തിരുവനന്തപുരം: മലയാള സിനിമയുടെ കഴിഞ്ഞ 43 വർഷത്തെ വളർച്ചയുടെ വഴികളായിരുന്നു സംവിധായകൻ ഹരികുമാറിന്റെ ജീവിതം. കഥാവിഷ്കാരത്തിലും സൗന്ദര്യതലത്തിലും പുതുമകള്‍ സൃഷ്ടിച്ച് ഓരോ സിനിമയും ഓരോ അനുഭവമാക്കി മാറ്റാനാണ് അദ്ദേഹം ശ്രമിച്ചത്.
അപ്പോഴും 18 ചലച്ചിത്രങ്ങൾ മാത്രം. ഹരികുമാറിലെ സംവിധായക പ്രതിഭയെ തിരിച്ചറിഞ്ഞവർക്ക് അതു കുറഞ്ഞുപോയെന്ന് തോന്നിയേക്കാം. എന്നാൽ, ജീവിതത്തിൽ ഒരു സിനിമയെങ്കിലും ചെയ്യണമെന്ന സ്വപ്നവുമായി മലയാള സിനിമലോകത്തേക്ക് ഇറങ്ങിത്തിരിച്ച ഈ തിരുവനന്തപുരത്തുകാരനെ സംബന്ധിച്ച് എടുത്ത 18 ചിത്രങ്ങളും 100ന് സമാനമായിരുന്നു.
ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളുടെ ബിരുദമോ സിനിമയുടെ അക്കാദമിക് പാരമ്പര്യമോ ഇല്ലാതെ, സിനിമ കണ്ടും വായിച്ചും പഠിച്ചുമാണ് സർക്കാർ ജീവനക്കാരനായ ഹരികുമാർ ഒരുവർഷം അവധിയെടുത്ത് ആദ്യ ചിത്രത്തിനായി ഇറങ്ങിത്തിരിക്കുന്നത്. സിനിമയെക്കുറിച്ച് എഴുതുകയും പഠിക്കുകയും ചെയ്തിരുന്ന ശ്രീവരാഹം ബാലകൃഷ്ണനായിരുന്നു ശക്തി.
സംവിധായകൻ കെ.പി. കുമാരനായിരുന്നു അറിവ്. പത്രാധിപര്‍ കാമ്പിശ്ശേരി കരുണാകരനായിരുന്നു പിന്തുണ. ഇവരിൽനിന്നാണ് 1981ൽനിന്ന് എഴുത്തുകാരൻ പെരുമ്പടവം ശ്രീധരൻ തിരക്കഥ എഴുതിയ ആമ്പൽപ്പൂവ് സിനിമയാക്കാൻ ഹരികുമാർ മുന്നിട്ടിറങ്ങുന്നത്. അതും കൊല്ലത്തെ മുനിസിപ്പൽ എൻജിനീയറിങ് ജോലിയിൽനിന്ന് ഒരുവർഷം അവധിയെടുത്ത്.
എന്നാൽ, ആദ്യസിനിമതന്നെ നിർമാതാവ് പാതിവഴിയിൽ ഉപേക്ഷിച്ചതോടെ കടംപെരുകി ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ച കാലം ഈ സിനിമാ പ്രേമിക്കുണ്ടായിരുന്നു. ഒടുവിൽ സുഹൃത്ത് ലോകം ഈ ചെറുപ്പക്കാരനെ താങ്ങിനിർത്തി. 1981 ഡിസംബര്‍ 11ന് ആമ്പൽപ്പൂവിലൂടെ സംവിധാനം ഹരികുമാര്‍ എന്ന് കേരളത്തിലെ 11 തിയറ്ററുകളിലെ സ്ക്രീനുകളില്‍ തലക്കെട്ട് വന്ന നിമിഷം ആരാധകർ വിധിയെഴുതി..‘മലയാള സിനിമയുടെ സുകൃതം’.
ആമ്പൽപ്പൂവ് സാമ്പത്തിക വിജയം നേടിയില്ലെങ്കിലും നിരൂപകപ്രശംസ ഏറെനേടി. അതുകൊണ്ടുതന്നെ ആമ്പൽപ്പൂവിന്റെ പ്രദർശന കാലത്തുതന്നെ രണ്ടാം ചിത്രത്തിനുവേണ്ടി നിർമാതാവ് ഹരികുമാറിനെ തേടിയെത്തി. മലയാളത്തില്‍ സമാന്തര സിനിമ സജീവമായി നിന്ന കാലത്താണ് ഹരികുമാര്‍ ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തുതുടങ്ങിയത്. പക്ഷേ, ആ വഴിയിലൂടെ സഞ്ചരിക്കാതെ പുതിയൊരു പാത തുറന്നു. പ്രേക്ഷകര്‍ താൽപര്യപ്പെടുന്ന ജീവിതം തുടിക്കുന്ന ചിത്രങ്ങളാണ് ഹരികുമാര്‍ സൃഷ്ടിച്ചത്.
എം.ടിയുടെ തിരക്കഥയിൽ മമ്മൂട്ടി അഭിനയിച്ച സുകൃതമായിരുന്നു ഇദ്ദേഹത്തിന്റെ ജീവിതത്തിലെ മാസ്റ്റർപീസ്. സംസ്ഥാന-ദേശീയ പുരസ്കാരങ്ങളടക്കം 42 ചലച്ചിത്രപുരസ്കാരങ്ങളാണ് സുകൃതം നേടിയത്. സുകൃതം ഡൽഹിയിൽ പ്രദർശിപ്പിക്കുന്ന സമയത്തായിരുന്നു എഴുത്തുകാരൻ മുകുന്ദനെ പരിചയപ്പെടുന്നത്.
സിനിമ കഴിഞ്ഞപ്പോൾ മുകുന്ദൻ എം.ടിയെ കെട്ടിപ്പിടിച്ചു. ഈ ആലിംഗനം തനിക്കല്ല തരേണ്ടത് ദേ നിൽക്കുന്ന അയാൾക്കാണെന്ന് എം.ടി ചൂണ്ടിക്കാണിച്ചു. ആ പരിചയം മുകുന്ദനെ തിരക്കഥാകൃത്തുമാക്കി. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അച്ചടിച്ചുവന്ന മുകുന്ദന്റെ കഥയാണ് പിന്നീട് ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാകുന്നത്.
എഴുത്തുകാരന്റെ പ്രതിഭയെ തനിക്ക് ഉപയോഗിക്കാൻ കഴിയും വിധം മാറ്റാൻ അറിയുന്ന മലയാളത്തിലെ ചുരുക്കം ചില സംവിധാകരിൽ പ്രമുഖനായിരുന്നു ഹരികുമാർ.
എം.ടി, എം. മുകുന്ദന്, ശ്രീനിവാസന്, ശ്രീവരാഹം ബാലകൃഷ്ണന്, ലോഹിതദാസ്, പെരുമ്പടവം ശ്രീധരന്, ബാലചന്ദ്രന് ചുള്ളിക്കാട്, സന്തോഷ് ഏച്ചിക്കാനം, പി.എന്‍. ഗോപീകൃഷ്ണന് എന്നിവര്‍ അദ്ദേഹത്തിനായി തിരക്കഥകള്‍ എഴുതി. ഓരോ തിരക്കഥയിലും തന്റെ സ്വാതന്ത്ര്യം അദ്ദേഹം ഉപയോഗിച്ചു. ‘സിനിമക്ക് ഭാഷയും ക്രാഫ്റ്റും ഉണ്ട്. അത് എഴുതിവെച്ച പേപ്പറില്‍ അല്ല ഉള്ളത്’ -അദ്ദേഹം ഉറക്കെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.