മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമെന്ന വിശേഷണവുമായെത്തുന്ന ടോവിനോ തോമസ് ചിത്രം 'മിന്നൽ മുരളി' ഓണത്തിന് തിയറ്ററുകളിലെത്തും. അണിയറപ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് റിലീസ് വിവരം അറിയിച്ചത്.
ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ നടൻ മോഹൻലാൽ ഫേസ്ബുക്കിലൂടെ പോസ്റ്റർ പുറത്ത് വിട്ടു. വാണിജ്യ വിജയം നേടിയ 'ഗോദ'ക്ക് ശേഷം ബേസിൽ ജോസഫും ടോവിനോയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മിന്നൽ മുരളി.
മലയാളം, തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുക. മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്‍റെ പേര്. മെരുപ്പ് മുരളിയെന്ന് തെലുഗു പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു.
തമിഴ് നടൻ ഗുരു സോമസുന്ദരം, അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ്ജ് എന്നിവരാണ് സുപ്രധാന വേഷങ്ങളിലെത്തുന്നത്. അരുൺ അനിരുദ്ധനും ജസ്റ്റിൻ മാത്യുവുമാണ് രചന. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോളാണ് നിർമാണം.
കാലടി ശിവരാത്രി മണപ്പുറത്ത് നിർമാണത്തിലിരുന്ന സിനിമയുടെ സെറ്റ് ബജ്റംഗ് ദൾ പ്രവർത്തകർ തകർത്ത സംഭവം വലിയ വാർത്തയായിരുന്നു.
കോവിഡിനെത്തുടർന്ന് ചിത്രത്തിന്‍റെയും ഷൂട്ടിങ് മുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസമാണ് ക്ലൈമാക്സ് ചിത്രീകരണം പൂർത്തിയായത്. 20 ദിവസം കൊണ്ടാണ് ക്ലൈമാസ് രംഗങ്ങൾ ചിത്രീകരിച്ചത്. അവശേഷിക്കുന്ന ഭാഗങ്ങളുടെ ചിത്രീകരണം ഏപ്രിൽ പത്തിന് പൂർത്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.