നടി അഞ്ജലിയെ പിടിച്ചുതള്ളി; ഇത് ആദ്യമായല്ല ബാലയ്യ പൊതുവേദികളിൽ അസ്വസ്ഥത സൃഷ്ടിക്കുന്നത്

സഹപ്രവർത്തകരോടുള്ള  നടൻ നന്ദമൂരി ബാലകൃഷ്ണയുടെ  സമീപനം പലപ്പേഴും വിമർശനങ്ങൾ സൃഷ്ടിക്കാറുണ്ട്. പൊതുവേദികളിൽ വളരെ ദാർഷ്ട്യത്തോടെയും അനാദരവോടെയുമാണ് നടൻ സഹപ്രവർത്തകരോട് പെരുമാറുന്നത്.

ഇപ്പോഴിതാ നടി അഞ്ജലിയെ പിടിച്ചു തള്ളുന്ന നടന്റെ വിഡിയോക്കെതിരെ വിമർശനം ഉയരുകയാണ്. ഗ്യാങ്സ് ഓഫ് ഗോദാവരി എന്ന സിനിമയുടെ പ്രെമോഷൻ പരിപാടിക്കിടെയാണ് സംഭവം. വിഡിയോ വൈറലായതോടെ നടനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. താരങ്ങളും ബാലയ്യയുടെ പെരുമാറ്റത്തെ വിമർശിച്ച് എത്തിയിട്ടുണ്ട്. വളരെ മോശമായ പെരുമാറ്റമെന്നും അവിടെ ഒരാൾ പോലും അസ്വസ്ഥത പ്രകടിപ്പിച്ചില്ലെന്നും നടൻ നകുൽ മേഹ്ത വിഡിയോ പങ്കുവെച്ചുകൊണ്ട് എക്സിൽ കുറിച്ചു. ദേശീയ പുരസ്‌കാര ജേതാവായ സംവിധായന്‍ ഹന്‍സല്‍ മെഹ്ത നന്ദമൂരിയെ നികൃഷ്ട വ്യക്തി എന്നാണ് വിശേഷിപ്പിച്ചത്.'ആരാണീ നികൃഷ്ട വ്യക്തി' എന്ന് വിഡി‍യോക്കൊപ്പം കുറിച്ചു.

 എന്നാൽ ഇതാദ്യമായിട്ടല്ല, ഇതിന് മുമ്പും സഹപ്രവർത്തകർക്കും ആരാധകർക്കും നന്ദമൂരി ബാലകൃഷ്ണയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ  നേരിടേണ്ടി വന്നിട്ടുണ്ട്. 2004-ൽ, ചലച്ചിത്ര നിർമാതാവ് ബെല്ലംകൊണ്ട സുരേഷിനും അസോസിയേറ്റ് ആയിരുന്ന സത്യനാരായണ ചൗധരിക്കും നേരെ വെടിയുതിർത്തിരുന്നു.

2016 ൽ പൊതുപരിപാടിയിൽ നടത്തിയ നടന്റെ സ്ത്രീവിരുദ്ധ കമന്റ് വലിയ വിവാദമായിരുന്നു.  ആരാധകരുടെ ഇഷ്ട കഥാപാത്രങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു വിവാദ മറുപടി.   'എന്റെ ആരാധകർക്ക് സ്ക്രീനിൽ നായികമാരുമായി അടുത്ത് അഭിനയിക്കുന്നത് ഇനി ഇഷ്ടമാകില്ല.  എന്നിൽ നിന്ന് കൂടുതൽ കാര്യങ്ങൾ   അവർ ആഗ്രഹിക്കുന്നു. ആരാധകർ കാരണം എനിക്കിപ്പോൾ ചില വേഷങ്ങൾ മാത്രമേ ചെയ്യാൻ കഴിയൂ. ഞാൻ പെൺകുട്ടികളെ വശീകരിക്കുകയോ ശല്യം ചെയ്യുന്ന കഥാപാത്രങ്ങളോ ചെയ്യാൻ അവർ സമ്മതിക്കില്ല, അവർ അംഗീകരിക്കില്ല. ഒന്നുകിൽ അവളെ ചുംബിക്കണം അല്ലെങ്കിൽ അവളെ ഗർഭിണിയാക്കണം'- എന്നായിരുന്നു പറഞ്ഞത്. പിന്നീട് ഈ പ്രസ്താവനയിൽ താരം ഖേദം പ്രകടിപ്പിച്ചു.

നടനോടൊപ്പം ചിത്രം പകർത്തിയതിന് ആരാധകരെ പലപ്രാവശ്യം മർദിച്ചിട്ടുണ്ട്. നടി രാധിക ആപ്തെയും നടന്റെ പെരുമാറ്റത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. പേരെടുത്ത് പറയാതെയായിരുന്നു രാധിക വിശദീകരിച്ചത്. തമിഴിൽ രജനികാന്തിനൊപ്പം പ്രവർത്തിക്കുന്നത് തനിക്ക് ഒരിക്കലും അസ്വസ്ഥത തോന്നിയിട്ടില്ലെന്നും എന്നാൽ മറ്റൊരു തെന്നിന്ത്യൻ സൂപ്പർ താരത്തിനൊപ്പം പ്രവർത്തിച്ചപ്പോൾ അസ്വസ്ഥത തോന്നിയെന്നുമായിരുന്നു ഒരു അഭിമുഖത്തിൽ പറഞ്ഞത്. 

സോഷ്യല്‍ മീഡിയയിൽ വലിയ പ്രതിഷേധമാണ് ബാലകൃഷ്ണക്കെതിരെ ഉയരുന്നത്. സ്ത്രീകളോടുള്ള അനാദരവ് ഒരിക്കലും കണ്ടില്ലെന്ന് നടിക്കരുതെന്നും ആ വേദിയിലുള്ള ഒരാള്‍ പോലും ഇതിനെതിരെ പ്രതികരിക്കാൻ വന്നില്ലെന്നും ഇവർ പറയുന്നു. അഞ്ജലിക്കൊപ്പം വേദിയിലുണ്ടായിരുന്ന നടൻ വിശ്വക് സെന്നിനേയും ആരാധകർ വിമർശിക്കുന്നുണ്ട്.


Tags:    
News Summary - Nandamuri Balakrishna got away with problematic behaviour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.