എ.ഐ സാങ്കേതികവിദ്യയെയും കഥാപാത്രത്തെയും ഒരു കഥയിലൂടെ സമന്വയിപ്പിക്കുന്ന ഇ.എം. അഷ്റഫ് സംവിധാനം ചെയ്ത ‘മോണിക: ഒരു എ.ഐ. സ്റ്റോറി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സൗദി അറേബ്യയിൽ ദമ്മാമിൽ നടന്ന ചടങ്ങിൽ വെച്ച് അറബ് സംവിധായകനും നിർമാതാവും നടനും എഴുത്തുകാരനുമായ സമീർ അൽ നാസർ ആണ് പോസ്റ്റർ ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്തത്.
പോസ്റ്റർ റിലീസ് ചടങ്ങിൽ പ്രശസ്ത ശാസ്ത്രജ്ഞനും അറ്റോമിക്സ് കമ്പനിയുടെ സി.ഇ.ഒയുമായ ഡോ. മാത്യു എം. സാമുവലും പങ്കെടുത്തു. സോഷ്യൽ മീഡിയയിലൂടെ പ്രശസ്തയായ അമേരിക്കക്കാരി അപർണ മൾബറിയാണ് ചിത്രത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മാന്ത്രിക വിസ്മയമായ ഗോപിനാഥ് മുതുകാടും മാളികപ്പുറം ഫെയിം ശ്രീപദും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ കഥ സംവിധായകൻ ഇ.എം. അഷ്റഫ്. തിരക്കഥ സംഭാഷണം: ഇ.എം. അഷ്റഫ്, മൻസൂർ പള്ളൂർ. ഷൈജു ദേവദാസാണ് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ. ചിത്രത്തിന്റെ എഡിറ്റിങ് ഹരി ജി. നായരും വി.എഫ്.എക്സ് വിജേഷ് സി.ആറുമാണ്.
സംഗീതം യുനുസിയോ. പശ്ചാത്തല സംഗീതം റോണി റാഫേൽ. പ്രഭാവർമ ഗാനരചന നിർവഹിച്ച ചിത്രത്തിന്റെ കാമറ ചലിപ്പിച്ചിരിക്കുന്നത് സജീഷ് രാജാണ്. നജീം അർഷാദ്, യർബാഷ് ബാച്ചു എന്നിവർ ചിത്രത്തിൽ പാടിയിട്ടുണ്ട്. മൻസൂർ പളളൂർ എഴുതിയ ടൈറ്റിൽ സോങ്ങിന് ശബ്ദം നൽകി നൃത്തചുവട് വെക്കുന്നത് മലയാളിയല്ലാത്ത അപർണയാണ്. മെയ് ആദ്യവാരം സിനിമ തീയറ്ററിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.