നദവ് ലാപിഡ്

ദി കശ്മീർ ഫയൽസ്: അശ്ലീലവും കുപ്രചരണവു​മെന്ന് ഗോവ ചലച്ചിത്രമേള ജൂറി വിധിയെഴുതിയ സിനിമക്ക് മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്കാരം

ന്യൂഡൽഹി: 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ദേശീയോദ്ഗ്രഥന ഫീച്ചർ ചിത്രത്തിനുള്ള നർഗീസ് ദത്ത് അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടത് സംഘ്പരിവാർ പ്രൊപഗൻഡ സിനിമയായി അറിയപ്പെടുന്ന ‘ദി കശ്മീർ ഫയൽസ്’. വിവേക് ​​അഗ്നിഹോത്രി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ വർഷം മാർച്ചിലാണ് റിലീസ് ചെയ്തത്.

ഈ സിനിമ അശ്ലീലവും പ്രൊപഗൻഡയുമാണെന്ന് ഗോവയിൽ നടന്ന 53-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ (IFFI) ജൂറി തലവനും ഇസ്രയേലി സംവിധായകനുമായ നദവ് ലാപിഡ് തുറന്നടിച്ചിരുന്നു. സിനിമ കണ്ട് ജൂറി അസ്വസ്ഥരായെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനെ വേദിയിലിരുത്തി അദ്ദേഹം പരസ്യമായി പറഞ്ഞു. "തീവ്രമായ അനുഭവമായിരുന്നു 53-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം. അരങ്ങേറ്റ മത്സരത്തിൽ ഏഴ് സിനിമകളും അന്താരാഷ്ട്ര മത്സരത്തിൽ 15 സിനിമകളും കണ്ടു. അവയിൽ 14 എണ്ണത്തിന് സിനിമാറ്റിക് ഗുണങ്ങളും ദോഷങ്ങളും ഒക്കെ ഉണ്ടായിരുന്നു. എന്നാൽ, 15-ാമത്തെ ചിത്രമായ കശ്മീർ ഫയൽസ് എന്ന സിനിമ ഞങ്ങളെ എല്ലാവരെയും (ജൂറി) ഞെട്ടിക്കുകയും അസ്വസ്ഥരാക്കുകയും ചെയ്തു. ഇത്തരമൊരു അഭിമാനകരമായ ചലച്ചിത്ര മേളയുടെ മത്സരവിഭാഗത്തിന് അനുചിതമായ തരത്തിലുള്ള ഒരു കുപ്രചരണ, അശ്ലീല സിനിമയായി അതിനെ ഞങ്ങൾക്ക് തോന്നി. ഫെസ്റ്റിവലിൽ വിമർശനാത്മകമായ ചർച്ചകൾ സ്വീകാര്യമായതിനാൽ എന്റെ അതൃപ്തി നിങ്ങളുമായി തുറന്നു പങ്കിടുന്നു" -എന്നായിരുന്നു ലാപിഡ് പ്രസംഗിച്ചത്.

Full View

1989-1990കളിൽ കശ്മീരിൽനിന്നും പലായനം ചെയ്യേണ്ടിവന്ന കശ്മീരി പണ്ഡിറ്റുകളു​ടെ യഥാർഥ കഥ പറയുന്ന ചിത്രം എന്നായിരുന്നു സിനിമയുടെ അണിയറ പ്രവർത്തകരുടെ വാദം. സിനിമ റിലീസ് ആയതിന് പിന്നാലെ ഹിന്ദുത്വ കേന്ദ്രങ്ങളിൽനിന്നും വൻപിന്തുണയാണ് സിനിമക്ക് ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി വരെ ചിത്രം കാണാൻ ആഹ്വാനവുമായി എത്തിയിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ടാക്‌സ് ഇളവുകള്‍ നൽകിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സിനിമ കാണാൻ അവധികള്‍ നൽകിയും വിദ്വേഷ പ്രചരണത്തിന് ബി.ജെ.പി കൂട്ടുനിൽക്കുന്ന കാഴ്ചയായിരുന്നു.

അതേസമയം, കശ്മീരിലെ ഭീകരതയുടെ ഇരകളുടെ ശബ്ദമാണ് സിനിമയെന്നും ഈ പുരസ്‌കാരം തീവ്രവാദത്തിന്റെ ഇരകൾക്ക്, പ്രത്യേകിച്ച് കശ്മീരി ഹിന്ദുക്കൾക്ക് സമർപ്പിക്കുന്നുവെന്നും സംവിധായകൻ വിവേക് അഗ്നിഹോത്രി പ്രതികരിച്ചു. 2022 മാർച്ച് 11നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. അനുപം ഖേര്‍, പല്ലവി ജോഷി, ദര്‍ശന്‍ കുമാര്‍ തുടങ്ങിയവരാണ് ദ കശ്മീർ ഫയൽസിലെ പ്രധാനകഥാപാത്രങ്ങൾ.

Tags:    
News Summary - National Film Award: ‘The Kashmir Files’ wins ‘National Integration’ award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.