രൺബീർ മാത്രമല്ല വിവേക് അഗ്നിഹോത്രിയും ബീഫ് കഴിക്കും; വിലക്കുമോയെന്ന് ആരാധകർ

രൺബീർ കപൂറിന് പിന്നാലെ ബീഫ് വിവാദത്തിൽ പെട്ട് കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രിയും. രൺബീർ ആരാധകരാണ് വിവേക് അഗ്നിഹോത്രി ബീഫ് പ്രിയ ഭക്ഷണമാണെന്ന പരാമർശമുള്ള പഴയ വീഡിയോ കുത്തിപൊക്കിയിരിക്കുന്നത്. ബീഫ് വിഷയത്തിൽ നേരത്തെ രൺബീറിനെതിരെ വിവേക് അഗ്നിഹോത്രി വിമർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രൺബീർ ആരാധകർ വിവേകിന്റെ വിഡിയോയുമായി എത്തിയിരിക്കുന്നത്. 'ഞാൻ ഒരുപാട് കാര്യങ്ങൾ എഴുതിയിട്ടുണ്ട്. ഏറ്റവും നല്ല ബീഫ് എവിടെ കിട്ടുമെന്ന് ഞാൻ എഴുതിയിട്ടുണ്ട്. അന്നും കഴിച്ചിരുന്നു, ഇപ്പോൾ കഴിക്കാറുണ്ട്. ജീവിതത്തിൽ ഒരു മാറ്റവും വന്നിട്ടില്ല'-എന്നാണ് വിഡിയോയിൽ വിവേക് അഗ്നിഹോത്രി പറയുന്നത്. ഈ വീഡിയോ രൺബീറിന്റെ ആരാധകരാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

രൺബീറിനെ വിലക്കിയ ഉജ്ജയിനിയിലെ മഹാകാളി ക്ഷേത്രത്തിൽ അഗ്നിഹോത്രിക്ക് പ്രവേശനം നൽകിയതിനെയും ആരാധകർ ചോദ്യം ചെയ്യുന്നു. കശ്മീർ ഫയൽസ് നിർമ്മാതാവ് അഭിഷേക് അഗർവാളിനൊപ്പം വിവേക് ക്ഷേത്രത്തിൽ നിൽക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് രൺബീർ ആരാധകരുടെ രോഷം. രൺബീറിനും വിവേകിനും വേറെ വേറെ നീതിയാണോ എന്നാണ് സമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. ബീഫ് കഴിക്കുന്ന വിവേക് അഗ്നിഹോത്രിയെ എന്തിന് ക്ഷേത്രത്തിനകത്ത് കയറ്റാൻ അനുവദിച്ചുവെന്നും രൺബീർ ആരാധകർ ചോദിക്കുന്നു.

2011 ൽ റിലീസായ റോക്സ്റ്റാർ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് രൺബീർ തനിക്ക് ബീഫ് ഇഷ്ടമാണെന്ന് പറഞ്ഞത്. 'എന്റെ കുടുംബം പെഷവാറിൽ നിന്നുള്ളവരാണ്. ഞാനൊരു മട്ടൺ, പായ, ബീഫ് ആരാധകനാണ്,' എന്നായിരുന്ന രൺബീർ പറഞ്ഞത്. പുതിയ ചിത്രമായ ബ്രഹ്മാസ്ത്ര റിലീസാകുന്നതിന് തൊട്ടുമുമ്പാണ് രൺബീറിന്റെ ഈ പഴയ വീഡിയോ വീണ്ടും പ്രചരിച്ചത്.

തുടർന്ന് രൺബീറിനെതിരെ വലിയരീതിയിലുള്ള സൈബർ ആക്രമണം ഉണ്ടായിരുന്നു. പുതിയ ചിത്രമായ ബ്രഹ്മാസ്ത്ര ബഹിഷ്കരിക്കാനും വലിയ രീതിയിലുള്ള ആഹ്വാനം നടന്നു. തുടർന്നായിരുന്നു കാളി ക്ഷേത്രത്തിലെ വിലക്ക്. ബജ്‌റംഗ്ദൾ പ്രവർത്തകരായിരുന്നു പ്രതിഷേധത്തിന് പിന്നിൽ. ബീഫ് കഴിക്കുന്ന രൺബീർ കപൂറിനേയും ആലിയ ഭട്ടിനേയും മധ്യപ്രദേശിലെ ഉജ്ജയിനിൽ മഹാകാളി ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ലെന്നായിരുന്നു ബജ്‌റംഗ്ദൾ പ്രവർത്തകരുടെ നിലപാട്. രണ്‍ബീര്‍ ബീഫ് ഇഷ്ടമാണ് എന്ന് പറയുന്ന വിഡിയോ തീവ്രഹിന്ദുത്വ ഗ്രൂപ്പുകളാണ് വിവാദത്തിലാക്കിയത്. ബീഫ് പരാമര്‍ശത്തിന്റെ പേരില്‍ രണ്‍ബീറിന്റെ പുതിയ ചിത്രമായ ബ്രഹ്മാസ്ത്രക്ക് നേരെ ബോയ്‌കോട്ട് ക്യാമ്പെയ്‌നുകളും നടന്നു.

കശ്മീര്‍ ഫയല്‍സാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന വിവേക് അഗ്നിഹോത്രിയുടെ ചിത്രം. കശ്മീരി പണ്ഡിറ്റുകളുടെ പലായനം ചിത്രീകരിച്ച് സിനിമയെ പുകഴ്ത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റ് ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിരുന്നു.

Tags:    
News Summary - Not just Ranbir, Vivek Agnihotri also eats beef

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.