പ്രഖ്യാപനം മുതൽ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായ ചിത്രമായിരുന്നു പ്രഭാസ് പ്രധാന വേഷത്തിൽ എത്തുന്ന ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ സെയ്ഫ് അലിഖാൻ, കൃതി സിനോൺ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ആയോധ്യയിൽ വെച്ചായിരുന്നു ടീസർ റിലീസ് ചെയ്തത്. പുറത്ത് ഇറങ്ങിയ ടീസറിനെതിരെ വലിയ വിമർശനങ്ങളും ട്രോളുകളുമാണ് ഉയരുന്നത്. വി.എഫ്. എക്സിന് ഏറെ പ്രധാന്യം നൽകി കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
കാർട്ടൂണിന് വെല്ലുന്ന ഗ്രാഫിക്സ് എന്നാണ് ടീസറിനെ കുറിച്ച് ആരാധകർ പറയുന്നത്. കൂടാതെ രാവണനായി എത്തുന്ന സെയ്ഫ് അലിഖാന്റെ ഗെറ്റപ്പും പ്രേക്ഷകരുടെ ഇടയിൽ വലിയ വിമർശനം സൃഷ്ടിച്ചിട്ടുണ്ട്. നടൻ അവതരിപ്പിക്കുന്നത് രാവണനെയാണോ ഖിൽജിയെയാണോ എന്നാണ് ആരാധകരുടെ സംശയം. ടീസർ കാണുമ്പോൾ കാർട്ടൂൺ കാണുന്ന പ്രതീതിയാണെന്നും പ്രേക്ഷകർ വിമർശിക്കുന്നുണ്ട്. 3ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്.
തൻഹാജി; ദ അൺസങ് വാരിയറിന് ശേഷം ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദിപുരുഷ്. 500 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ 250 കോടിയും വി. എഫ്. എക്സിന് വേണ്ടിയാണ് ചെലവഴിച്ചിരിക്കുന്നത്. 120 കോടിയാണ് പ്രഭാസിന്റെ പ്രതിഫലം.
ടി- സീരിയസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ ചിത്രമാണിത്. 2023 ജനുവരിയിലാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.