'ഷെഫീക്കിന്‍റെ സന്തോഷം' സിനിമയിൽ അഭിനയിച്ചതിന് നിര്‍മാതാവും നടനുമായ ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകിയില്ലെന്ന ആരോപണവുമായി നടൻ ബാല. ചിത്രത്തില്‍ അഭിനയിച്ച സ്ത്രീകള്‍ക്ക് മാത്രമേ പണം നല്‍കിയുള്ളൂ. തനിക്ക് മാത്രമല്ല, അണിയറ പ്രവർത്തകർക്കും പ്രതിഫലം നല്‍കിയില്ല. തനിക്ക് കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, അണിയറയില്‍ പ്രവര്‍ത്തിച്ച മറ്റുള്ളവര്‍ക്കെങ്കിലും നല്‍കണമെന്നും ബാല ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആരോപണം.
സംവിധായകന്‍, ഛായാഗ്രഹകന്‍ അടക്കമുള്ളവർക്കൊന്നും പ്രതിഫലം നല്‍കിയിട്ടില്ല. 'അമ്മ'യുടെ പ്രതിനിധിയായ ഇടവേള ബാബുവിനെ വിവരം അറിയിച്ചപ്പോള്‍ പരാതി നല്‍കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍, പരാതി നല്‍കാന്‍ താല്‍പര്യമില്ല. ഉണ്ണി മുകുന്ദന്‍ നന്നാവണമെന്ന ആഗ്രഹം മാത്രമേയുള്ളൂ. ഇങ്ങനെ ആളുകളെ പറ്റിച്ചുള്ള സിനിമ ഇനി മലയാളത്തിൽ വേണ്ട. മനുഷ്യൻ മനുഷ്യനായി ഇരിക്കണമെന്നും ബാല പറഞ്ഞു. എന്നെ ചതിച്ചാൽ കുഴപ്പമില്ല, പാവങ്ങളെ ചതിക്കരുത്. അവന്‍ ഇനിയും അഭിനയിച്ചോട്ടെ, സിനിമ നിര്‍മിക്കാന്‍ നില്‍ക്കരുതെന്നാണ് പറയാനുള്ളത്. ഒരു കാലത്ത് ഇതിനെല്ലാം പ്രതിഫലം കിട്ടുമെന്നും ബാല പറഞ്ഞു.
എന്നാൽ, ബാലയുടെ ആരോപണം ശരിയല്ലെന്ന വിശദീകരണവുമായി ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ വിനോദ് മംഗലത്ത് രംഗത്തെത്തി. പ്രതിഫലം വേണ്ടെന്ന് പറഞ്ഞ് ചിത്രത്തിൽ അഭിനയിക്കാൻ തയാറായ നടനാണ് ബാലയെന്നും എന്നിട്ടും രണ്ട് ലക്ഷം രൂപ പ്രതിഫലമായി നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം സഹോദരനെപ്പോലെ കരുതുന്ന ഉണ്ണി മുകുന്ദന്റെ ചിത്രമാണിതെന്നും ഇതിന് താൻ പൈസ വാങ്ങില്ലെന്നുമായിരുന്നു ബാലയുടെ നിലപാട്. സിനിമയുടെ ചിത്രീകരണ ശേഷവും പ്രതിഫലത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇതുതന്നെ പറഞ്ഞു. പിന്നീട് ഡബ്ബിങ്ങിന് വന്നുപോയ ശേഷം രണ്ട് ലക്ഷം രൂപ അദ്ദേഹത്തിന് അയച്ചുകൊടുത്തിരുന്നു. ഇപ്പോൾ എന്താണ് ഇങ്ങനെ പറയുന്നതെന്ന് അറിയില്ല.
ഇതിൽ പ്രവർത്തിച്ച ആരെങ്കിലും പ്രതിഫലം കിട്ടിയിട്ടില്ലെന്ന് വന്നു പറഞ്ഞാൽ അവർക്ക് ഇരട്ടി പ്രതിഫലം നൽകാൻ തയാറാണ്. എല്ലാവർക്കും പ്രതിഫലം നൽകിയതിന്റെ രേഖകൾ എന്റെ കൈയിലുണ്ട്. ബാങ്ക് സ്റ്റേറ്റ്മെന്റ് എടുക്കാൻ ഞാൻ തയാറാണ്. എന്നാൽ, തീരുമാനിച്ചതിൽനിന്നും നേരത്തെ ഷൂട്ട് തീർന്നതിനാൽ ചിലർക്ക് പറഞ്ഞതിൽ നിന്ന് തുക കുറച്ചു നൽകിയിട്ടുണ്ട്. അതും അവരുടെ അനുവാദത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.
ഉണ്ണി മുകുന്ദനെ നായകനാക്കി അനൂപ് പന്തളം സംവിധാനം ചെയ്ത 'ഷെഫീക്കിന്‍റെ സന്തോഷം' നവംബർ 25നാണ് തിയറ്ററുകളിൽ എത്തിയത്. മനോജ് കെ. ജയൻ, ദിവ്യാ പിള്ള, ബാല, ഷഹീൻ സിദ്ദിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.