‘നാട്ടു നാട്ടു’വിന് ഓസ്കർ

ലോസ് ആഞ്ജലസ്: ഓസ്കറിൽ വീണ്ടും ഇന്ത്യൻ അഭിമാനത്തിളക്കം. എസ്.എസ്. രാജമൗലിയുടെ തെലുങ്ക് ചിത്രം ‘ആർ.ആർ.ആർ’നുവേണ്ടി കീരവാണി സംഗീത സംവിധാനം നിർവഹിച്ച ‘അടിപൊളി’ ഗാനം ‘നാട്ടു നാട്ടു’വും (മികച്ച ഗാനം), ഗുനീത് മോങ്ക നിർമിച്ച് കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത ‘ദ എലിഫന്റ് വിസ്പറേഴ്സും’ (മികച്ച ഡോക്യുമെന്ററി) ആണ് 95ാമത് ഓസ്കറിൽ മുത്തമിട്ടത്. ഇന്ത്യൻ നിർമിത സിനിമയിലെ പാട്ടിന് ലഭിക്കുന്ന ആദ്യ ഓസ്കറാണിത്.

മലയാളത്തിൽ ഉൾപ്പെടെ നിരവധി ഹിറ്റുകൾ ഒരുക്കിയ സംഗീത സംവിധായകനാണ് കൊഡുരി മരകതമണി കീരവാണി എന്ന എം.എം. കീരവാണി. ചന്ദ്രബോസ് ആണ് ‘നാട്ടു നാട്ടു’ എഴുതിയത്. അവാർഡ് സ്വീകരിച്ച് ലോകത്തോടായി കീരവാണി പറഞ്ഞു: - ‘ദ കാർപന്റേഴ്സ്’ സംഗീത ട്രൂപ്പിനെ കേട്ടാണ് ഞാൻ വളർന്നത്. അവരുടെ ‘ലോകത്തിനു നെറുകയിൽ’ (ടോപ് ഓഫ് ദ വേൾഡ്) എന്ന പാട്ടിലെ വരികൾപോലെ, ‘ആർ.ആർ.ആറി’ന്റെ നേട്ടം വഴി ഓരോ ഇന്ത്യക്കാരന്റെയും അഭിമാനം എന്നെ ലോകത്തിന്റെ നെറുകയിലെത്തിക്കണമെന്ന ആഗ്രഹമാണുണ്ടായിരുന്നത്. ‘ഗോൾഡൻ ഗ്ലോബ്’, ‘ക്രിട്ടിക്സ് ചോയ്സ് അവാർഡു’കൾ നേരത്തേ ‘നാട്ടുനാട്ടു’വിന് കിട്ടിയിട്ടുണ്ട്. ഇതൊരു യഥാതഥാതീത (സർറിയൽ) നിമിഷമാണെന്നും ലോകമെമ്പാടുമുള്ള ആരാധകർക്കായി അവാർഡ് സമർപ്പിക്കുന്നുവെന്നും ‘ആർ.ആർ.ആർ’ ടീം ഔദ്യോഗിക ട്വിറ്റർ പേജിൽ പ്രതികരിച്ചു.

 ‘റൈസ്, റോർ, റിവോൾട്ട്’ എന്നതിന്റെ ചുരുക്കപ്പേരാണ് ആർ.ആർ.ആർ. 1920കളിലെ രണ്ട് തീപ്പൊരി നേതാക്കളായ അല്ലൂരി സീതാരാമ രാജുവിന്റെയും കൊമരം ഭീമിന്റെയും കഥ പറയുന്ന സിനിമയാണിത്.

2008ലാണ് മികച്ച ഗാനത്തിനുള്ള ആദ്യ ഓസ്കർ ഇന്ത്യയിലേക്ക് എത്തിയത്. ഡാനി ബോയ്ൽ സംവിധാനം ‘സ്ലം ഡോഗ് മില്ലനയർ’ എന്ന ചിത്രത്തിലെ ‘ജയ് ഹോ’ എന്ന എ.ആർ. റഹ്മാൻ ചിട്ടപ്പെടുത്തിയ ഗാനത്തിനാണ് അന്ന് പുരസ്കാരം ലഭിച്ചത്. ഗുൽസാർ ആണ് രചയിതാവ്. ഇന്ത്യൻ പാട്ടായിരുന്നെങ്കിലും സിനിമ ഇന്ത്യൻ നിർമിതമായിരുന്നില്ല.

രാം ചരണിന്റെയും ജൂനിയർ എൻ.ടി.ആറിന്റെയും ചടുലമായ നൃത്തത്തിന്റെ മനോഹാരിത കൊണ്ടുകൂടിയാണ് ‘നാട്ടുനാട്ടു’ ശ്രദ്ധേയമായത്. രാഹുൽ സിപ്ലിഗുഞ്ചും കാലഭൈരവയും ആണ് ഗായകർ.

ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിൽ ഇന്ത്യൻ സാഹചര്യത്തിലെ സംഭവങ്ങൾ ചിത്രീകരിച്ച ‘സ്മൈൽ പിങ്കി’, ‘പിരീഡ്, എൻഡ് ഓഫ് സൈലൻസ്’ എന്നിവയും നേരത്തേ അവാർഡ് നേടിയിട്ടുണ്ടെങ്കിലും രണ്ടും വിദേശ നിർമാണം ആയിരുന്നു. അനാഥനായ ആനക്കുട്ടിയും സംരക്ഷകരായ ആദിവാസി ദമ്പതികളും തമ്മിലുള്ള ബന്ധമാണ് ഡോക്യുമെന്ററി പ്രമേയം. തമിഴ്നാട്ടിലാണ് സംഭവം നടക്കുന്നത്. അവാർഡ് ജന്മനാടിന് സമർപ്പിക്കുന്നതായി ഗോൺസാൽവസ് പറഞ്ഞു. ഓസ്കർ വേദിയിൽ നടി ദീപിക പദുക്കോൺ ആണ് ‘നാട്ടു നാട്ടു’ അവതരിപ്പിച്ചത്..

എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ആകെ 11 വിഭാഗങ്ങളിൽ നാമനിർദേശം ചെയ്യപ്പെട്ട ഈ ചിത്രം ഏഴ് പുരസ്കാരങ്ങൾ നേടി.

ദി വെയ്‍ൽ എന്ന ചിത്രത്തിലെ പ്രകടനത്തിന് ബ്രെൻഡൻ ഫ്രേസർ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മിഷേൽ യോ (എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്) മികച്ച നടിയായി.

ഹോളിവുഡിലെ ഡോൾബി തിയറ്ററിലാണ് ചടങ്ങ് നടന്നത്. റെഡ് കാർപ്പറ്റിന് പകരം ഷാംപെയിൻ നിറത്തിലെ കാർപ്പറ്റിലാണ് താരങ്ങളെ സ്വീകരിച്ചത്. കൊമേഡിയൻ ജിമ്മി കിമ്മൽ ആയിരുന്നു ചടങ്ങിന്‍റെ അവതാരകൻ. ദീപിക പദുകോൺ അടക്കം പ്രമുഖരാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ‘ആർ.ആർ.ആർ’ ടീമിൽനിന്നും സംവിധായകൻ രാജമൗലി, നടന്മാരായ രാം ചരൺ, ജൂനിയർ എൻ.ടി.ആർ തുടങ്ങിയവർ ഡോൾബി തിയറ്ററിലെത്തി.


2023-03-13 08:36 IST

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ആർ.ആർ.ആറിലെ ‘നാട്ടു നാട്ടു...’ എന്ന ഗാനം ഓസ്കർ സ്വന്തമാക്കി. എ. റഹ്മാൻ - ഗുൽസാർ സംഘത്തിന്‍റെ ഓസ്കർ നേട്ടത്തിനു ശേഷം ഒറിജിനൽ സോങ് വിഭാഗത്തിൽ ഇന്ത്യ നേടിയ പുരസ്കാരമാണിത്.

2023-03-13 08:12 IST

2023-03-13 07:59 IST

മികച്ച ഡോക്യുമെന്‍ററിയായി ഇന്ത്യയിൽനിന്നുള്ള ‘ദി എലഫന്‍റ് വിസ്പേഴ്സ്' തെരഞ്ഞെടുക്കപ്പെട്ടു

Tags:    
News Summary - Oscars 2023 awards malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.