തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി നാളുകളിലും സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ സിനിമാ മേഖലയിലുള്ളവർ വ്യാപൃതരാകുന്നുവെന്നത് പ്രത്യാശ പകരുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിശാഗന്ധി ഓഡിറ്റോറിയത്തിൽ 51ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് മഹാമാരി സിനിമ മേഖലയെ പ്രതിസന്ധിയിലാക്കിയ 2020ൽ നൂറ് സിനിമകൾ സെൻസർ ചെയ്യപ്പെട്ടുവെന്നത് ശ്രദ്ധേയമാണ്. ഇതിൽ 80 എണ്ണം ചലച്ചിത്ര പുരസ്കാരത്തിന് സമർപ്പിക്കപ്പെട്ടു. ഇവയിൽനിന്ന് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ കേരളീയ സമൂഹത്തിെൻറ പുരോഗമനപരമായ പ്രയാണത്തിന് സാംസ്കാരിക ഊർജം പകരുന്നവയാണ്. മികച്ച ചിത്രങ്ങൾക്കുള്ള പുരസ്കാരം നേടിയവ സ്ത്രീപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നുവെന്നതും ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി സജി ചെറിയാൻ അധ്യക്ഷതവഹിച്ചു. ജെ.സി. ഡാനിയേൽ പുരസ്കാരവും ടെലിവിഷൻ മേഖലയിൽ നൽകുന്ന ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരവും ഇത്തവണ പ്രത്യേകം ചടങ്ങിൽ നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ചലച്ചിത്ര പുരസ്കാരങ്ങൾ സംബന്ധിച്ച് ചലച്ചിത്ര അക്കാദമി പുറത്തിറക്കിയ പുസ്തകത്തിെൻറ പ്രകാശനം മന്ത്രി പി. രാജീവ് നിർവഹിച്ചു. മന്ത്രി പി. പ്രസാദ് ആദ്യ പ്രതി ഏറ്റുവാങ്ങി.
ഇൻറർനാഷനൽ ഡോക്യുമെൻററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ ലോഗോ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രകാശം ചെയ്തു. കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുൺ ഏറ്റുവാങ്ങി. വി.കെ. പ്രശാന്ത് എം.എൽ.എ, ചലച്ചിത്ര വിഭാഗം ജൂറി ചെയർപേഴ്സൺ സുഹാസിനി മണിരത്നം, രചനവിഭാഗം ജൂറി ചെയർമാൻ ഡോ. പി.കെ. രാജശേഖരൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് എന്നിവർ പങ്കെടുത്തു.
മികച്ച നടനുള്ള പുരസ്കാരം ജയസൂര്യയും നടിക്കുള്ള പുരസ്കാരം അന്ന ബെന്നും സംവിധായകനുള്ള പുരസ്കാരം സിദ്ധാർഥ് ശിവയും ഏറ്റുവാങ്ങി. 35 വിഭാഗങ്ങളിലായി 48 പേർക്ക് മുഖ്യമന്ത്രി പുരസ്കാരങ്ങൾ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.