ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കുശേഷം തന്റെ പുതിയ സിനിമ പ്രഖ്യാപിച്ച് മോഹൻലാൽ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലാകും താൻ അടുത്തതായി അഭിനയിക്കുക എന്നാണ് മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. 'എന്റെ അടുത്ത പ്രോജക്ട് ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രതിഭാധനരായ സംവിധായകരിൽ ഒരാളായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമായിരിക്കും എന്ന് അറിയിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് പ്രൊജക്ട് നിർമ്മിക്കുന്നത്'എന്നാണ് മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ലിജോയോടൊപ്പമുള്ള ചിത്രങ്ങളും നടൻ പങ്കുവച്ചിട്ടുണ്ട്.
ലിജോയും വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. 'മേരി ആൻഡ് ജോൺ ക്രീയേറ്റീവ് ,മാക്സ് ലാബ്സ് ,സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ലാലേട്ടൻ സിനിമയാണ് അടുത്തതായി സംവിധാനം ചെയ്യുന്നത് എന്ന സന്തോഷ വർത്തമാനം അറിയിച്ചുകൊള്ളട്ടെ' എന്നാണ് ലിജോ ഫേസ്ബുക്കിൽ കുറിച്ചത്.
ഇരുവരും ഒന്നിക്കുമെന്നുള്ള വിവരങ്ങൾ നേരത്തേ തന്നെ എം ടൗണിൽ പ്രചരിച്ചിരുന്നു. ബിഗ് ബജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രം പിരീഡ് സിനിമയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മോഹന്‍ലാല്‍ ചിത്രത്തില്‍ ഗുസ്തിക്കാരനായിട്ടായിരിക്കും വേഷമിടുക എന്ന വാര്‍ത്തകളിലുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങളൊന്നും അണിയറക്കാർ സ്ഥിരീകരിച്ചിട്ടില്ല.
ആരാധകര്‍ ഏറെ കാത്തിരുന്ന കൂട്ടുകെട്ടാണ് ഇപ്പോൾ ഒന്നിക്കുന്നത്. മോഹന്‍ലാലിന്റെ കണ്ണാടിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ ബാഗും നിറഞ്ഞു നില്‍ക്കുന്ന വ്യത്യസ്തമായ ഒരു ഫാൻ പോസ്റ്റർ നേരത്തേ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വൈശാഖിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം ' മോണ്‍സ്റ്റര്‍'നിലവിൽ തീയറ്ററുകളിലാണ്.
ഉദയ് കൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന 'മോണ്‍സ്റ്റര്‍' വെള്ളിയാഴ്ചയാണ് തിയേറ്ററുകളിൽ എത്തിയത്. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഹണി റോസ്, സുദേവ് നായര്‍, സിദ്ദിഖ്, ലക്ഷ്മി മഞ്ജു, ഗണേഷ് കുമാര്‍, ലെന എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. മമ്മൂട്ടി നായകനായ 'നൻപകൽ നേരത്ത് മയക്കം' ആണ് ലിജോയുടെ തീയറ്ററിൽ എത്താനിരിക്കുന്ന സിനിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.