പാർശ്വവത്കൃതരുടെ കഥ പറയുന്ന ‘അനക്ക് എന്തിന്‍റെ കേടാ’ ആഗസ്റ്റ് നാലിന് തിയറ്ററുകളിൽ

കാസർകോട്: പാർശ്വവത്കൃതരായ ഒസ്സാൻ (ബാർബർ)മാരുടെ കഥപറയുന്ന ‘അനക്ക് എന്തിന്റെ കേടാ’ എന്ന സിനിമ ആഗസ്റ്റ് നാലിന് തിയറ്ററുകളിലെത്തുമെന്ന് സംവിധായകൻ ഭരതന്നൂർ ഷമീർ. അണിയറ പ്രവർത്തകർ അടക്കമുള്ളവരാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

ആദ്യമായാണ് ഈ വിഭാഗത്തിന്റെ ജീവിതത്തിന് ചലച്ചിത്ര ഭാഷ്യം ഒരുങ്ങുന്നത്. ജാതി വ്യവസ്ഥയില്ല എന്ന് പറയുമ്പോൾ തന്നെ സാമൂഹിക ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ചവിട്ടി തള്ളപ്പെടുന്ന വിഭാഗമാണ് ഒസ്സാൻ. ഇവർ നേരിടുന്ന സാമൂഹിക വിവേചനങ്ങളും അയിത്തവും ഈ സിനിമ ചർച്ച ചെയ്യുന്നുണ്ട്. ഇതുവരെ മലയാള സിനിമ ചർച്ച ചെയ്തിട്ടില്ലാത്ത ഇവരുടെ ജീവിതത്തെ പുറംലോകത്തിനു മുന്നിൽ എത്തിക്കുക കൂടിയാണ് ഈ ചിത്രത്തിലൂടെ തങ്ങൾ നിർവഹിക്കുന്നതെന്ന് സംവിധായകൻ ഭരതന്നൂർ ഷമീർ പറഞ്ഞു.

വാണിജ്യ സിനിമയുടെ ചേരുവകൾ കൂടി ഉൾപ്പെടുത്തിയുള്ള ഒരു കുടുംബ ചിത്രം കൂടിയാണ് ‘അനക്ക് എന്തിന്റെ കേടാ’. പൂർണമായും മലബാറിൽ നിന്നുള്ള അമ്പതോളം ​ലൊക്കേഷനുകളിൽ ചിത്രീകരിച്ച ചിത്രത്തിൽ കാസർകോടൻ കഥാപാത്രങ്ങളും ഉണ്ട്. ബി.എം.സി ഫിലിംസ് പ്രൊഡക്ഷൻ ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമ്മിച്ച ചിത്രത്തിൽ അഖിൽ പ്രഭാകർ, സ്നേഹ അജിത്, വീണ നായർ, സായി കുമാർ, ബിന്ദു പണിക്കർ, ശിവജി ഗുരുവായൂർ, സുധീർ കരമന, മധുപാൽ, വിജയകുമാർ, മനീഷ, റിയാസ് നെടുമങ്ങാട്, സന്തോഷ് കുറുപ്പ്, അച്ചു സുഗന്ധ്, കുളപ്പുള്ളി ലീല, നസീർ സംക്രാന്തി, കലാഭവൻ നിയാസ്, അനീഷ് ധർമ്മ എന്നിവർ അഭിനയിക്കുന്നുണ്ട്.

ഗൗതം ലെനിൻ രാജേന്ദ്രനാണ് ഛായാഗ്രഹണം. ദീപാങ്കുരൻ കൈതപ്രം ആണ്. സംഗീതം രമേശ് നാരായൻ, നഫ്‍ല സാജിദ്, യാസിർ അഷ്റഫ്. ഗാനരചന വിനോദ് വൈശാഖി, എ.കെ. നിസാം, ഷമീർ ഭരതന്നൂർ. ആലാപനം വിനിത് ശ്രീനിവാസൻ, സിയ ഉൾ ഹഖ്, കൈലാഷ്. വാർത്ത സമ്മേളനത്തിൽ സംവിധായകൻ ഭരതന്നൂർ ഷമീർ, നടൻ അഖിൽ പ്രഭാകർ, നടി സ്നേഹ അജിത്, മാത്തുകുട്ടി പറവട്ടിൽ, അനീഷ് ധർമ്മ എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Movie 'Anak Enthinte Keda' will hit the theaters on August 4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.