ദേശീയ ചലച്ചിത്ര പുരസ്‌കാരം: അല്ലു അർജുൻ നടൻ, ആലിയ ഭട്ട്, കൃതി സാനോൺ നടിമാർ

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടനായി ‘പുഷ്പ’യിലെ പ്രകടനത്തിന് അല്ലു അർജുൻ തെരഞ്ഞെടുക്കപ്പെട്ടു. ഗംഗുഭായ് കത്തിയവാഡിയിലെ അഭിനയത്തിന് ആലിയ ഭട്ടും ‘മിമി’യിലെ പ്രകടനത്തിന് കൃതി സാനോണും മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു. മികച്ച ഫീച്ചർ ചിത്രമായി മുൻ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിത കഥയെ ആസ്പദമാക്കി ആർ. മാധവൻ സംവിധാനം ചെയ്ത ‘റോക്കട്രി ദ നമ്പി ഇഫക്ട്’ തെരഞ്ഞെടുക്കപ്പെട്ടു. ‘ദി കശ്മീർ ഫയൽസ്’ന് മികച്ച ദേശീയോദ്ഗ്രഥന ചി​ത്രത്തിനുള്ള നർഗീസ് ദത്ത് അവാർഡ്  ലഭിച്ചു. നിഖില്‍ മഹാജനാണ് മികച്ച സംവിധായകന്‍. മറാത്തി ചിത്രം 'ഗോദാവരി'ക്കാണ് പുരസ്‌കാരം.

എസ്.എസ് രാജമൗലി ഒരുക്കിയ ആര്‍.ആര്‍.ആര്‍ നിരവധി പുരസ്കാരങ്ങളാണ് നേടിയത്. മികച്ച കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രമായി ആര്‍.ആര്‍.ആര്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, ഇതേ ചിത്രത്തിന് സംഗീതമൊരുക്കിയ കീരവാണിക്ക് മികച്ച പശ്ചാത്തല സംഗീതത്തിനും പ്രേം രക്ഷിതിന് നൃത്തസംവിധാനത്തിനും പുരസ്കാരം ലഭിച്ചു. മികച്ച കൊറിയോഗ്രാഫി അവാർഡ് ആർ.ആർ.ആറിലൂടെ കിംഗ് സോളമന് ലഭിച്ചപ്പോൾ ഇതിലെ ‘കൊമരം ഭീമുഡോ’ പാടിയ കാലഭൈരവ മികച്ച ഗായകനായും തെരഞ്ഞെടുക്കപ്പെട്ടു. ‘ഇരവിന്‍ നിഴല്‍’ എന്ന തെലുങ്ക് ചിത്രത്തിലെ ‘മായാവാ ഛായാവാ’ എന്ന ഗാനം ആലപിച്ച ശ്രേയാ ഘോഷാല്‍ ആണ് മികച്ച ഗായിക. 

പ്രധാന പുരസ്കാര​ങ്ങളൊന്നും ലഭിച്ചില്ലെങ്കിലും മലയാളത്തിന് നിരവധി അംഗീകാരങ്ങൾ ലഭിച്ചു. മികച്ച മലയാള ചിത്രമായി റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ചിത്രത്തിലെ മികച്ച പ്രകടനത്തിന് ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. നവാഗത സംവിധായകനുള്ള അവാർഡ് ‘മേപ്പടിയാൻ’ ഒരുക്കിയ വിഷ്ണുമോഹന് ലഭിച്ചു. മികച്ച തിരക്കഥക്കുള്ള അവാർഡ് നായാട്ടിന് തിര​ക്കഥയൊരുക്കിയ ഷാഹി കബീറിന് ലഭിച്ചു. മികച്ച പരിസ്ഥിതി ചിത്രമായി ആര്‍.എസ് പ്രദീപ് ഒരുക്കിയ മൂന്നാം വളവ് തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച അനിമേഷൻ ചിത്രമായി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത മലയാള ചിത്രം ‘കണ്ടിട്ടുണ്ട്’ തെരഞ്ഞെടുക്കപ്പെട്ടു. 12 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം സുരേഷ് എറിയാട്ട് ഒരുക്കി ഈക്‌സോറസ് സ്റ്റുഡിയോയാണ് നിർമിച്ചിരിക്കുന്നത്. മികച്ച സിങ്ക് സൗണ്ടിനുള്ള പുരസ്കാരം 'ചവിട്ടി'ന് അരുണ്‍ അശോകിനും സോനു കെ.പിക്കും ലഭിച്ചു. 2021ല്‍ സെന്‍സര്‍ ചെയ്ത 24 ഭാഷകളില്‍ നിന്നുള്ള 280 സിനിമകളാണ് അവാര്‍ഡിന് പരിഗണിച്ചത്. 

മറ്റു ​പുരസ്കാരങ്ങൾ:

മികച്ച ഹിന്ദി സിനിമ -സര്‍ദാര്‍ ഉദ്ദം (സംവിധാനം സുജിത് സര്‍കാര്‍)

മികച്ച തെലുങ്ക് ചിത്രം -ഉപേന

മറാഠി ചിത്രം- ഏക്ദാ കായ് സാലാ

തമിഴ് ചിത്രം -കടൈസി വിവസായി

ഗാനരചയിതാവ്- ചന്ദ്രബോസ്- (തെലുങ്ക് ചിത്രം- കൊണ്ട പോലം)

ബാലതാരം- ഭവിന്‍ റബാരി (ഛെല്ലോ ഷോ)

സഹ നടി- പല്ലവി ജോഷി (കശ്മീര്‍ ഫയല്‍സ്)

സഹനടന്‍- പങ്കജ് ത്രിപാഠി (മിമി)

കോസ്റ്റിയൂം ഡിസൈനര്‍- വീര കപൂര്‍ (സര്‍ദാര്‍ ഉദ്ദം) 

പ്രൊഡക്ഷന്‍ ഡിസൈന്‍- ദിമിത്രി മലിച്ച്

എഡിറ്റിങ്- സഞ്ജയ് ലീലാ ഭൻസാലി (ഗംഗുഭായി കത്തിയവാഡി)

Tags:    
News Summary - National Film Awards: 'Home' best Malayalam film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.