സദസിലിരുന്നവരുടെ വളിച്ച ചിരിയും സന്തോഷവും കണ്ടപ്പോൾ അവജ്ഞ തോന്നി; അപർണ ബാലമുരളി നേരിട്ട മോശം പെരുമാറ്റത്തിൽ പി.കെ ശ്രീമതി

 ലോ കോളജിൽ വെച്ച് നടി അപർണ്ണ ബാലമുരളിക്ക് നേരിടേണ്ടി വന്ന മോശം പെരുമാറ്റത്തിൽ രൂക്ഷ വിമർശനവുമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അധ്യക്ഷ പി.കെ. ശ്രീമതി. വിഡിയോ കാണാൻ വൈകിപ്പോയെന്നും പൊതുവേദിയിൽ അപമര്യാദയായി പെരുമാറിയ സംഭവം സാംസ്കാരിക കേരളത്തിന് തന്നെ അപമാനമാണെന്നും ഫേസ്ബുക്കിൽ കുറിച്ചു.

അപർണ്ണ ബാലമുരളി ലോ കോളജിന്റെ പരിപാടിയിൽ ക്ഷണിക്കപ്പെട്ട്‌ വന്ന ചീഫ് ഗസ്റ്റ് ആയിരുന്നല്ലോ, വേറെ ആരുതന്നെ മുഖ്യാതിഥിയായിരുന്നാലും സ്റ്റേജിൽ വെച്ച്‌ കഴുത്തിലൂടെ കയ്യിടാൻ ആർക്കെങ്കിലും ധൈര്യം വരുമോ എന്നും ചോദിക്കുന്നു. ശക്തമായി പ്രതികരിക്കാൻ അറിയാത്തത്‌ കൊണ്ടാല്ല അപർണ്ണ അപ്പോൾ സൗമ്യമായി പ്രതികരിച്ചത്‌. എന്നാൽ സദസ്സിലിരുന്നവരുടെയെല്ലാം മുഖത്ത്‌ വിരിഞ്ഞ വളിച്ച ചിരിയും സന്തോഷവും കണ്ടപ്പോൾ അവജ്ഞ തോന്നിയെന്നും വിഡിയോ പങ്കുവെച്ച് കൊണ്ട് കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ

അപർണ്ണ ബാലമുരളി ലോ കോളേജിന്റെ പരിപാടിയിൽക്ഷണിക്കപ്പെട്ട്‌ വന്ന ചീഫ് ഗസ്റ്റ് ആയിരുന്നല്ലോ. അതിഥികളും മുഖ്യ സംഘാടകരും നോക്കിനിൽക്കേ ഒരുത്തൻ അപർണ ബാലമുരളിയെ മാനംകെടുത്തി. വേറെ ആരുതന്നെ മുഖ്യാതിഥിയായിരുന്നാലും സ്റ്റേജിൽ വെച്ച്‌ കഴുത്തിലൂടെ കയ്യിടാൻ ആർക്കെങ്കിലും ധൈര്യം വരുമോ? ഇല്ല. പെൺകുട്ടിയോടെന്തും ചെയ്യാം എന്നല്ലേ?

കോളേജിലെ ഔദ്യോഗിക പരിപാടി അലങ്കോലപ്പെടാതിരിക്കാൻ പ്രിയപ്പെട്ട നമ്മുടെ അഭിമാന താരം അപർണ്ണ അത്ഭുതപെടുത്തുന്ന ആത്മസംയമനത്തോടേയും ഔചിത്യ ബോധത്തോടേയുമാണ് നിലപാടെടുത്തത്‌. ശക്തമായി പ്രതികരിക്കാൻ അറിയാത്തത്‌ കൊണ്ടായിരിക്കില്ലല്ലോ അപർണ്ണ അപ്പോൾ സൗമ്യമായി പ്രതികരിച്ചത്‌. എന്നാൽ സദസ്സിലിരുന്നവരുടെയെല്ലാം മുഖത്ത്‌ വിരിഞ്ഞ വളിച്ച ചിരിയും സന്തോഷവും കണ്ടപ്പോൾ അവജ്ഞ തോന്നി.

ഒന്ന് വിളിച്ച്‌ താക്കീത്‌ ചെയ്യാനെങ്കിലും ഒരാൾക്കും തോന്നിയില്ല എന്നത്‌ സ്ത്രീയോടുള്ള സമൂഹത്തിന്റെ വികലമായ മനോഭാവമാണ് പ്രതിഫലിപ്പിക്കുന്നത്‌. എന്നുമാത്രമല്ല പുരാണത്തിലെ പാഞ്ചാലിക്കുണ്ടായ ദുരനുഭവത്തെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. അപർണ ബാലമുരളിയോട് പൊതുവേദിയിൽ അപമര്യാദയായി പെരുമാറിയ സംഭവം സാംസ്കാരിക കേരളത്തിന് അപമാനമാണ്.

ക്ഷണിച്ചു വരുത്തിയ അതിഥിയെ അപമാനിച്ചത് സമൂഹത്തിൽ നീതിയും നിയമ പരിരക്ഷയും ഉറപ്പാക്കേണ്ട കുട്ടികൾ പഠിക്കുന്ന കലാലയത്തിൽ വച്ചാണെന്നത് ഗൗരവമുള്ള വിഷയമാണ്. സാമൂഹ്യ മര്യാദയും, പുലർത്തേണ്ട വിവേകവും ചില സന്ദർഭങ്ങളിൽ ചിലരൊക്കെ മറന്നുപോകുന്നതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിനു പിന്നിൽ.

പൊതു ഇടങ്ങളിൽ പാലിക്കേണ്ട ഉന്നതമായ സാമൂഹ്യബോധം ഒരിടത്തും ലംഘിക്കപ്പെടരുത്. സമൂഹത്തിൽ ചിലർ പുലർത്തിപ്പോരുന്ന സ്ത്രീ വിരുദ്ധ മനോഭാവത്തിന്റെ ആഴം സംഭവം വ്യക്തമാക്കുന്നു. അപർണ ഉയർത്തിപ്പിടിച്ച ഉന്നത സാമൂഹ്യ ബോധവും പക്വതയും എടുത്തു പറയേണ്ടതാണ്. ഇത്തരം സംഭവങ്ങൾ തുടരാൻ ഇടയാക്കുന്നത് മലയാളികളുടെ നിസംഗതയാണ്.

മറ്റുള്ളവരുടെ വേദന തന്റെതു കൂടിയാണെന്ന തിരിച്ചറിവ് ഉണ്ടാകുമ്പോഴാണ് പ്രതികരിക്കാനും പ്രതിഷേധിക്കാനും കഴിയുക. സ്ത്രീവിരുദ്ധ മനോഗതി വച്ചുപുലർത്തുന്നവരോട് മഹാകവി ഒ.എൻ.വിയുടെ ‘ഗോതമ്പുമണികൾ’ എന്ന കവിതയിലെ വരികളേ ഓർമിപ്പിക്കാനുള്ളൂ ‘മാനം കാക്കുന്ന ആങ്ങളമാരാകണം… അതിനു കഴിയാതെ പോകുന്നവരെ നിലക്കു നിർത്താനുള്ള ആർജ്ജവവും അവബോധവും സമൂഹത്തിനാകെ വേണം. മാറണം മാറ്റണം മനോഭാവം സ്ത്രീകളോട്‌.’ (വീഡിയോ കാണാൻ വൈകി )


Tags:    
News Summary - P.K sreemathi Slams about Aparna balamurali misbehavior Issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.