തൃശൂർ: ഒ.ടി.ടിക്ക് ശേഷം സിനിമ റിലീസിങ് ആൻഡ്രോയ്ഡ് ആപ് വഴിയാകുന്നു. മൊബൈൽ പ്ലേ സ്റ്റോറിൽനിന്ന് സിനിമ ഡൗൺലോഡ് ചെയ്തെടുത്ത് കണ്ടശേഷം നീക്കം ചെയ്യുന്ന രീതിയിൽ മലയാള സിനിമ 'നിശബ്ദം' ശനിയാഴ്ച റിലീസ് ചെയ്യും. ലോക സിനിമയിൽ ആദ്യമായാണ് ഇത്തരം പരീക്ഷണമെന്ന് സിനിമയുടെ സംവിധായകൻ എൻ.ബി. രഘുനാഥ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ചെറു ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുമ്പോഴുള്ള പണച്ചെലവും വരുമാനമില്ലാത്ത അവസ്ഥയും ഒഴിവാക്കാനുള്ള അന്വേഷണത്തിെൻറ ഭാഗമായാണ് പുതുപരീക്ഷണം.
രണ്ടര എം.ബി മുതൽ മൂന്ന് എം.ബി വരെ ചെറുഫയലുകളായി ലഭിക്കുമെന്നതിനാൽ ഡാറ്റ നഷ്ടവും ഉണ്ടാവില്ല. ഗൂഗ്ൾ സർവർ ആണ് ഉപയോഗിക്കുന്നത് എന്നതിനാൽ കൂടുതൽ പേർ ഡൗൺലോഡ് ചെയ്താൽ ഗൂഗ്ൾ പരസ്യങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. മറ്റ് ഇടനിലക്കാരുടെയോ വിതരണക്കാരുടെയോ സഹായമില്ലാതെ സ്വന്തം സിനിമ നേരിട്ട് റിലീസ് ചെയ്യാമെന്നതാണ് മെച്ചം.
ലോക സിനിമ രംഗത്ത് തന്നെ വിപ്ലവകരമായ കുതിച്ചുചാട്ടമായിരിക്കും ഇത് നൽകുകയെന്നും സാമ്പത്തികനേട്ടത്തിനപ്പുറം കലാസൃഷ്ടിയിൽ ഇടനിലക്കാരുടെ നിബന്ധനകൾ ഇതിലൂടെ ഒഴിവാക്കാനാകുമെന്നതാണ് പ്രധാന മെച്ചമെന്നും രഘുനാഥ് പറഞ്ഞു.
'നിശബ്ദം' സിനിമയുടെ രചന, ഗാനങ്ങൾ, സംഗീതം, ഛായാഗ്രഹണം, ചിത്രസംയോജനം, നിർമാണം, സംവിധാനം തുടങ്ങി മുപ്പതോളം ക്രഡിറ്റുകൾ നിർവഹിച്ചത് രഘുനാഥാണ്. 15 ക്രഡിറ്റ് സ്വന്തമാക്കിയ ജാക്കിചാനെ കടത്തിവെട്ടി ലോക റെക്കോഡാണ് തെൻറ സിനിമയിലൂടെ നേടിയതെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ രാംകുമാർ പെരിഞ്ചേരി, ലക്ഷ്മി ഭദ്ര തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.