മുംബൈ: ബോളിവുഡ് താരം റിച്ച ഛദ്ദക്കെതിരെ തെലുങ്ക്-ഹിന്ദി നടി പായൽ ഘോഷ് നടത്തിയ അപകീർത്തി ആരോപണത്തിൽ നടി നിരുപാധികം മാപ്പ് പറഞ്ഞു. ഇതോടെ ഇരുവരുടെയും സമ്മതത്തോടെ ബോംബെ ഹൈക്കോടതി പരാതി തീർപ്പാക്കി. മാപ്പ് പറഞ്ഞതോടെ പായൽ ഘോഷിനെതിരെ കൂടുതൽ നിയമനടപടിക്ക് ഇല്ലെന്നും നഷ്ടപരിഹാരം വേണ്ടെന്നും റിച്ച ഛദ്ദ അറിയിക്കുകയായിരുന്നു.
അതേസമയം, നടൻ കമാൽ ആർ. ഖാനെതിരെയും ഒരു ടി.വി ചാനലിനെതിരെയുമുള്ള കേസുമായി റിച്ച ഛദ്ദ മുന്നോട്ടുപോകും. കമാൽ ആർ. ഖാനോട് സത്യപ്രസ്താവന നൽകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ആറ് ആഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.
സംവിധായകനും ആക്ടിവിസ്റ്റുമായ അനുരാഗ് കശ്യപിനെതിരെ പായൽ ഘോഷ് ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ഇതിലാണ് റിച്ച ഛദ്ദയുടെ പേര് അപകീർത്തികരമായി പരാമർശിച്ചത്. അനുരാഗ് കശ്യപ് തന്നോട് വഴങ്ങാൻ ആവശ്യപ്പെട്ടെന്ന് ഘോഷ് ആരോപിച്ചിരുന്നു. റിച്ച ഛദ്ദ ഉൾപ്പെടെയുള്ള നടികൾക്ക് ഇതിൽ പരാതിയില്ലെന്ന് അനുരാഗ് കശ്യപ് പറഞ്ഞതായും പായൽ ഘോഷ് ടി.വി ഇന്‍റർവ്യൂവിൽ പറഞ്ഞിരുന്നു. തുടർന്നാണ് തന്‍റെ പേര് വലിച്ചിഴച്ചതിനെതിരെ റിച്ച ചദ്ദ നിയമനടപടിക്കൊരുങ്ങിയത്.
പായൽ ഘോഷ്, കമാൽ ആർ. ഖാൻ, ടി.വി ചാനൽ എന്നിവർക്കെതിരെ 1.10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് റിച്ച പരാതിപ്പെട്ടത്.
അനുരാഗ് കശ്യപിനെതിരെ പായൽ ഘോഷ് ഉന്നയിച്ച ലൈംഗികാരോപണം ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്നും കെട്ടിച്ചമച്ചതാണെന്നും വ്യക്തമാക്കി നിരവധി പേർ കശ്യപിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.