o baby: കാടോളം വന്യമായ മനുഷ്യചോദനകൾ

കാട്ടിലേക്ക് കാമറ തുറന്നുവെച്ചപ്പോൾ മലയാള സിനിമക്ക് പലപ്പോഴും ലഭിച്ചത് അപൂർവ സിനിമക്കുള്ള കഥാതന്തുക്കളാണ്. 1973ൽ നീലാ പ്രൊഡക്ഷൻസ് പുറത്തിറക്കിയ ‘കാട്’, എം.ടി. വാസുദേവൻ നായരുടെ അപൂർവ സിനിമയായ ‘കാടിന്‍റെ മക്കൾ’, കുഞ്ചാക്കോയുടെ ‘പഞ്ചവൻകാട്’ എന്നിവ മലയാള സിനിമയുടെ തുടക്കകാലത്ത് കാടിന്‍റെ വന്യത പകർത്തിയ ചിത്രങ്ങളിൽ ചിലതാണ്.

അടുത്തിടെ ഇറങ്ങിയ കാർബൺ, കാട് പൂക്കുന്ന നേരം, ചുരുളി, നോർത്ത് 24 കാതം, ‘നീലാകാശം, പച്ചക്കടൽ ചുവന്നഭൂമി’, കാടകലം എന്നിവ കാടിനെയും അതുമായി ചുറ്റിപ്പറ്റിയുമാണ് കഥയാക്കിയത്.

ആ ഗണത്തിൽപെട്ട കഥ പറയുന്ന സിനിമയാണ് രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത ‘ഒ.ബേബി’. വേട്ടയാടുന്ന മനുഷ്യരുടെ കഥകൾക്ക് എന്നും പ്രേക്ഷകശ്രദ്ധ നേടാനായിട്ടുണ്ട്. ആ ഒരു ചിന്തയിൽനിന്നാവാം, സംവിധായകൻ ഒരുപക്ഷേ കാടിനെയും മനുഷ്യനെയും വേട്ടയാടലിനെയും പ്രമേയമാക്കി സിനിമയൊരുക്കിയത്. കാട്, കാടിനുതാഴെ മനുഷ്യൻ നട്ടുവളർത്തുന്ന ഏലക്കാട്.

മലയോരത്ത് വീശിയടിക്കുന്ന കാറ്റിൽ വന്യമായ മനുഷ്യചോദനകൾ. വാശിയും പ്രണയവും കാമവും ഇണചേരുന്ന ഇടം. കാടിനകത്ത് കാട്ടുപന്നിയും കടുവയും പുലിയുമുണ്ട്. അവയെ വേട്ടയാടി വേട്ടയാടി മനസ്സ് തണുത്തുറഞ്ഞ കുറച്ചു മനുഷ്യർ. അവർ തോക്കിൽ തിരനിറച്ച് കാടിന്റെ ഇരുട്ടിൽ കാത്തിരിക്കുകയാണ്. കാട്ടുപന്നികളെ വേട്ടയാടി അവർ ഒടുവിൽ പരസ്പരം തോക്കുചൂണ്ടുകയാണ്.

ആറു വർഷത്തിനുശേഷമാണ് രഞ്ജൻ പ്രമോദ് സിനിമയുമായി തിയറ്ററിലേക്ക് വന്നത്. പശ്ചിമഘട്ടത്തോട് തൊട്ടുകിടക്കുന്ന പ്ലാന്റേഷനിലാണ് ഒ. ബേബിയുടെ കഥ നടക്കുന്നത്. കാടുകയറി ആദ്യമെത്തിയത് ദിലീഷ് പോത്തൻ അവതരിപ്പിക്കുന്ന ഒ. ബേബിയുടെ പൂർവികരാണ്.

പിന്നീട് കാടുകയറിവന്ന് പ്ലാന്റേഷൻ സ്ഥാപിച്ച് പണക്കാരായ കുടുംബത്തിന്റെ കാര്യസ്ഥന്മാരായി ബേബിയുടെ പൂർവികർ മാറി. ബേബിയുടെ കൈക്കരുത്തിലാണ് ഇപ്പോൾ ആ കുടുംബം കാട് അടക്കിഭരിക്കുന്നത്. പൊലീസും നിയമവുമല്ല, കാട്ടുനീതിയാണ് അവിടെ നടപ്പാക്കുന്നത്. മൂന്നു തലമുറകളുടെ ജീവിതവും കാഴ്ചപ്പാടുമാണ് രഞ്ജൻ പ്രമോദ് പറയുന്നത്. ചെകുത്താൻമലയെന്ന ആളുകേറാമലയുടെ കീഴെയാണ് കഥ നടക്കുന്നത്.

ആനയെ വേട്ടയാടി ആ കൊമ്പുകൊണ്ട് കസേര പണിത വല്യപ്പച്ഛനും അദ്ദേഹത്തെ വീരാരാധനയോടെ കാണുന്ന മക്കളും റീലും ട്രക്കിങ്ങും കാടുകയറ്റവുമൊക്കെയായി നടക്കുന്ന അവരുടെ കൊച്ചുമക്കളും. പ്രണയത്തിന്റെ പേരിൽ തന്റെ കുടുംബത്തെ വേട്ടയാടാനൊരുങ്ങുന്ന മുതലാളിയെ എങ്ങനെയാണ് ബേബി പ്രതിരോധിക്കുന്നത്. മാവോവാദിയായി മുദ്രകുത്താനും കാട്ടിലിട്ട് വെട്ടിത്തീർക്കാനുമുള്ള ശ്രമങ്ങളെ ബേബി എങ്ങനെ പ്രതിരോധിക്കുന്നു... ഇവയൊക്കെയാണ് ചിത്രം മുന്നോട്ടുവെക്കുന്നത്.

Tags:    
News Summary - o baby-movie-lets watch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.