തിരുവനന്തപുരം സ്റ്റാച്യുവിനടുത്ത ഇടുങ്ങിയൊരു സ്റ്റുഡിയോയിലേക്ക് സത്യനും പ്രേംനസീറും കെ. കരുണാകരനുമൊക്കെ താരഭാരങ്ങളില്ലാതെ സ്ഥിരമായി കയറിവന്നൊരു കാലമുണ്ടായിരുന്നു. എത്രയെത്ര കാമറകൾക്കു മുന്നിൽ നിന്നാലും അവർക്ക് തൃപ്തിയാകണമെങ്കിൽ ആ സ്റ്റുഡിയോക്കാരൻതന്നെ പടമെടുക്കണമായിരുന്നു. അതായിരുന്നു ശിവൻ സാറും ശിവൻസ് സ്റ്റുഡിയോയും. പടമെടുക്കുക മാത്രമല്ല, അവിടെയിരുന്ന് കുറച്ചുനേരം കുശലം പറയാൻ കൂടിയായിരുന്നു ആ സന്ദർശനങ്ങൾ. സ്റ്റുഡിയോയുടെ ചുമരുകളിൽ നിറയെ ശിവൻ സാർ എടുത്ത അവരുടെ അത്യപൂർവ ചിത്രങ്ങളുണ്ടായിരുന്നു. ഇരുളും വെളിച്ചവും ചേർന്നുള്ള അതി മനോഹരമായ െഫ്രയിമുകൾ.
തിരുവനന്തപുരം നഗരത്തിെൻറ ചരിത്രം പൂർത്തിയാവണമെങ്കിൽ അതിൽ ശിവൻസ് സ്റ്റുഡിയോ കൂടി ചേർന്നുനിൽക്കണം. കേരള ചരിത്രത്തിലെ പല മുഖങ്ങളും ശിവൻ സാറിെൻറ കാമറയിൽ പതിഞ്ഞ നിഴലുകളായിരുന്നു. അദ്ദേഹത്തെക്കുറിച്ച് ഒരു കഥ കേട്ടിരുന്നു. ഡൽഹിയിൽ പ്രസ് ഫോേട്ടാഗ്രാഫറായിരിക്കെ, ഒരേസമയം പല കാമറകൾ മാറി മാറിയെടുത്ത് ക്ലിക്ക് ചെയ്യുന്നതുകണ്ട് ജവഹർലാൽ നെഹ്റു പ്രസംഗത്തിനിടെ 'ശിവന് നാല് കൈകളാണല്ലോ'എന്ന് പറഞ്ഞത്രെ. പിറ്റേദിവസം കാർട്ടൂണിസ്റ്റ് ശങ്കർ അത് പത്രത്തിൽ വരച്ചു.
സംഭവബഹുലമായിരുന്നു ശിവൻ സാറിെൻറ ജീവിതം. 1932ൽ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് പടീറ്റതിൽ വീട്ടിൽ ഗോപാലപിള്ളയുടെയും വെട്ടുവിളഞ്ഞതിൽ വീട്ടിൽ ഭവാനിയമ്മയുടെയും ആറു മക്കളിൽ രണ്ടാമനായാണ് ശിവൻ എന്ന ശിവശങ്കരൻ നായർ ജനിച്ചത്. എട്ടു വയസ്സുമുതൽ നാടകത്തോടായിരുന്നു ഭ്രമം. പിന്നെയത് ചിത്രമെഴുത്തിലായി. എന്നാൽ, ചിത്രകല അധ്യാപികയായ അമ്മയുടെ ആഗ്രഹം മകൻ പാട്ടുകാരനാവണമെന്നായിരുന്നു. കാരണം, ചിത്രകല തമ്പുരാക്കന്മാരുടെ കലയാണെന്നാണ് അവർ വിശ്വസിച്ചത്. എന്നാൽ, ശിവൻ വരച്ചുകൊണ്ടേയിരുന്നു. 12ാം വയസ്സിൽ, അമ്മക്ക് ട്രാൻസ്ഫർ ആയപ്പോൾ കുടുംബം തിരുവനന്തപുരത്തേക്ക് കുടിയേറി. അമ്മ കൊട്ടാരത്തിലെ കുട്ടികൾക്ക് ചിത്രമെഴുത്ത് പഠിപ്പിക്കാൻ നിയോഗിക്കപ്പെട്ടു. മണക്കാട് രാമകൃഷ്ണനാശാരി എന്ന പ്രമുഖ ചിത്രകാരൻ ശിവനിലെ പ്രതിഭയെ പ്രോത്സാഹിപ്പിച്ചു. തോപ്പിൽ ഗോപാലൻ നായർ എന്ന എൻജിനീയറും പിന്തുണ നൽകി.
തോപ്പിൽ ഗോപാലൻ നായർ നൽകിയ വെൽറ്റാഫ്ലെക്സ് കാമറകൊണ്ടായിരുന്നു ആദ്യ ചിത്രമെടുത്തത്. തിരുവിതാംകൂർ കൊട്ടാരത്തിൽ അമ്മയോടൊപ്പം േപായ സന്ദർഭത്തിൽ കുതിരപ്പട്ടാളത്തെ നോക്കിയെടുത്ത ക്ലിക്ക്. തുടർന്ന് പഠനത്തോടൊപ്പം ഫോേട്ടാഗ്രഫിയിൽ കൂടുതൽ ശ്രദ്ധനൽകി. 1950ൽ 18ാം വയസ്സിൽ തിരുവിതാംകൂറിലെ ആദ്യ പ്രസ് ഫോേട്ടാഗ്രാഫറായി. ആദ്യ ഇ.എം.എസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചിത്രങ്ങളെടുക്കാനുള്ള അസുലഭ അവസരം അദ്ദേഹത്തിന് മാത്രമായിരുന്നു.
കേരള രാഷ്ട്രീയത്തിലെ പല സുപ്രധാന നിമിഷങ്ങൾക്കും അദ്ദേഹം കാമറ ചലിപ്പിച്ചു. 1959ൽ തിരുവനന്തപുരത്ത് ശിവൻസ് സ്റ്റുഡിയോ സ്ഥാപിച്ചു. ഇതിനിടെ സിനിമയെന്ന സ്വപ്നം മനസ്സിൽ കയറി. 1965ൽ രാമു കാര്യാട്ടിെൻറ 'ചെമ്മീൻ' സിനിമക്ക് ശിവൻ ആയിരുന്നു നിശ്ചല ഛായാഗ്രഹണം. 1972ൽ സ്വപ്നം എന്ന ചിത്രം സംവിധാനംചെയ്ത് അദ്ദേഹം സിനിമലോകത്ത് കൂടുതൽ ശ്രദ്ധേയനായി. ഒരു യാത്ര, കിളിവാതിൽ, കേശു തുടങ്ങിയ സിനിമകളും സംവിധാനം ചെയ്തു. മൂന്നു തവണ ദേശീയ പുരസ്കാരം നേടി.
അച്ഛെൻറ പാത പിന്തുടർന്ന മക്കളും കാമറയുടെ വഴിയിലെത്തി. മകൻ സന്തോഷ് ശിവൻ ഇന്ത്യൻ സിനിമയിലെതന്നെ പ്രശസ്തനായ കാമറാമാനായി. സംഗീത് ശിവൻ അറിയപ്പെടുന്ന സിനിമ സംവിധായകനും. അകാലത്തിൽ വിടവാങ്ങിയ പത്നി ചന്ദ്രമണിയുടെ ഒാർമക്കായി ഒരു ആശ്രമവും വീടിനോടു ചേർന്ന് സ്ഥാപിച്ചിരുന്നു. െഎക്യകേരളം രൂപപ്പെടുന്നതിനു മുമ്പ് കേരളത്തിെൻറ തലസ്ഥാന നഗരിയിൽ കാമറയും തൂക്കിപ്പിടിച്ച് അന്വേഷണ മനസ്സോടെ നടന്ന ചെറുപ്പക്കാരൻ. കേരളരാഷ്ട്രീയത്തിെൻറ ചരി്ത്രം പകർത്തിയ കാമറക്കണ്ണാണ് ഇപ്പോൾ അടഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.