കൊച്ചി: സിനിമ-സീരിയൽ ചിത്രീകരണത്തിന് അനുമതി നൽകി കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ മലയാള സിനിമക്ക് കാര്യമായ ഗുണം ചെയ്യില്ലെന്ന് വിലയിരുത്തൽ. വാതിൽപുറ ചിത്രീകരണം ഒഴികെയുള്ളവക്ക് രണ്ടു മാസം മുമ്പ് സംസ്ഥാന സർക്കാർ നിബന്ധനകളോടെ അനുമതി നൽകിയെങ്കിലും കാര്യമായ പ്രവർത്തനങ്ങളൊന്നും നടന്നില്ല. ഇതിന് സമാനമായ നിബന്ധനകളാണ് കേന്ദ്രവും മുന്നോട്ടുവെച്ചിട്ടുള്ളത്.
അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമടക്കം പരമാവധി 50 പേരെ ഉൾപ്പെടുത്തി ഇൻഡോർ ചിത്രീകരണം നടത്താനായിരുന്നു സംസ്ഥാന സർക്കാർ അനുമതി. എന്നാൽ, ഒരു ചിത്രം മാത്രമാണ് ചിത്രീകരണം പുനരാരംഭിച്ചത്.
ലോക്ഡൗൺ നിയന്ത്രണങ്ങളെത്തുടർന്ന് മാർച്ച് പകുതിയോടെ സിനിമ പ്രവർത്തനങ്ങൾ നിർത്തിവെക്കുേമ്പാൾ 10 ചിത്രങ്ങളുടെ പ്രദർശനവും 20 എണ്ണത്തിെൻറ ചിത്രീകരണവും മുടങ്ങുകയും 26 ചിത്രങ്ങളുടെ ചിത്രീകരണാനന്തര ജോലികൾ നിലക്കുകയും ചെയ്തിരുന്നു. വേനലവധി, വിഷു, ഓണം തുടങ്ങിയ പ്രധാന സീസണുകൾ നഷ്ടപ്പെട്ടതോടെ നഷ്ടം ഇതിനകം 600 കോടിക്ക് അടുത്തെത്തിയതായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻറ് എം. രഞ്ജിത്ത് 'മാധ്യമ'ത്തോട് പറഞ്ഞു.
സിനിമ സെറ്റുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന് പ്രായോഗിക തടസ്സങ്ങൾ ഏറെയുള്ളതിനാൽ പലരും ചിത്രീകരണം തുടങ്ങാനും പുനരാരംഭിക്കാനും മടിക്കുകയാണ്. കേന്ദ്ര നിർദേശമുണ്ടെങ്കിലും ഔട്ട്ഡോർ ചിത്രീകരണത്തിന് സംസ്ഥാന സർക്കാറിെൻറ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്.
ഒരു ദിവസം ചിത്രീകരണം നടത്തുന്ന സ്ഥലം തൊട്ടടുത്ത ദിവസം കണ്ടെയ്ൻമെൻറ് സോണായി മാറിയേക്കാമെന്നതാണ് മറ്റൊരു വെല്ലുവിളി. രോഗവ്യാപന ഭീതിക്കിടയിൽ ചിത്രീകരണം മുന്നോട്ടുകൊണ്ടുപോകാൻ ഏറെ സമ്മർദങ്ങൾ നേരിടേണ്ടി വരുമെന്നതിനാൽ പരീക്ഷണത്തിന് ആരും ഒരുക്കമല്ല.
നഷ്ടം സഹിച്ചും വെല്ലുവിളികൾ അതിജീവിച്ചും ചിത്രീകരണം പൂർത്തിയാക്കിയാൽ നിലവിലെ സാഹചര്യത്തിൽ എന്ന് പ്രദർശിപ്പിക്കാനാകുമെന്നും ഉറപ്പില്ല.
സെപ്റ്റംബർ മുതൽ തിയറ്ററുകൾ തുറക്കാൻ അനുമതി നൽകുമെന്ന് റിപ്പോർട്ടുണ്ടെങ്കിലും കോവിഡ് ഭീതി മൂലം പ്രേക്ഷകർ തിയറ്ററിലെത്താൻ പിന്നെയും മാസങ്ങളെടുക്കുമെന്നാണ് കണക്കുകൂട്ടൽ. ഇതോടെ ദിവസവേതനക്കാരായ ഏഴായിരത്തോളം ചലച്ചിത്രത്തൊഴിലാളികളുടെ ജീവിതം കൂടുതൽ പ്രതിസന്ധിയിലാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.