ പറഞ്ഞു. തനിക്ക് വേണ്ടി പോരാടിയ നേതാക്കൾ, നടൻമാർ, മാധ്യമപ്രവർത്തകർ എന്നിവരോട് നന്ദി പറയുകയാണ്. അപലപിച്ചവരോടും നന്ദി പറയുന്നു. തൃഷയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ തനിക്ക് ഭാഗ്യമുണ്ടാകട്ടെയെന്നാണ് പ്രാർഥനയെന്നും മൻസൂർ അലിഖാൻ പറഞ്ഞു.
വിവാദ പരാമർശങ്ങളെ തുടർന്ന് മൻസൂർ അലിഖാനെതിരെ വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ഇതിന് പുറമേ തമിഴ് അഭിനേതാക്കളുടെ സംഘടന നടന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.