കൊച്ചി: അതീവ സുന്ദരനായ വില്ലൻ ജോൺ ഹോനായ്. ഏറെ മൃദുവായ സംസാരം. 'അമ്മച്ചി പറഞ്ഞ് തന്നിട്ടില്ലേ, ഭൂതത്താെൻറ കൈയിൽനിന്നും നിധി തട്ടിപ്പറിച്ച കഥ. ആ കഥയിലെ നിധിയാണ് അമ്മച്ചിയുടെ കൈയിൽ ഇരിക്കുന്നത്. പ്ലീസ് അതിങ്ങ് തന്നേക്ക്'-1990ൽ പിറന്ന ഇൻ ഹരിഹർ നഗർ എന്ന സിനിമയിലെ ഈ ഡയലോഗ് പിന്നീട് ഉയരാത്ത മിമിക്രി വേദികൾ ഉണ്ടായിട്ടില്ല. റിസബാവ എന്ന സുന്ദരനായ കൊച്ചിക്കാരൻ അങ്ങനെ 'ജോൺ ഹോനായ്' ആയി മരിക്കും വരെ മലയാളികൾക്ക് പ്രിയപ്പെട്ട വില്ലനായി.
അഭിനയ കുലപതികളായ തിലകനും രഘുവരനും വേണ്ടി സംവിധായകരായ സിദ്ദീഖ്, ലാൽ മാറ്റിവെച്ചിരുന്നതാണ് 'ജോൺ ഹോനായ്' എന്ന കഥാപാത്രം. അവരുടെ ഡേറ്റ് കിട്ടാതായതോടെ അതിങ്ങനെ ഒഴിഞ്ഞ് കിടക്കുന്ന കാര്യം അറിഞ്ഞപ്പോൾ കലാഭവൻ അൻസാറിനോട് പറഞ്ഞ് കടുത്ത ശിപാർശ ചെയ്യിപ്പിച്ചാണ് ആ വേഷം ലഭിച്ചതെന്ന് റിസബാവ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. 'അന്ന് ഷൂട്ടിങ് സമയത്ത് ഡയലോഗ് പ്രസേൻറഷൻ ഒക്കെ ഒരുപാട് തെറ്റിച്ചു. ആ ഡയലോഗ് അഞ്ചിലേറെ സ്റ്റെലുകളിൽ പറഞ്ഞതിൽനിന്ന് സിദ്ദീഖും ലാലും കൂടി തെരഞ്ഞെടുത്തതാണ് സിനിമയിൽ വന്നത്. ശരിക്കും സംവിധായകരുടെ സിനിമയാണ് അത്' - റിസബാവ വിവരിച്ചിട്ടുണ്ട്.
തിരുവനന്തപുരം സംഘചേതനയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട 'സ്വാതി തിരുനാൾ' നാടകത്തിൽ സ്വാതി തിരുനാളായി കേരളമെമ്പാടും എത്തിയിട്ടുണ്ട് റിസബാവ. നടൻ സായ്കുമാർ 'റാംജി റാവു സ്പീക്കിങി'ൽ അഭിനയിക്കാൻ പോയതോടെയാണ് സ്വാതി തിരുനാൾ വേഷം റിസബാവക്ക് ലഭിച്ചത്. നാടകത്തിൽ സ്വാതി തിരുനാളിെൻറ തൊപ്പി വെച്ചവരെല്ലാം പിന്നീട് സിനിമയിൽ വന്നുവെന്ന് റിസബാവ പറഞ്ഞിട്ടുണ്ട്. കെ.പി.എ.സി സജീവ്, ആ നാടകത്തിൽ അഭിനയിച്ച കൊച്ചുപ്രേമൻ എന്നിവരെല്ലാം സിനിമയുടെ ഭാഗമായി.
1984ൽ എഡ്ഡി മാസ്റ്റർ സംവിധാനം ചെയ്ത 'വിഷുപക്ഷി' എന്ന സിനിമയിലാണ് റിസബാവ ആദ്യം അഭിനയിച്ചതെങ്കിലും അത് റിലീസായില്ല. 1990ൽ ഡോ. പശുപതിയിൽ അഭിനയിച്ചു.
ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ മുഴുനീള കോമഡി ചിത്രത്തിൽ റിസബാവയെക്കാൾ ഇന്നസെൻറാണ് ശ്രദ്ധ നേടിയത്. പിന്നീടാണ് ജോൺ ഹോനായ് എന്ന വില്ലൻ വേഷത്തിൽ എത്തുന്നത്. അതോടൊപ്പം റിസബാവയെ മുന്നിൽ കണ്ട് ആര് തിരക്കഥ എഴുതിയാലും കോട്ടും സ്യൂട്ടും പെട്ടിയുമായി മുംെബെയിൽനിന്ന് വരുന്ന വില്ലൻ എന്ന റോളിലേക്ക് ചുരുങ്ങി. എഴുപതോളം സിനിമകളിൽ അധോലോക നായകനായതോടെ മടുത്തുവെന്നാണ് അതേക്കുറിച്ച് റിസബാവ തന്നെ വിവരിച്ചത്.
കെ.എം. ധർമൻ സംവിധാനം ചെയ്ത 'ഭ്രാന്തന്മാർ പാവങ്ങൾ' എന്ന നാടകത്തിൽ അഭിനയിക്കാൻ താൻ എത്തിയപ്പോൾ അതിൽ റിസബാവയായിരുന്നു ഹീറോയെന്ന് കലാഭവൻ ഹനീഫ് ഓർക്കുന്നു. 'നാടക നടന്മാരുടെ സൗന്ദര്യമായിരുന്നില്ല റിസക്ക്.
ഒരു ഫ്രഞ്ച് ലുക്ക് വരുന്ന ആകർഷകമായ മുഖം. നോമ്പുകാലത്ത് എല്ലാവരെയും വിളിക്കുന്ന കൂട്ടത്തിൽ റിസയെ വിളിച്ചപ്പോൾ ഫോൺ നമ്പർ നിലവിലില്ലെന്ന മറുപടിയാണ് കിട്ടിയത്. തിങ്കളാഴ്ച ഗുരുതരമാണെന്നറിഞ്ഞ് വിളിച്ചപ്പോഴും ഫോൺ കിട്ടിയില്ല' -വിളിക്കാൻ കഴിയാത്ത ലോകത്തേക്ക് ആ സുന്ദരനായ വില്ലൻ യാത്രയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.