ഇൻസ്റ്റഗ്രാമിലൂടെ സാരി വിൽപന നടത്തി ലഭിച്ച പണം പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികൾക്ക് നൽകി നടി നവ്യ നായർ. സാരി വിൽപനയുമായി ബന്ധപ്പെട്ട് തന്നെ വിമർശിക്കുന്നവരോട് പരാതിയില്ലെന്നും ഇവിടെ കൊണ്ടുവന്നതെല്ലാം ജനങ്ങൾ തനിക്ക് സമ്മാനിച്ചതാണെന്നും നവ്യ പറഞ്ഞു. കുടുംബത്തിനൊപ്പമാണ് നവ്യ ഗാന്ധി ഭവനിലെത്തിയത്. ഗാന്ധിഭവനിലെ അന്തേവാസികൾക്ക് പുതുവസ്ത്രങ്ങളും മധുരവും ഗാന്ധിഭവൻ സ്പെഷ്യൽ സ്കൂളിന് ഒരു ലക്ഷം രൂപയും നവ്യ സമ്മാനിച്ചു.
'നമുക്ക് നമ്മുടെ കുട്ടിയോട് മാത്രമേ പറഞ്ഞുകൊടുക്കാനും കാണിച്ചുകൊടുക്കാനും സാധിക്കുകയുള്ളൂ. ഇവിടെ വരുമ്പോൾ മാത്രമേ എല്ലാ സൗഭാഗ്യങ്ങളോട് കൂടി വളർന്ന കുട്ടികൾക്ക് ഈശ്വരൻ കൊടുത്തിട്ടുള്ളതെന്ന് മനസിലാവുകയുള്ളൂ. പല സാഹചര്യങ്ങൾ കാണ്ടായിരിക്കാം ഈ അച്ഛനമ്മമാർ ഇവിടെ എത്തിപ്പെട്ടിട്ടുണ്ടായിരിക്കുക. പൂർണമായി ആരെയും കുറ്റം പറയാൻ സാധിക്കില്ല. എല്ലാ തെറ്റിനും ശരിക്കും അപ്പുറം നമുക്ക് മനസ്സിലാക്കാൻ കഴിയാത്ത എന്തൊക്കൊയോ ഉണ്ട്. അതുകൊണ്ടുതന്നെ ആരെയും കുറ്റപ്പെടുത്തിയില്ലെങ്കിലും അഭിനന്ദിക്കാനും സ്നേഹിക്കാനും നമുക്ക് പറ്റുമല്ലോ'- നവ്യ പറഞ്ഞു.
'സാരിയുടെ കാര്യം പറഞ്ഞപ്പോൾ ആദ്യം ചിന്തിച്ചത് ജനങ്ങളുടെ അഭിപ്രായമാണ്. ഇവിടെ കൊണ്ടുവന്ന എല്ലാം എനിക്ക് എന്നോടുള്ള ഇഷ്ടം കൊണ്ട് ജനങ്ങൾ സമ്മാനിച്ചതാണ്. ഇനിയും അതിൽനിന്ന് എന്ത് കിട്ടിയാലും ഞാൻ ഇവിടെ കൊണ്ടുവരും'- നവ്യ നായർ പറഞ്ഞു.
ഗാന്ധിഭവനിലെ അന്തേവാസികൾക്കൊപ്പമുള്ള വിഡിയോ നവ്യയും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. 'സ്നേഹത്തിന്റെ, നന്മയുടെ, ചേർത്ത് പിടിക്കലിന്റെ, കരുണയുടെ, സാന്ത്വനത്തിന്റെ ‘ഉയിർപ്പു’ കളാവട്ടെ ലോകമെങ്ങും' എന്ന് കുറിച്ചുകൊണ്ടാണ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.