തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനം ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി ചിത്രം 'നൻപകൽ നേരത്ത് മയക്കം' കവർന്നെടുത്തു. ചിത്രത്തിന്റെ ആദ്യപ്രദർശനം കാണാൻ ഐ.എഫ്.എഫ്.കെയുടെ ചരിത്രത്തിലെതന്നെ വൻ ജനാവലിയാണ് മുഖ്യവേദിയായ ടാഗോറിലേക്ക് ഇരച്ചെത്തിയത്. എന്നാൽ, ഗെസ്റ്റുകൾക്കായി അക്കാദമി സീറ്റുകൾ പിടിച്ചിട്ടതോടെ റിസർവേഷൻ ചെയ്തവർ പോലും സിനിമ കാണാൻ സാധിക്കാതെ പുറത്തായി. ഇതോടെ തിയറ്റർ പരിസരം സംഘർഷവേദിയായി. പ്രതിഷേധത്തിന് നേതൃത്വം നൽകിയ വിദ്യാർഥിയടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തശേഷം വിട്ടയച്ചു.
തിങ്കളാഴ്ച ഉച്ചക്ക് 3.30നാണ് 900 പേർക്ക് ഇരിക്കാവുന്ന ടാഗോർ തിയറ്ററിൽ മത്സരവിഭാഗത്തിലുള്ള ചിത്രത്തിന്റെ ആദ്യ പ്രദർശനം നിശ്ചയിച്ചിരുന്നത്. എന്നാൽ, രാവിലെ 9.30 ഓടെതന്നെ ചിത്രത്തിനായി സീറ്റ് റിസർവ് ചെയ്യാത്തവർ ക്യൂ നിന്നുതുടങ്ങി. ഇതിനിടയിൽ രണ്ട് സിനിമ പ്രദർശനങ്ങൾ ടാഗോറിൽ നടന്നെങ്കിലും കാര്യമായ തിരക്കുണ്ടായിരുന്നില്ല. ഉച്ചക്ക് ഒരുമണിയോടെയാണ് റിസർവ് ചെയ്തവരുടെ ക്യൂവും രൂപപ്പെട്ടു. മൂന്നുമണിയോടെയാണ് തിയറ്ററിലേക്ക് പ്രവേശനം ആരംഭിച്ചത്. എന്നാൽ, ഡെലിഗേറ്റുകൾ റിസർവ് ചെയ്ത സീറ്റുകൾ അക്കാദമിയുടെ ഗെസ്റ്റുകളും മേളയുടെ ഭാഗമായുള്ള മറ്റ് ഒഫിഷ്യലുകളും കൈയടക്കിയതോടെ മണിക്കൂറുകളോളം വെയിലുകൊണ്ട് ക്യൂനിന്ന പ്രായമായവരടക്കം പുറത്തായി. ഇതോടെയാണ് പ്രതിഷേധം ആരംഭിച്ചത്.
തിയറ്ററിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചവരെ പൊലീസ് തടഞ്ഞു. ഉന്തും തള്ളും വാക്കുതർക്കവുമായി. കാര്യങ്ങൾ കൈയാങ്കളിലേക്ക് പോകുമെന്നായതോടെ കൂടുതൽ പൊലീസെത്തി. ഇതോടെ മുദ്രാവാക്യങ്ങളോടെ തിയറ്ററിന് മുന്നിൽ ഡെലിഗേറ്റുകൾ സംഘടിച്ചു. പ്രതിഷേധം കനത്തതോടെ ഡെലിഗേറ്റുകളിൽനിന്ന് രണ്ട് പ്രതിനിധികളെ സംഘാടകരുമായി ചർച്ചക്ക് ക്ഷണിച്ചു. തിയറ്ററിനുള്ളിൽ കയറാൻ സാധിക്കാത്തവർക്കുവേണ്ടി ടാഗോറിൽതന്നെ ഒരു ഷോകൂടി അനുവദിക്കണമെന്നാണ് ഡെലിഗേറ്റുകൾ ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാൻ അക്കാദമി തയാറായില്ല. സിനിമക്ക് ഇനിയും രണ്ട് ഷോകൾകൂടി ഉള്ളതിനാൽ ഈ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് അക്കാദമി സ്വീകരിച്ചത്.
Nanpakal Nerathu Mayakkamതുടർന്ന് തിയറ്ററിന് മുന്നിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയ പെൺകുട്ടിയടക്കം മൂന്നുപേരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. ഡെലിഗേറ്റുകളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതോടെ നൂറുകണക്കിന് വരുന്ന ഡെലിഗേറ്റുകൾ ടാഗോറിലെ ഫെസ്റ്റിവൽ ഓഫിസിലേക്ക് മുദ്രാവാക്യം വിളികളുമായി മാർച്ച് നടത്തി. മൂവരെയും വിട്ടയക്കുമെന്ന അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ ഉറപ്പിലാണ് സമരം അവസാനിച്ചത് കഴിഞ്ഞ ദിവസം സനൽകുമാർ ശശിധരന്റെ വഴക്കിനും ബൊളിവിയൻ ചിത്രം 'ഉട്ടാമ'ക്കും റിസർവേഷൻകാർക്ക് സീറ്റ് ലഭിച്ചില്ലെന്ന് ആരോപിച്ച് പ്രതിഷേധം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.