തിരുവനന്തപുരം: മന്ത്രി വി.എന്‍. വാസവന് നിയമസഭയിൽ നടത്തിയ 'ബോഡി ഷെയ്മിങ്' പരാമർശം വിവാദമായി, തുടർന്ന് മന്ത്രി പരാമർശം നിയമസഭയിൽനിന്ന് നീക്കുന്നതിന് കത്ത് നൽകി. അതിന്റെ അടിസ്ഥാനത്തിൽ പരാമർശം നിയമസഭ രേഖയിൽനിന്ന് നീക്കി.
നിയമസഭയിൽ സഹകരണ ഭേദഗതി ബിൽ അവതരിപ്പിച്ച് സംസാരിക്കവെ കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കാൻ ഉദാഹരണമായി മന്ത്രി നടത്തിയ പരാമർശമാണ് പുലിവാലായത്. അമിതാഭ് ബച്ചനെയും ഇന്ദ്രന്‍സിനെയും ഉപമിച്ച് നടത്തിയ പ്രസ്താവനയാണ് വിവാദമായത്.
ഇത് ബോഡി ഷെയ്മിങ്ങാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഭയിൽ ചൂണ്ടിക്കാട്ടി. അതിന് മറുപടി നൽകിയ സ്പീക്കർ എ.എൻ. ഷംസീർ ആ പരാമർശം പിൻവലിക്കാൻ മന്ത്രി കത്ത് നൽകിയിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ പരാമർശം സഭാരേഖകളിൽനിന്ന് നീക്കം ചെയ്തതായും വ്യക്തമാക്കി. എന്നാൽ, നിയമസഭയിൽ മന്ത്രി ആ പരാമർശം പിൻവലിച്ചതുമില്ല. 'പാർട്ടികൾ ക്ഷീണിച്ച കാര്യം പറഞ്ഞാൽ സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിൽനിന്ന് നിങ്ങൾക്ക് (കോൺഗ്രസിന്) ഭരണം കൈമാറുകയായിരുന്നു. ഇപ്പോൾ എവിടെയെത്തി. കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലാതായി. ഹിമാചൽപ്രദേശിൽ അധികാരം കിട്ടിയപ്പോൾ രണ്ടു ചേരിയായി. മുഖ്യമന്ത്രിയുടെ മുന്നിൽ മുദ്രാവാക്യം വിളിക്കുകയാണ്. ഇതാണ് നിങ്ങളുടെ ഗതികേട്' എന്നു പറഞ്ഞാണ് തുടർന്ന് നടന്മാരെ താരതമ്യപ്പെടുത്തി സംസാരിച്ചത്.
അതിനിടെ മന്ത്രിയുടെ പരാമർശത്തിൽ തനിക്ക് വിഷമമോ ബുദ്ധിമുട്ടോ ഇല്ലെന്ന് നടന് ഇന്ദ്രൻസ്. 'ഇന്ത്യാ രാജ്യത്ത് എല്ലാവർക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. മന്ത്രി അങ്ങനെ പറഞ്ഞതിൽ എനിക്ക് വിഷമമില്ല. അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ല. അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാവുകയുമില്ല. അത് സത്യമല്ലേ? ഞാൻ കുറച്ച് പഴയ ആളാണ്.
ഉള്ളത് ഉള്ളതു പോലയല്ലേ പറയേണ്ടത്. ഇതിലെനിക്ക് ബോഡി ഷെയ്മിങ് ഒന്നും തോന്നുന്നില്ല. താനെന്താണെന്ന് തനിക്ക് നല്ല ബോധ്യമുണ്ടെന്നും അദ്ദേഹം ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.