മുടി മുറിച്ച് നൽകി വിലക്ക് 'മറികടന്ന്' മെഹ്നാസ് മുഹമ്മദി

തിരുവനന്തപുരം: ഇറാൻ ഭരണകൂടത്തിനെതിരെ രാജ്യത്തിനകത്ത് പ്രക്ഷോഭം കരുത്താർജിക്കുന്നതിനിടെ പ്രക്ഷോഭകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള രാജ്യാന്തര ചലച്ചിത്രമേളയും ഇറാൻ സംവിധായിക മെഹ്നാസ് മുഹമ്മദിയും. ഇറാൻ സർക്കാർ പാസ്പോർട്ട് പുതുക്കിനൽകാത്തതിനെ തുടർന്ന് മേളയിലെത്താനും സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം ഏറ്റുവാങ്ങാൻ കഴിയാത്തതിലും പ്രതിഷേധിച്ച് മെഹ്നാസ് മുഹമ്മദി തലമുടി തുമ്പ് മുറിച്ച് കേരളത്തിന് നൽകി. മേളയുടെ ജൂറികളിലൊരാളും ഗ്രീക്ക് സംവിധായകയുമായ അതീന റേച്ചല്‍ സംഗാരിയുടെ കൈവശമാണ് മുടി കൊടുത്തുവിട്ടത്.

മുടി വേദിയിൽ ഉയർത്തിക്കാട്ടിയശേഷം അതീന സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് കൈമാറി. 'എന്‍റെ സഹനത്തിന്‍റെ പ്രതീകമാണ് ഈ തലമുടി. ഒരുപക്ഷേ, എന്‍റെ കഷ്ടപ്പാടുകളുടെ അവസാനത്തെ പ്രതീകമാകാമിത്. എഴുന്നേൽക്കൂ... മുന്നോട്ട് പോകൂ. ഇതിനോടകം നിരവധി യുവാക്കളാണ് കൊല്ലപ്പെട്ടത്. നമ്മുടെ സ്വാഭാവിക അവകാശങ്ങൾ വീണ്ടെടുക്കാൻ ഐക്യദാർഢ്യം ആവശ്യമാണെന്ന് എനിക്കറിയാം. അതിനാലാണ് ഞാനിത് കേരളത്തിലേക്ക് അയക്കുന്നത് -മെഹ്നാസിന്‍റെ സന്ദേശം അതീന വേദിയിൽ വായിച്ചു. കരഘോഷത്തോടെയാണ് മേള മഹ്നാസിന്‍റെ വാക്കുകളെ സ്വീകരിച്ചത്. അഞ്ച് ലക്ഷം രൂപയുടെ പുരസ്കാരവും പ്രശസ്തി പത്രവും മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് മെഹ്നാസിനായി അതീന സ്വീകരിച്ചു. മഹ്നാസിനെ ഇറാൻ ഭരണകൂടം വേട്ടയാടുകയാണെന്ന് അക്കാദമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞു. 

കാഴ്ചയുടെ തിരയുത്സവം കൊടിയേറി

തിരുവനന്തപുരം: കാഴ്ചയുടെ തിരയുത്സവത്തിന് അനന്തപുരിയിൽ കൊടിയേറി.ഇനി ലോകസിനിമയുടെ ഏഴ് സുന്ദരനാളുകൾ. നിശാഗന്ധിയിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ 27ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര മേളകളെ സങ്കുചിത ആശയപ്രചാരണത്തിനുള്ള ആയുധങ്ങളാക്കാൻ ശ്രമം നടക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. ലോകത്താകമാനമുള്ള മനുഷ്യാവസ്ഥകളെ പ്രതിഫലിപ്പിക്കുക എന്ന ദൗത്യംകൂടി ചലച്ചിത്രമേളകള്‍ ഏറ്റെടുക്കുന്നുണ്ട്.

പതിവില്‍നിന്ന് വ്യത്യസ്തമായി നിലവിളക്കിൽ ദീപങ്ങൾ തെളിക്കുന്നത് ഒഴിവാക്കി ആര്‍ച്ച് ലൈറ്റുകള്‍ കാണികൾക്കുനേരെ തെളിച്ചായിരുന്നു ഉദ്ഘാടനം.

മന്ത്രി വി.എൻ. വാസവൻ അധ്യക്ഷനായി. മന്ത്രി വി. ശിവന്‍കുട്ടി മന്ത്രി ആന്റണി രാജുവിന് നല്‍കി ഫെസ്റ്റിവല്‍ ബുക്കും മന്ത്രി ജി.ആര്‍. അനില്‍ മേയര്‍ ആര്യ രാജേന്ദ്രന് നല്‍കി ഫെസ്റ്റിവല്‍ ബുള്ളറ്റിനും പ്രകാശനം ചെയ്തു. ഉദ്ഘാടനശേഷം സിത്താൻ മാന്ത്രികൻ പുർഭയാൻ ചാറ്റർജിയുടെ കച്ചേരി അരങ്ങേറി. 

Tags:    
News Summary - Mehnas Mohammadi in iffk venue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.