തുടരും, ആലപ്പുഴ ജിംഖാന, ബസൂക്ക എന്നീ ചിത്രങ്ങളുടെ ട്രെയിലറുകൾ മാർച്ച് 26 നാണ് പുറത്തിറങ്ങിയത്. മൂന്ന് സിനിമകൾക്ക് പിന്നിലും ഒറ്റ പേര്, നിഷാദ് യൂസഫ്. ട്രെയിലർ റിലീസിന് പിന്നാലെ വീണ്ടും ചർച്ചയാവുകയാണ് നിഷാദ് യൂസഫ്. ഈ മൂന്ന് സിനിമകളുടെയും എഡിറ്റിങ്ങിൽ പ്രവർത്തിച്ചിരുന്ന നിഷാദ് കഴിഞ്ഞ ഒക്ടോബറിലാണ് മരണപ്പെടുന്നത്. നിഷാദ് എഡിറ്റിങ് നിർവഹിച്ച സൂര്യ ചിത്രം കങ്കുവ റിലീസിന് തയ്യാറെടുക്കവേയാണ് അപ്രതീക്ഷിത മരണം. കരിയറിന്റെ ഏറ്റവും പീക്ക് ടൈമിലാണ് നിഷാദിന്‍റെ വിയോഗം.
ട്രെയിലർ റിലീസിന് പിന്നാലെ വീണ്ടും ചർച്ചയാവുകയാണ് നിഷാദ് യൂസഫ്. എഡിറ്റ് ചെയ്ത മോഹൻലാലിന്റെ മമ്മൂട്ടിയുടേയും വമ്പൻ ചിത്രങ്ങളുടെ ട്രെയിലറുകൾ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി ശ്രദ്ധ ചർച്ചയാകുമ്പോൾ അതിൽ വർക്ക് ചെയ്ത നിഷാദിന്റെ ഓർമകളിൽ നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ടത്.
ഉണ്ട, തല്ലുമാല എന്നീ സിനിമകൾക്ക് ശേഷം ഖാലിദ് റഹ്മാനൊപ്പമുള്ള നിഷാദിന്‍റെ മൂന്നാമത്തെ സിനിമയാണ് 'ആലപ്പുഴ ജിംഖാന'. തല്ലുമാലക്ക് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന പുരസ്കാരം ലഭിക്കുകയും ചെയ്തു. ഒരുപറ്റം ചെറുപ്പക്കാരുടെ കഥപറയുന്ന ആലപ്പുഴ ജിംഖാനയിൽ അവരുടെ വേഗത്തിനൊപ്പം പിടിച്ചുനിൽക്കാൻ നിഷാദിന്റെ എഡിറ്റിങ്ങിന് സാധിച്ചിട്ടുണ്ടെന്ന് ട്രെയിലറിൽ വ്യക്തമാണ്.
തരുൺ മൂർത്തി ചിത്രം 'തുടരും'ട്രെയിലർ ഫീൽ ഗുഡ് കാറ്റഗറിയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. സത്യൻ അന്തിക്കാട് സിനിമയുടെ സ്വഭാവത്തോട് ചേർന്ന് നിൽക്കുകയും അതേസമയം അല്പം നിഗൂഢത ഒളിപ്പിച്ചുള്ള സീക്വൻസുകൾ നിഷാദ് എന്ന എഡിറ്ററുടെ നൈപുണ്യം എടുത്ത് കാണിക്കുന്നു.
നവാഗതനായ ഡീനോ ഡെന്നിസിനോടൊപ്പം മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടി ചിത്രമായ ബസൂക്ക അടുത്ത മാസം പുറത്തിറങ്ങാനിരിക്കെ അവിടെയും പ്രേക്ഷകര്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ഫാക്റ്ററുകളിൽ നിഷാദ് യൂസഫ് ഉണ്ട്. സ്റ്റെലിഷ് മേക്കിങ്ങും ആക്ഷന്‍ സീനുകളുമായാണ് ബസൂക്ക എത്തുന്നത്.
ഏഷ്യാനെറ്റില്‍ വിഡിയോ എഡിറ്ററായി കരിയര്‍ ആരംഭിച്ച നിഷാദ് സ്‌പോട്ട് എഡിറ്ററായാണ് സിനിമ ലോകത്തേക്കെത്തിയത്. കുറഞ്ഞ ചിത്രങ്ങളിലൂടെത്തന്നെ ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന എഡിറ്ററാകാന്‍ നിഷാദിന് കഴിഞ്ഞിരുന്നു. ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷൻ ജാവ, അഡിയോസ് അമിഗോ, ഉടൽ, ചാവേർ തുടങ്ങിയവയാണ് നിഷാദ് യൂസഫ് എഡിറ്റ് ചെയ്ത മറ്റ് ശ്രദ്ധേയമായ ചിത്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.