ദുബൈ: ഓൺലൈൻ രംഗത്ത് പ്രവർത്തിക്കുന്ന ചില നിരൂപകർ വാടകക്കൊലയാളികളെയും ഗുണ്ടകളെയും പോലെയാണ് പ്രവർത്തിക്കുന്നതെന്ന് സംവിധായകൻ ലാൽ ജോസ്. 'സോളമന്‍റെ തേനീച്ചകൾ' എന്ന പുതിയ ചിത്രത്തിന്‍റെ ഗൾഫ് റിലീസിന് മുന്നോടിയായി ദുബൈയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പണം നലകുന്നവരുടെ സിനിമയെ കുറിച്ച് മാത്രമാണ് ഇത്തരം നിരൂപകർ നല്ലത് പറയുന്നത്. മറ്റുള്ളവരെ തകർക്കാൻ എല്ലാ തരത്തിലും മോശം അഭിപ്രായം പ്രചരിപ്പിക്കുകയും ചെയ്യും. എന്നാൽ സിനിമയെ ശരിയായ രീതിയിൽ വിലയിരുത്തുന്നവരും ഏറെയുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു.
വിമർശകരെയും നിരൂപകരെയും മുന്നിൽ കണ്ട് സിനിമയെടുക്കേണ്ട സാഹചര്യമാണ് ഇന്നുള്ളത്. മുൻ കാലങ്ങളിൽ ഇത്തരത്തിലായിരുന്നില്ല. ഓരോ വർഷവും 200ലേറെ സിനിമകൾ മലയാളത്തിലിറങ്ങുന്ന സാഹചര്യമിന്നുണ്ട്. പുതുകാല സിനിമാ പ്രളയത്തിൽ പിടിച്ചു നിൽക്കാനാണ് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള തന്നെ പോലുള്ളവർ ശ്രമിക്കുന്നത്. 'വിക്രമാദിത്യൻ' എന്ന തന്‍റെ ഹിറ്റ് ചിത്രത്തിന് രണ്ടാംഭാഗം പുറത്തിറക്കാൻ ആലോചിക്കുന്നുണ്ട് -ലാൽ ജോസ് വ്യക്തമാക്കി. സ്റ്റാർ ഹോളിഡെയ്സ് ഫിലിംസാണ് 'സോളമന്‍റെ തേനീച്ചകൾ' ജി.സി.സിയിൽ വിതരണം ചെയ്യുന്നത്. നാട്ടിൽ നല്ല പ്രേക്ഷക പ്രതികരണവും നിരൂപക ശ്രദ്ധയും നേടിയ ഫാമിലി സസ്പെൻസ് ത്രില്ലർ പ്രവാസലോകത്തും സ്വീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്ന ദർശന, വിൻസി, ശംഭു, ആഡിസ് എന്നീ പുതുമുഖ താരങ്ങളും പ്രതീക്ഷ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.