മെഗാ സ്റ്റാറും മെഗാ സംവിധായകനും ഒന്നിക്കുന്നു; മമ്മൂട്ടി ചിത്രം അനൗൺസ്​ ചെയ്​ത്​ ലിജോ ജോസ്​ പെല്ലിശ്ശേരി

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. 'നന്‍പകല്‍ നേരത്ത് മയക്കം' എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ കഥയും സംവിധായകൻ ലിജോയുടേതാണ്. എസ്. ഹരീഷ് ആണ് തിരക്കഥയൊരുക്കുന്നത്. മമ്മൂട്ടിയും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന സിനിമയാണിത്​. മമ്മൂട്ടിയുടെ പുതിയ നിർമ്മാണ കമ്പനിയായ 'മമ്മൂട്ടി കമ്പനി'യും ലിജോയുടെ ആമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.


തമിഴ്നാട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ പഴനിയാണ്. വേളാങ്കണ്ണിയിലാണ് ആദ്യഘട്ട​ ചിത്രീകരണം ആരംഭിച്ചത്​. 40 ദിവസം നീളുന്ന ഒറ്റ ഷെഡ്യൂളിലാണ് സിനിമ ചിത്രീകരിക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പേരൻപ്, പുഴു, കർണൻ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ തേനി ഈശ്വറാണ് ക്യാമറ. നടൻ അശോകനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചുരുളിക്ക് ശേഷം ലിജോ ഒരുക്കുന്ന ചിത്രമാണിത്. വിനയ് തോമസിന്റെ കഥയ്ക്ക് എസ് .ഹരീഷ് തിരക്കഥ എഴുതിയ ചുരുളി ഓടിടി റീലിസായി എത്തുമെന്നാണ് കരുതുന്നത്.


മമ്മൂട്ടിയും ലിജോയും ഒന്നിക്കുന്ന രണ്ട് പ്രോജക്റ്റുകള്‍ വരാനിരിക്കുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എം.ടി. വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്‌ളിക്‌സ് ഒരുക്കുന്ന ആന്തോളജി ചിത്രത്തിലും മമ്മൂട്ടിയും ലിജോയും ഒന്നിക്കുമെന്നാണ്​ സൂചന. എംടിയുടെ 'കടുഗണ്ണാവ ഒരു യാത്ര' എന്ന കഥയാണ് മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ലിജോ ചെയ്യാനിരിക്കുന്നത്​. നിരവധി ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി ഇനി പുറത്തുവരാനുള്ളത്.

അമല്‍ നീരദിന്‍റെ ഭീഷ്‍മപര്‍വ്വം, നവാഗത സംവിധായിക റത്തീനയുടെ പുഴു, സിബിഐ സിരീസിലെ അഞ്ചാം ചിത്രം എന്നിവയ്ക്കൊപ്പം തെലുങ്ക് ചിത്രവും മമ്മൂട്ടിയുടേതായി പുറത്തെത്താനുണ്ട്. അഖില്‍ അക്കിനേനി നായകനാവുന്ന ഏജന്‍റ് ആണ് ഈ ചിത്രം. ചിത്രത്തില്‍ പ്രതിനായകനാണ് മമ്മൂട്ടിയെന്നും റിപ്പോർട്ടുണ്ട്​. ഈ സിനിമയുടെ ചിത്രീകരണത്തിനായി ഹംഗറിയിൽ എത്തിയ നടന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

Tags:    
News Summary - nanpakal nerathu mayakkam: mammootty and lijo jose pellissery movie starts at velankanni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.